മൊബീല്‍ ബാങ്കിംഗ് വ്യാപകമാക്കണം

മൊബീല്‍ ബാങ്കിംഗ്  വ്യാപകമാക്കണം

കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പൊടുന്നനെ അസാധുവാക്കിയതിനെ തുടര്‍ന്ന് വലിയ ദുരിതത്തിലായത് ഗ്രാമീണ ഇന്ത്യയിലെ ജനങ്ങളാണ്. നഗരങ്ങളിലുള്ളവര്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ ബാങ്കിംഗിലൂടെയും ഇടപാടുകള്‍ നടത്തി വലിയ ബുദ്ധിമുട്ടനുഭവിക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ എടിഎമ്മുകളില്‍ 100 രൂപ നോട്ടുകള്‍ പോലും കിട്ടാതായതോടെ സാധാരണ ഇടപാടുകള്‍ക്ക് പോലും പണമില്ലാതെ കടുത്ത ദുരിതത്തിലായി ഗ്രാമങ്ങളിലെ ജനങ്ങള്‍.

കാഷ് പേയ്‌മെന്റോ നേരിട്ട് ബാങ്ക് ബ്രാഞ്ചുകളില്‍ പോയുള്ള ഇടപാടുകളോ ആണ് ഗ്രാമങ്ങളിലെ ജനങ്ങള്‍ അധികവും നടത്താറുള്ളത്. ഗ്രാമങ്ങളിലും മറ്റും സജീവമായ സഹകരണ ബാങ്കുകള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ മാറി നല്‍കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുമില്ല. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സഹായത്തോടെയുള്ള മൊബീല്‍ പേയ്‌മെന്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി മൊബീല്‍ ബാങ്കിംഗ് വ്യാപിപ്പിക്കാന്‍ ഈയവസരത്തില്‍ സര്‍ക്കാരിന് ശ്രമിക്കാവുന്നതാണ്. സ്മാര്‍ട്ട് ഫോണുകളില്ലാത്ത സാധാരണക്കാര്‍ക്ക് അവരുടെ കൈയിലുള്ള സാധാരണ ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിച്ച് ബാങ്കില്‍ പോകാതെ പണമിടപാട് നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാകണം. അതിനോടൊപ്പം തന്നെ മൊബീല്‍ വാലറ്റ് സേവനങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സാധാരണക്കാര്‍ക്ക് അത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

Comments

comments

Categories: Editorial