പഴകിയ വെടിക്കോപ്പുകള്‍ നശിപ്പിക്കാന്‍ ഇന്ത്യന്‍ ആര്‍മി സൗരോര്‍ജ്ജം ഉപയോഗിക്കും

പഴകിയ വെടിക്കോപ്പുകള്‍ നശിപ്പിക്കാന്‍ ഇന്ത്യന്‍ ആര്‍മി സൗരോര്‍ജ്ജം ഉപയോഗിക്കും

 

ന്യൂ ഡെല്‍ഹി : പഴയ പടക്കോപ്പുകള്‍ നശിപ്പിക്കുന്നതിന് ഇന്ത്യന്‍ കരസേന ഇനി സൗരോര്‍ജ്ജം ഉപയോഗിക്കും. പരമ്പരാഗതമായി നിശ്ചിത പ്രദേശത്തോ ഫയറിംഗ് റെയ്ഞ്ചുകളില്‍ വെച്ച് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് പഴയ യുദ്ധോപകരണങ്ങള്‍ നശിപ്പിച്ചിരുന്നത്. കരസേനയുടെ മഹാരാഷ്ട്ര പുല്‍ഗാംവിലെ സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോ അധികൃതരാണ് പഴയ യുദ്ധസാമഗ്രികള്‍ നശിപ്പിക്കുന്നതിന് സൗരോര്‍ജ്ജ രീതി വികസിപ്പിച്ചെടുത്തത്. നിലവില്‍ രാജ്യത്ത് പഴയ പടക്കോപ്പുകള്‍ നശിപ്പിക്കുന്നത് ഒട്ടും ചെലവ് കുറഞ്ഞതോ പരിസ്ഥിതി സൗഹൃദമോ അല്ലെന്നുള്ളതിനാല്‍ പുതിയ സംവിധാനത്തിന് വളരെയധികം പ്രസക്തിയാണുള്ളത്.

ലോകത്തുതന്നെ ഇതാദ്യമായാണ് പഴയ യുദ്ധോപകരണങ്ങള്‍ നശിപ്പിക്കുന്നതിന് സൗരോര്‍ജ്ജം ഉപയോഗിക്കുന്നത്. കോണ്‍സെന്‍ട്രേറ്റഡ് സോളാര്‍ ടെക്‌നോളജി (സിഎസ്ടി) എന്ന നൂതനരീതിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന നീരാവി ആയുധങ്ങളിലെ ഷെല്ലുകള്‍ക്കകത്തെ സ്‌ഫോടക വസ്തുക്കള്‍ ഉരുക്കും. സിഎസ്ടി പ്രകാരം സൗരോര്‍ജ്ജമുപയോഗിച്ച് വെള്ളത്തെ നീരാവിയാക്കി മാറ്റുന്നതിന് വലിയ കണ്ണാടികളും ആവശ്യമായി വരും. എണ്‍പത് ഡിഗ്രി സെല്‍ഷ്യസ് മെല്‍റ്റിംഗ് പോയിന്റുള്ള ട്രൈ നൈട്രോ ടൊളുവിന്‍ (ടിഎന്‍ടി) അടങ്ങിയ മീഡിയം-ഹൈ കാലിബ്ര്‍ തോക്കുകള്‍ വരെ ഇത്തരത്തില്‍ നീരാവി ഉപയോഗിച്ച് നശിപ്പിക്കാന്‍ കഴിയും.

വെടിക്കോപ്പുകള്‍ നശിപ്പിക്കുകയെന്നത് വളരെ സമയമെടുക്കുന്നതും ആയാസമേറിയതുമായ പ്രക്രിയയാണ്. ഇതിന് ഒഴിഞ്ഞ സ്ഥലവും ആവശ്യത്തിന് ജീവനക്കാരും വേണം. ലോകത്തിലെതന്നെ ഏറ്റവും വലിയ ആയുധശാലകളിലൊന്നാണ് പുല്‍ഗാംവിലെ സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോ. പടക്കോപ്പുകള്‍ കരുതല്‍ ശേഖരമായി സൂക്ഷിക്കുന്നത് കൂടാതെ കാലാവധി കഴിഞ്ഞ വെടിക്കോപ്പുകള്‍ നശിപ്പിക്കുന്നതും ഈ ഡിപ്പോയുടെ ചുമതലയാണ്.

പഴയ വെടിക്കോപ്പുകള്‍ സുരക്ഷിതമായി ഒഴിവാക്കുന്നതിന് ആഗോളതലത്തില്‍ ലഭ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് രാജ്യത്ത് അഞ്ചിടങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് പ്രതിരോധ മന്ത്രാലയം പദ്ധതി തയാറാക്കുന്നത്. ഫ്രഞ്ച് കമ്പനിയായ നെക്‌സ്റ്റെറിന്റെ ഉപകമ്പനിയായ സിമ്മല്‍ ഡിഫെസ, സെര്‍ബിയയിലെ യുഗോഇംപോര്‍ട്ട് എന്നീ കമ്പനികളോട് ഇതിനായി ഇന്ത്യ സഹകരണം തേടിയിട്ടുണ്ട്.

Comments

comments

Categories: Trending