മെസ്സിയെ റാഞ്ചാന്‍ 247 മില്യണ്‍ ഡോളറുമായി മാഞ്ചസ്റ്റര്‍ സിറ്റി

മെസ്സിയെ റാഞ്ചാന്‍ 247 മില്യണ്‍ ഡോളറുമായി മാഞ്ചസ്റ്റര്‍ സിറ്റി

 

ലണ്ടന്‍: സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസ്സിയെ സ്വന്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റി ശക്തിപ്പെടുത്തിയതായി സൂചന. ലയണല്‍ മെസ്സിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കുന്നതിനായി 247 മില്യണ്‍ ഡോളര്‍ മുടക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചതായി ചില അന്താരാഷ്ട്ര പത്രങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനും ബാഴ്‌സലോണയുടെ മുന്‍ കോച്ചുമായ പെപ് ഗ്വാര്‍ഡിയോളയാണ് മെസ്സിയെ ടീമിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നാണറിവ്. അര്‍ജന്റൈന്‍ താരത്തോട് വ്യക്തിപരമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് ഗ്വാര്‍ഡിയോള. ബാഴ്‌സയുമായുള്ള കരാര്‍ മെസ്സി പുതുക്കില്ലെന്ന മുമ്പ് പുറത്തുവന്ന വാര്‍ത്തകളും താരത്തെ ആകര്‍ഷിക്കാന്‍ മറ്റ് ടീമുകളെ പ്രേരിപ്പിക്കുന്നുണ്ട്.

മാഞ്ചസ്റ്റര്‍ സിറ്റി മുന്നോട്ട് വെച്ചിരിക്കുന്ന ഏകദേശം 841 കോടി ഇന്ത്യന്‍ രൂപയുടെ ഓഫര്‍ മെസ്സി സ്വീകരിക്കുകയാണെങ്കില്‍ ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്ക് വേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെലവഴിച്ച പ്രീമിയര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ തുകയുടെ റെക്കോര്‍ഡ് പഴങ്കഥയാകും. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ടീമുകളും ഫ്രഞ്ച് ക്ലബായ പാരിസ് സെന്റ് ജെര്‍മെയ്‌നും മെസ്സിക്ക് വേണ്ടി രംഗത്തുണ്ട്.

കോപ അമേരിക്ക ടൂര്‍ണമെന്റിന് ശേഷം ഇബിസയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുമ്പോള്‍ മെസ്സി ബാഴ്‌സലോണയുമായി കരാര്‍ പുതുക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായി ഒരു സ്പാനിഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് മെസ്സിയുടെ പിതാവ് ഇക്കാര്യം ബാഴ്‌സലോണ ക്ലബ് പ്രസിഡന്റ് ജോസഫ് മാരിയ ബര്‍ത്തേമയെ അറിയിക്കുകയും ചെയ്തുവെന്നാണ് വിവരം.

അതേസമയം, കരാര്‍ തുകയില്‍ 250 മില്യണ്‍ യൂറോയുടെ നഷ്ടമുണ്ടാകുമെന്ന് ബര്‍ത്തേമയും താരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂലൈ മുതല്‍ ബാഴ്‌സലോണയുമായി മെസ്സി പുതിയ കരാറിലേര്‍പ്പെടാത്തത് താരത്തിന്റെ കൂടുമാറ്റ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 13-ാം വയസില്‍ ബാഴ്‌സലോണയില്‍ എത്തിയ മെസ്സിക്ക് ബാഴ്‌സലോണയുമായുള്ള കരാര്‍ കാലാവധി 2018 വരെയാണ്.

Comments

comments

Categories: Sports

Write a Comment

Your e-mail address will not be published.
Required fields are marked*