ഇന്ത്യയുടെ എഫ്ഡിഐ പ്രതീക്ഷകള്‍ വീണ്ടും മൗറീഷ്യസില്‍

ഇന്ത്യയുടെ എഫ്ഡിഐ പ്രതീക്ഷകള്‍ വീണ്ടും മൗറീഷ്യസില്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഏറ്റവും വലിയ ഉറവിടമായി മൗറീഷ്യസ് തുടരും. ഇന്ത്യ-മൗറീഷ്യസ് നികുതി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടലുകള്‍. 1983ലാണ് നികുതി സംബന്ധിച്ച ഉടമ്പടി ഇന്ത്യയും മൗറീഷ്യസും ഒപ്പുവെക്കുന്നത്. മുപ്പതിലധികം വര്‍ഷം പഴക്കം വരുന്ന ഈ ഉടമ്പടി കഴിഞ്ഞ മെയ് മാസത്തില്‍ ഭേദഗതി ചെയ്യുകയും ചെയ്തു്. നിക്ഷേപത്തിന്മേലുള്ള മൂലധന നേട്ടത്തിന് നികുതി ആനുകൂല്യം പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഇന്ത്യ-മൗറീഷ്യസ് നികുതി ഉമ്പടിയില്‍ ഭോദഗതി വരുത്തിയത്.

ആദ്യ ഉടമ്പടി ഇരട്ട നികുതി ഒഴിവാക്കികൊണ്ടുള്ളതായിരുന്നു. ഇത് ഇന്ത്യയ്ക്കും മൗറീഷ്യസിനും ഒരു പോലെ ഗുണം ചെയ്തിരുന്നു. കാരണം മറ്റു രാജ്യങ്ങളില്‍ നിന്നും മൗറീഷ്യസ് വഴി ധാരാളം നിക്ഷേപം ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഇത്തരത്തില്‍ എല്ലാ കാലത്തും മൗറീഷ്യസും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ശക്തമായിരുന്നു. ഇന്ത്യ-മൗറീഷ്യസ് ബന്ധം തുടര്‍ന്നും ദൃഢമായിരിക്കുമെന്ന സൂചനയാണ് മൗറീഷ്യസ് പ്രധാനമന്ത്രി സര്‍ അനിരൂദ്ധ് ജുഗ്നൗതും പങ്കുവച്ചത്. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിനുവേണ്ടിയാണ് എല്ലാം ചെയ്യുന്നതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

സാമ്പത്തികവും നയതന്ത്രപരവുമായ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇന്ത്യയുടെയും മൗറീഷ്യസിന്റെയും മുന്നേറ്റത്തിനു വഴിയൊരുക്കും. ഇതിലൂടെ ഇന്ത്യയില്‍ നിന്നും ധാരാളം നിക്ഷേപം മൗറീഷ്യസിലെത്തിയിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാനുള്ള കാരണങ്ങളുമില്ലെന്നും അനിരൂദ്ധ് ജുഗ്നൗത പ്രതികരിച്ചു.

പഴയ നികുതി ഉടമ്പടിയില്‍ ഭേദഗതി വരുത്താനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ തീരുമാനത്തില്‍ മൗറീഷ്യസിനു മറ്റൊരു അഭിപ്രായമുണ്ടായിരുന്നില്ലെന്നും എന്നാല്‍ സഹകരണത്തില്‍ കൂടുതല്‍ മുന്നോട്ടുപോകുന്നതിനായി ഇന്ത്യയുമായി ചര്‍ച്ച നടത്തി വരികയാണെന്നും അനിരൂദ്ധ് ജുഗ്നൗത് പറഞ്ഞു. ഉടമ്പടിയില്‍ ഭേദഗതി വന്നത് മൗറീഷ്യസിന്റെ നേട്ടങ്ങളെ ഇല്ലാതാക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. പുതിയ ഉടമ്പടിയുടെ കാര്യത്തില്‍ ചര്‍ച്ച തുടരുകയാണെന്നും അന്തിമ തീരുമാനം എന്തായിരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും ജുഗ്നൗത് പറഞ്ഞു.

മൗറീഷ്യസില്‍ നിന്നെത്തുന്ന നിക്ഷേപത്തിന് ഇന്ത്യ നല്‍കുന്ന നികുതിയിളവ് മുതലെടുത്ത് നിരവധിപ്പേര്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് ശ്രമിക്കുന്നതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2016ല്‍ ഇതുവരെ ഇന്ത്യയില്‍ എത്തിയ നിക്ഷേപത്തില്‍ 21 ശതമാനം മൗറീഷ്യസില്‍ നിന്നാണ്. ഇന്ത്യന്‍ ഓഹരി വിപണികളിലെ നിക്ഷേപത്തില്‍ 28 ശതമാനം മൗറീഷ്യസില്‍ നിന്നാണ്.

Comments

comments

Categories: Business & Economy