ലോജിസ്റ്റിക്‌സ് ബിസിനസ് ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കെടിസി ഗ്രൂപ്പ്

ലോജിസ്റ്റിക്‌സ് ബിസിനസ് ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കെടിസി ഗ്രൂപ്പ്

 

കൊച്ചി: കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍(കെടിസി ) ഗ്രൂപ്പ് തങ്ങളുടെ ലോജിസ്റ്റികസ് വിഭാഗത്തിന്റെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നു. ഇതു വഴി ഏകദേശം 150 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനാണ് പദ്ധതി. ഓഹരി വിലയ്ക്ക് വാങ്ങാന്‍ അനുയോജ്യരായവരെ കണ്ടെത്താന്‍ ചെന്നൈ ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിനെ ഗ്രൂപ്പ് ചുമതലപ്പെടുത്തിയതായാണ് അറിയുന്നത്. കെടിസി ഗ്രൂപ്പിന്റെ ലോജിസ്റ്റിക്‌സ് ബിസിനസിന് ഏകദേശം 600 കോടി രൂപ മൂല്യം വരുമെന്നാണ് കരുതുന്നത്. സ്ഥാപകനായ പി വി സ്വാമിയുടെ പുത്രന്‍മാരായ പി വി ചന്ദ്രന്‍, പി വി ഗംഗാധരന്‍, ചെറുമകന്‍ പി വി നിതീഷ് എന്നിവരാണ് ഇപ്പോള്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്.

1958 ല്‍ പ്രവര്‍ത്തനമാരംഭിച്ച കെടിസി ഗ്രൂപ്പ് ഇന്ത്യയിലെ മികച്ച അഞ്ചു റോഡ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സുകളില്‍ ഒന്നാണ്. 1,00- ലധികം ട്രക്കുകളും 75 ബസുകളുമാണ് ഗ്രൂപ്പിനുള്ളത്. കെടിസിയുടെ വരുമാനത്തിന്റെ സിംഹഭാഗവും ലോജസ്റ്റിക് ബിസിനസില്‍ നിന്നാണ് ലഭിക്കുന്നത്. ആരോഗ്യപരിപാലനം, പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ്, പ്ലാന്റേഷന്‍സ്, സോഫ്റ്റ്‌വെയര്‍, പബ്ലിഷിംഗ്, വിദ്യാഭ്യാസം, ഭക്ഷ്യസംസ്‌കരണം, സിനിമാ നിര്‍മ്മാണം, ഓട്ടോമൊബീല്‍ വിതരണം എന്നീ മേഖലകളിലും ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. പ്രുഖ ദിനപത്രമായ മാതൃഭൂമിയുടെ പ്രസിദ്ധീകരണ സ്ഥാപനമായ മാതൃഭൂമി പ്രിന്റിംഗ് ആന്‍ഡ് പബ്ലീഷിംഗ് കോ ലിമിറ്റഡില്‍ ഗ്രൂപ്പിന് വ്യക്തമായ ഓഹരി പങ്കാളിത്തമുണ്ട്.

ജോണെസ് ലാങ്ക് ലാസല്ലെ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യയുടെ റിപ്പോര്‍ട്ടനുസരിച്ച് 2020 ആകുന്നതോടെ ഇന്ത്യയിലെ ചരക്കുനീക്ക-സംഭരണ വിപണി 200 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഈ അടുത്ത കാലത്ത് വിദേശ നിക്ഷേപകരെയും പ്രൈവറ്റ് ഇക്വറ്റി സ്ഥാപനങ്ങളെയും ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായിട്ടുണ്ട്.

 

Comments

comments

Categories: Branding