കണ്ടന്റ് പങ്കുവയ്ക്കല്‍: സെന്‍ട്രല്‍ പാര്‍ട്ണര്‍ഷിപ്പുമായി ഇറോസ് കൈകോര്‍ക്കുന്നു

കണ്ടന്റ് പങ്കുവയ്ക്കല്‍: സെന്‍ട്രല്‍  പാര്‍ട്ണര്‍ഷിപ്പുമായി ഇറോസ് കൈകോര്‍ക്കുന്നു

മുംബൈ: ഇന്ത്യന്‍ ഫിലിം സ്റ്റുഡിയോ ഇറോസ് ഇന്റര്‍നാഷണല്‍ റഷ്യന്‍ ചലച്ചിത്ര നിര്‍മാണ, വിതരണ കമ്പനിയായ സെന്‍ട്രല്‍ പാര്‍ട്ണര്‍ഷിപ്പു (സിപി) മായി കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യയിലെയും റഷ്യയിലെയും കണ്ടന്റുകള്‍ പ്രോത്സാഹിപ്പിക്കുകയും വിതരണം ചെയ്യുകയുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലും റഷ്യയിലുമുള്ള സിനിമകളുടെ വിതരണത്തിനും ഇരു കമ്പനികള്‍ക്കും തങ്ങളുടെ വിപണികളില്‍ അവരവരുടെ ഉടമസ്ഥതയിലുള്ള ബൗദ്ധിക സ്വത്തവകാശം പരമാവധി പ്രയോജനപ്പെടുത്താനും പുതിയ സഹകരണം സഹായിക്കും. കൂടാതെ, പുതിയ സ്ഥലങ്ങളിലേക്ക് രണ്ട് കമ്പനികള്‍ക്കും വിപണി തുറക്കുന്നതിനും കരാര്‍ പ്രയോജനപ്പെടും.

കരാര്‍ പ്രകാരം, ഇറോസ് ഫിലിം ലൈബ്രറിയിലുള്ള സിനിമകള്‍ സിപി റഷ്യന്‍ ഭാഷയില്‍ മൊഴിമാറ്റം നടത്തും. റഷ്യയിലും സിഐഎസി (കോമണ്‍വെല്‍ത്ത് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ്) ലും കമ്പനിക്കു കൂടുതല്‍ പ്രേക്ഷകരെ ലഭിക്കുന്നതിന് ഇത് സഹായിക്കും. ഇറോസിന് തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഈ മൊഴിമാറ്റ കണ്ടന്റുകള്‍ ഉപയോഗപ്പെടുത്താനുമാകും. റഷ്യന്‍ വിപണി പ്രവേശനത്തോടെ ആഗോള തലത്തില്‍ അതിശക്തമായ സ്ഥാനം നേടിയെടുക്കാന്‍ ഇറോസിന് കഴിയും. സെന്‍ട്രല്‍ പാര്‍ട്ണര്‍ഷിപ്പുമായി സഹകരിക്കുന്നതില്‍ അതീവ സന്തുഷ്ടരാണ്-ഇറോസ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സിഇഒ ജ്യോതി ദേശ്പാണ്ഡെ പറഞ്ഞു. റഷ്യയിലെ ആഭ്യന്തര വിപണി സാധ്യതകള്‍ നിറഞ്ഞതാണ്. പ്രാദേശിക പ്രേക്ഷകരില്‍ നിന്നുള്ള ഡിജിറ്റല്‍ ഉപഭോഗ വര്‍ധനയും പ്രതീക്ഷ നല്‍കുന്നു. ഇരു രാജ്യങ്ങളിലുമുള്ള പ്രേക്ഷകര്‍ക്കായി ഉന്നത ഗുണമേന്മയുള്ളതും വ്യത്യസ്തമായതുമായ കണ്ടന്റുകള്‍ നല്‍കാന്‍ വലിയ അവസരമാണ് മുന്നിലുള്ളത്-അവര്‍ വ്യക്തമാക്കി.
സാറ്റ്‌ലൈറ്റ് പേ ടിവിയുടെ വളര്‍ച്ച പ്രീമിയം ഡിജിറ്റല്‍ ടെലിവിഷന്‍ കണ്ടന്റുകള്‍ക്ക് റഷ്യയില്‍ ആവശ്യമുയരുന്നതിന് കാരണമായിട്ടുണ്ട്. ഇറോസ് ഇന്ത്യന്‍ ടെലിവിഷനിലൂടെ സിപി മീഡിയയുടെ സിനിമകള്‍ വിതരണം ചെയ്യുമ്പോള്‍, ഇന്ത്യന്‍ സിനിമകള്‍ കാണിക്കുന്നതിന് സിപി സൗജന്യ ചാനലുകളെ സമീപിക്കും.
റഷ്യയിലും സിഐഎസിലും ഇറോസിന്റെ ഒടിടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഇറോസ് നൗ ലോഞ്ച് ചെയ്യുന്നതിനും പുതിയ സഹകരണം വഴിയൊരുക്കും.
ഇറോസുമായുള്ള നിര്‍ണായക പങ്കാളിത്തം ഇരു കമ്പനികളുടെയും ആഗോള തലത്തിലെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ഇന്ത്യയില്‍ നിന്നുള്ള കണ്ടന്റുകള്‍ റഷ്യയിലും തിരിച്ചും ലഭ്യമാകും. ആഭ്യന്തര വിപണികളില്‍ നിന്നുള്ള നേട്ടം പരസ്പരം പങ്കുവയ്ക്കാനാണ് നിലവിലെ തീരുമാനം-സെന്‍ട്രല്‍ പാര്‍ട്ണര്‍ഷിപ്പ് സിഇഒ പാവല്‍ സ്റ്റെപനോവ് പറഞ്ഞു.

Comments

comments

Categories: Movies