അസാധുവാക്കപ്പെട്ട നോട്ടുകള്‍ ഉപയോഗിച്ച് സമാന്തര സമ്പദ് വ്യവസ്ഥ: മൂല്യം കുറച്ച് പഴയ നോട്ടുകള്‍ സ്വീകരിക്കുന്ന കടകള്‍ വ്യാപകം

അസാധുവാക്കപ്പെട്ട നോട്ടുകള്‍ ഉപയോഗിച്ച് സമാന്തര സമ്പദ് വ്യവസ്ഥ:  മൂല്യം കുറച്ച് പഴയ നോട്ടുകള്‍ സ്വീകരിക്കുന്ന കടകള്‍ വ്യാപകം

 

ന്യൂഡെല്‍ഹി: കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും വിപത്തിന് തടയിടാനെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ പിന്‍വലിച്ചിട്ട് 10 ദിവസം പിന്നിടുമ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത് ഏറെ സങ്കീര്‍ണവും അരാജകത്വവും ആശങ്കയും നിറഞ്ഞതുമായ സാമ്പത്തിക അന്തരീക്ഷം. നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ മൂലം ബാങ്കിംഗ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്ത നിരവധി മേഖലകളിലെ ജനങ്ങള്‍ക്ക് ഇനിയും അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റിയെടുക്കാനായിട്ടില്ല. പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാനാകാതെ വരികയും ചെയ്തതോടെ ചിലര്‍ മറ്റുവഴികള്‍ തേടാനും ആരംഭിച്ചിരിക്കുന്നു.
അസാധുവാക്കപ്പെട്ട നോട്ടുകള്‍ മൂല്യം കുറച്ച് സ്വീകരിക്കുന്ന കടകളും സംഘങ്ങളും തലസ്ഥാന നഗരിയില്‍ തന്നെ സജീവമാണ്. 1000 രൂപയ്ക്കുള്ള പഴയനോട്ടു നല്‍കിയില്‍ 800 രൂപ, 10000ന് പഴയ നോട്ടുകള്‍ നല്‍കിയാല്‍ 8000 രൂപയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാം എന്ന നിലയിലാണ് പലരും പരിഹാരമാര്‍ഗങ്ങള്‍ ഒരുക്കി നേട്ടം കൊയ്യുന്നത്. പഴയ നോട്ടുകള്‍ക്കു പകരം 2000ത്തിന്റെ പുതിയ നോട്ടുകള്‍ മാറ്റിനല്‍കുന്ന സംഘങ്ങളെ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുടെ പലഭാഗത്തു നിന്നും പിടികൂടിയിരുന്നു.

റീട്ടെയ്ല്‍ ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, പച്ചക്കറി കടകള്‍ , ഫാര്‍മസി ഷോപ്പുകള്‍ തുടങ്ങി നോട്ട് അസാധുവാക്കലില്‍ ഗുരുതര പ്രതിസന്ധി നേരിട്ട വ്യാപാര മേഖലകളിലെല്ലാം മൂല്യം കുറച്ച് പഴയ കറന്‍സികള്‍ വിനിമയം ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കറന്‍സിയുടെ മൂല്യത്തില്‍ 30 ശതമാനത്തോളം കുറച്ചാണ് വ്യാപാരികള്‍ സ്വീകരിക്കുന്നത്. ക്രയവിക്രയത്തില്‍ പഴയ നോട്ടുകള്‍ക്കുണ്ടായിരുന്ന മൂല്യത്തെയാണ് ഇതു പ്രതിഫലിപ്പിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ‘ ബ്ലാക്ക് ഇക്കോണമി എന്നാല്‍ ബ്ലാക്ക് മണി എന്നല്ല അര്‍ത്ഥം, തെറ്റായ വരുമാനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാതെ കേവലം നോട്ടുകള്‍ ഇല്ലാതാക്കുന്നത് കാര്യമായ ഫലം ചെയ്യില്ല’ ഐഐഎം അഹമ്മദാബാദിലെ ഇക്ക്‌ണോമിക്‌സ് പ്രൊഫസറായ സെബാസ്റ്റ്യന്‍ മോറിസ് പറയുന്നു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പഴം-പച്ചക്കറി മൊത്തക്കച്ചവട വിപണിയായ ആസാദ്പുര്‍ മണ്ഡിയില്‍ ഇന്ന് ഒഴിഞ്ഞ ട്രക്കുകളും ചീഞ്ഞ പച്ചക്കറികളുമാണ് ഇന്ന് ഏറെയും കാണാനാകുന്നത്. പണ്ട് ഏറ്റവും തിരക്കു കുറഞ്ഞ സമയത്ത് ഉണ്ടാവാറുള്ളതിനേക്കാള്‍ എത്രയോ കുറവ് ഉപഭോക്താക്കളാണ് ഇപ്പോഴെത്തുന്നത്. ഇന്ത്യയിലെ എല്ലായിടത്തും കച്ചവടക്കാരുടെ ഗതി പൊതുവേ ഇതാണെന്നും മൊത്തം സാമ്പത്തിക ഘടനയെ തകര്‍ത്തതിന് മോദി തെരഞ്ഞെടുപ്പില്‍ വില നല്‍കേണ്ടി വരുമെന്നും ഇവിടത്തെ വ്യാപാരികള്‍ പറയുന്നു.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് കറന്‍സിയുടെ ആവിര്‍ഭാവത്തിനു മുമ്പ് മനുഷ്യന്‍ സ്വീകരിച്ചിരുന്ന വിനിമയ സമ്പ്രദായമായ ബാര്‍ട്ടര്‍ രീതി ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പലയിടത്തും വീണ്ടുമെത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൊബീല്‍ റീച്ചാര്‍ജ്ജ് ചെയ്തു. ഓട്ടോക്കൂലിക്കു പകരമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങി നല്‍കിയുമെല്ലാമാണ് പലരും പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കുന്നത്.

Comments

comments

Categories: Slider, Top Stories