ഫിസാറ്റിന് ദേശീയ അംഗീകാരം

ഫിസാറ്റിന് ദേശീയ അംഗീകാരം

അങ്കമാലി: കേന്ദ്ര സര്‍ക്കാരിന്റെയും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെയും ഐഐടി ബോംബെയുടേയും ദേശീയ നോഡല്‍ സെന്ററായി അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിംഗ് കൊളേജിനെ തെരഞ്ഞെടുത്തു. റോബോട്ടിക്‌സ്‌,
എംബഡസ് സിസ്റ്റം എന്നിവയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുന്നതിന് കേരളത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു എന്‍ജിനീയറിംഗ് കോളേജിനെ തെരഞ്ഞെടുക്കുന്നത്. ഇ-യന്ത്രയെന്നു പേരിട്ടിരിക്കുന്ന പ്രോജക്ടില്‍ ഫിസാറ്റ് പങ്കാളിയാകും. പദ്ധതിയോടനുബന്ധിച്ച് ആദ്യഘട്ടമെന്ന നിലയില്‍ 24, 25 തീയതികളില്‍ ദേശീയ ശില്‍പശാല സംഘടിപ്പിക്കും. ദേശീയതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന കൊളേജുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എംബേഡ്സ് സിസ്റ്റം, മെഷ്യന്‍ ലേണിംഗ് റോബോട്ടിക്സ് തുടങ്ങിയവയില്‍ ഐ ഐ ടി മുംബൈയില്‍ നിന്നുള്ള അദ്ധ്യാപകര്‍ ഫിസാറ്റില്‍ പരിശീലനം നല്‍കും.

റോബോട്ടിക്സിലും എംബഡസ് സിസ്റ്റത്തിലും പരിചിതരായ അധ്യാപകരുടെ കഴിവും അതിനായി കോളെജില്‍ ക്രമീകരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും പരിഗണിച്ചാണ് ഫിസാറ്റിനെ പദ്ധതിയ്ക്കായി തെരഞ്ഞെടുത്തത്. പരിപാടിയുടെ ഭാഗമായി ഗവേഷണത്തിനും തുടര്‍പഠനങ്ങള്‍ക്കുമായി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് കൊളേജില്‍ ഇ-യന്ത്ര നോഡല്‍ സെന്റര്‍ തുറക്കുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ വൈസ് പ്രസിഡന്റും ദേശീയമേധാവിയുമായ ദിനേശ് പി തമ്പി ശില്‍പശാലയും ഇ-യന്ത്ര നോഡല്‍ സെന്ററും ഉദ്ഘാടനം ചെയ്യും. ഫിസാറ്റ് കൊളേജ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഐഐടി ബോംബെയില്‍ നിന്നുള്ള ഇ-യന്ത്ര പ്രോജക്ട് മാനേജര്‍ ഡോ. കൃഷ്ണ ലാല, ടാറ്റ കണ്‍സള്‍ട്ടന്‍സി അക്കാദമിക് റിലേഷന്‍ഷിപ്പ് മാനേജര്‍ ഡോ. റീജ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

ദേശീയ തലത്തില്‍ നിന്നു 15 കോളെജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കും. എകലവ്യ, സ്പോക്കണ്‍ ട്യൂട്ടോറിയല്‍ തുടങ്ങിയ ഐഐടി ബോംബെയുടെ പ്രോജക്റ്റുകളില്‍ ഫിസാറ്റ് പങ്കാളിയായിരുന്നു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ്ജ് ഐസക്ക്, അക്കാഡമിക് ഡയറക്റ്റര്‍ ഡോ. കെ എസ് എം പണിക്കര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി ഷീല, ഡീന്‍ ഡോ. സണ്ണി കുര്യാക്കോസ് പ്രൊഫ. ബിജോയി വര്‍ഗ്ഗീസ്, പ്രൊഫ. സി മഹേഷ് എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും.

Comments

comments

Categories: Branding