നോട്ട് അസാധുവാക്കല്‍: പേടിഎമ്മില്‍ ഒരു ദിവസം നടന്നത് ഏഴ് ദശലക്ഷം ഇടപാടുകള്‍

നോട്ട് അസാധുവാക്കല്‍:  പേടിഎമ്മില്‍ ഒരു ദിവസം നടന്നത് ഏഴ് ദശലക്ഷം ഇടപാടുകള്‍

 

ന്യൂഡെല്‍ഹി: ആയിരം, അഞ്ഞൂറുരൂപാ നോട്ടുകള്‍ അസാധുവാക്കിയതോടെ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മില്‍ റെക്കോര്‍ഡ് ഇടപാട് നടന്നതായി റിപ്പോര്‍ട്ട്. പ്രതിദിനം 120 കോടി രൂപ മൂല്യത്തില്‍ ഏഴ് മില്യണ്‍ ഇടപാടുകളാണ് പേടിഎം വഴി നടന്നത്. പ്രതീക്ഷിച്ചതിലും നാല് മാസം മുന്‍പു തന്നെ അഞ്ച് ബില്യണ്‍ ഡോളര്‍ ജിഎംവി (മൊത്തം വിപണി മൂല്യം)യിലെത്താന്‍ ഇത് പേടിഎമ്മിനെ സഹായിക്കുമെന്നാണ് നിഗമനം.

കഴിഞ്ഞ വര്‍ഷം മൂന്ന് ബില്യണ്‍ ഡോളറാണ് പേടിഎമ്മിന്റെ ജിഎംവി കണക്കാക്കിയിരുന്നത്. പണപ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തെ ദശലക്ഷ കണക്കിനു വ്യാപാരികളും ഉപഭോക്താക്കളും ആദ്യമായി പേടിഎം മൊബീല്‍ പേയ്‌മെന്റ് സംവിധാനമുപയോഗപ്പെടുത്തിയതാണ് ഒരു ദിവസം ഏഴ് മില്യണ്‍ ഇടപാട് രേഖപ്പെടുത്താന്‍ കമ്പനിയെ സഹായിച്ചതെന്ന് പേടിഎം ഉപാധ്യക്ഷന്‍ സുധന്‍ഷു ഗുപ്ത പറഞ്ഞു. രാജ്യത്ത് പ്രതിദിനം നടന്നിരുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ശരാശരി ഇടപാടുകളേക്കാള്‍ കൂടുതല്‍ ഇടപാടുകള്‍ നിലവില്‍ പേടിഎം വഴി നടക്കുന്നുണ്ട്.

നോട്ട് പിന്‍വലിച്ചതോടെ പേടിഎം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി നിരവധിയാളുകള്‍ തയാറായിട്ടുണ്ട്. ഇതിലൂടെ പുതിയ ഉപഭോക്താക്കളുടെ കടന്നുവരവും ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ 45 മില്യണ്‍ ഉപയോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ പേടിഎമ്മിന് ഒറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. അഞ്ച് മില്യണ്‍ പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും ഗുപ്ത പറയുന്നു. ടാക്‌സി, ഓട്ടോ, പെട്രോള്‍ പമ്പ്, പലചരക്ക് കടകള്‍, റസ്റ്റോറന്റ്‌സ്, കോഫി ഷോപ്പുകള്‍ തുടങ്ങി രാജ്യത്തെ പത്ത് ലക്ഷത്തിലധികം ഓഫ്‌ലൈന്‍ വ്യാപാരികളാണ് പേടിഎം പേയ്‌മെന്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നത്. നിലവില്‍ 150 മില്യണ്‍ മൊബീല്‍ വാലറ്റ് ഉപയോക്താക്കളും കമ്പനിക്കുണ്ട്.

Comments

comments

Categories: Slider, Top Stories

Related Articles