റീട്ടെയ്‌ലര്‍മാര്‍ ആനൂകൂല്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു

റീട്ടെയ്‌ലര്‍മാര്‍ ആനൂകൂല്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു

 

ബെംഗളൂരു: ദീപാവലി ആഘോഷത്തോടെ മെഗാ ഡിസ്‌കൗണ്ട് ഓഫറുകളും വില്‍പ്പനയും അവസാനിച്ചു എന്നു കരുതിയിരുന്നവര്‍ക്ക് തെറ്റി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം ഉത്സവസീസണ്‍ കഴിഞ്ഞും ആനുകൂല്യങ്ങളും റിബേറ്റും പ്രഖ്യാപിക്കാന്‍ റീട്ടെയ്‌ലര്‍മാരെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. രാജ്യത്ത് പണപ്രതിസന്ധി രൂക്ഷമായതോടെ ഉപഭോക്താക്കളെ കൂടുതല്‍ ഓഫറുകള്‍ നല്‍കി ആകര്‍ഷിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനികള്‍.

വലിയ നോട്ടുകള്‍ പിന്‍വലിച്ചതോടെ ഫാഷന്‍ ബ്രാന്‍ഡുകളും ഇ-കൊമേഴ്‌സ് കമ്പനികളെ പോലെ പരസ്യ പ്രചാരണത്തിലൂടെയും കാഷ്ബാക്ക് ഓഫറുകളും ഡിസ്‌കൗണ്ടും നല്‍കിയും വില്‍പ്പന നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. സാധരണ ദീപാവലി കഴിഞ്ഞാല്‍ പിന്നെ ആനൂകൂല്യങ്ങളെല്ലാം ഒഴിവാക്കി യഥാര്‍ത്ഥ വിലയിലാണ് കച്ചവടം നടത്താറുള്ളത്. എന്നാല്‍ പ്രതികൂല സാഹചര്യം മൂലം ഈ പാദത്തില്‍ സംഭവിച്ചേക്കാവുന്ന വില്‍പ്പന തകര്‍ച്ചയില്‍ നിന്നും കരകയറുന്നതിന്റെ ഭാഗമായാണ് കമ്പനികളുടെ ഈ നീക്കം.

ദീപാവലിക്കു മുന്നോടിയായി വലിയ തരത്തിലുള്ള ഒരു പ്രൊമോഷനും ബ്രാന്‍ഡിനു നല്‍കിയിരുന്നില്ല, എന്നാല്‍ പെട്ടെന്ന് 40 ശതമാനത്തോളം ഉപഭോക്താക്കളെ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യുമെന്നാണ് പെപ്പെ ജീന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ കവിന്ദ്ര മിശ്ര ചോദിച്ചത്. ഇ-കൊമേഴ്‌സ് കമ്പനികളുടെ കാഷ് ബാക്ക് ബിസിനസ് സ്ട്രാറ്റജിയാണ് മിക്ക റീട്ടെയ്ല്‍ സ്റ്റോറുകളും അനുകരിക്കുന്നത്. ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാര്‍ കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് 1,299 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് 25 ശതമാനത്തിന്റെ അധിക ഡിസ്‌കൗണ്ട് ഓഫറാണ് മിന്ത്ര ലഭ്യമാക്കുന്നത്. ജബോങിലും ഇതേ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy