ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

 

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് മികച്ച വിജയം. 246 റണ്‍സിന്റെ മേല്‍ക്കോയ്മ നേടിയാണ് ആതിഥേയര്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. 405 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയ ഇറങ്ങിയ ഇംഗ്ലണ്ട് കേവലം 158 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. സ്‌കോര്‍-ടീം ഇന്ത്യ: 455&204, ഇംഗ്ലണ്ട്: 255&158.

രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവിചന്ദ്ര അശ്വിനും ജയന്ദ് യാദവും രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരുമാണ് ടീം ഇന്ത്യയ്ക്ക് വലിയ ജയം സമ്മാനിച്ചത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി യഥാക്രമം 167, 81 റണ്‍സ് വീതമെടുത്ത ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് കളിയിലെ താരം. ഇതോടെ, അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ടീം ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

മത്സരത്തിന്റെ അവസാന ദിനത്തില്‍ രണ്ട് വിക്കറ്റിന് 81 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് തുടര്‍ച്ചയായി ബാക്കിയുള്ള വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയായിരുന്നു. സ്‌കോര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ ബെന്‍ ഡക്കറ്റിനെ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ച് അശ്വിനാണ് അഞ്ചാം ദിനത്തിലെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.

അധികം വൈകാതെ രണ്ട് റണ്‍സുമായി മൊയീന്‍ അലിയും പുറത്തായി. ജഡേജയുടെ പന്തില്‍ കോഹ്‌ലിക്ക് ക്യാച്ച് നല്‍കിയായിരുന്നു മൊയീന്‍ അലിയുടെ മടക്കം. പിന്നീട്, ഇംഗ്ലണ്ട് താരങ്ങളുടെ പ്രതീക്ഷയായിരുന്ന ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവര്‍ യഥാക്രമം ആറ്, 25 റണ്‍സ് വീതമെടുത്ത് മടങ്ങി. സ്റ്റോക്‌സിനെ ജയന്ദ് യാദവും ജോ റൂട്ടിനെ മുഹമ്മദ് ഷമിയുമാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.

തുടര്‍ന്ന്, നാല് റണ്‍സ് നേടിയ ആദില്‍ റഷീദിനെയും ഷമി മടക്കി അയച്ചു. പിന്നീട് അശ്വിന്റെ പന്തില്‍ സംപൂജ്യനായി അന്‍സാരിയും പുറത്തായതോടെ ടീം ഇന്ത്യ വിജയമുറപ്പിച്ചു. അധികം വൈകാതെ തന്നെ ആന്‍ഡേഴ്‌സണ്‍ (0), ബ്രോഡ് (5) എന്നിവരെ അരങ്ങേറ്റ താരം ജയന്ദ് യാദവ് എല്‍ബിഡബ്യുവിലും കുടുക്കി. 34 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോ ഇംഗ്ലണ്ട് നിരയില്‍ പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ടീം ഇന്ത്യ 204 റണ്‍സിന് ഓള്‍ ഔട്ടായതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 405 റണ്‍സായി നിശ്ചയിക്കപ്പെടുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 204 റണ്‍സ് മാത്രമേ ടീം ഇന്ത്യയ്ക്ക് നേടാനായുള്ളൂ. സ്റ്റുവാര്‍ട്ട് ബ്രോഡ്, ആദില്‍ റഷീദ് എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗാണ് ടീം ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

81 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ് രണ്ടാം ഇന്നിംഗ്‌സിലെ ഇന്ത്യന്‍ ടോപ് സ്‌കോറര്‍. അവസാന വിക്കറ്റില്‍ അരങ്ങേറ്റ താരം ജയന്ദ് യാദവും (27) മുഹമ്മദ് ഷമിയും (19) 42 റണ്‍സ് ചേര്‍ത്തതാണ് രണ്ടാം ഇന്നിംഗ്‌സില്‍ ടീം ഇന്ത്യയെ 200 കടക്കാന്‍ സഹായിച്ചത്. 26 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയാണ് രണ്ടാം ഇന്നിംഗ്‌സില്‍ അല്പമെങ്കിലും പിടിച്ചുനിന്ന മറ്റൊരു ബാറ്റ്‌സ്മാന്‍.

അതേസമയം, ഒന്നാം ഇന്നിംഗ്‌സില്‍ ടീം ഇന്ത്യ 455 റണ്‍സെന്ന മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു. വിരാട് കോഹ്‌ലിയുടെയും ചേതേശ്വര്‍ പൂജാരയുടേയും സെഞ്ച്വറികളാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആര്‍ അശ്വിന്‍ ഒന്നാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടി. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 255 റണ്‍സായിരുന്നു സ്‌കോര്‍ ചെയ്തത്.

Comments

comments

Categories: Sports