നോട്ട് മാറ്റം: വിവാഹത്തിന് 2.5 ലക്ഷം അടുത്താഴ്ച മുതല്‍

നോട്ട് മാറ്റം: വിവാഹത്തിന് 2.5 ലക്ഷം അടുത്താഴ്ച മുതല്‍

ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ വിവാഹ ആവശ്യങ്ങള്‍ക്ക് നല്‍കിയ ഇളവ് അടുത്തയാഴ്ച മാത്രമേ പ്രാബല്യത്തില്‍ വരൂ.
വിവാഹം നടക്കുന്ന കുടുംബത്തിലെ ഒരാള്‍ക്ക് വിവാഹ ആവശ്യത്തിനായി ഒരു തവണ രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്നാണ് കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതു നടപ്പിലാക്കാന്‍ ആവശ്യമായ പണം ബാങ്കുകളിലില്ലാത്തതിനാല്‍ ഇപ്പോള്‍ നടപ്പാക്കാനാവാത്ത സ്ഥിതിയാണ്. തെരഞ്ഞെടുക്കപ്പെട്ട പെട്രോള്‍ പമ്പുകളില്‍ സൈ്വപിംഗ് മെഷീന്‍ വെച്ച് 2000 രൂപ വരെ പിന്‍വലിക്കാവുന്ന സമ്പ്രദായം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കവും ഒട്ടേറേ തടസങ്ങള്‍ നേരിടുകയാണ്.
റിസര്‍വ് ബാങ്കില്‍ നിന്നും വ്യക്തമായ മാനദണ്ഡങ്ങള്‍ ലഭിക്കാതെ വിവാഹ ആവശ്യങ്ങള്‍ക്ക് എക്കൗണ്ടുകളില്‍ നിന്ന് രണ്ടര ലക്ഷം രൂപ വരെ നല്‍കാനാകില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ ഉഷ അനന്ത സുബ്രഹ്മണ്യന്‍ വ്യക്തമാക്കി. വിവാഹ സീസണില്‍ ഇത് നിരവധി കുടുംബങ്ങള്‍ക്ക് കനത്ത പ്രവരമേല്‍പ്പിക്കുമെന്നാണ് വിലയിരുത്തല്‍.
എസ്ബിഐ യുടെ സൈ്വപിംഗ് മെഷീന്‍ ഉപയോഗിക്കുന്ന 3000 പമ്പുകളില്‍ മാത്രമാണ് നിലവില്‍ പണം പിന്‍വലിക്കാവുന്ന സംവിധാനമുള്ളത്. 17,500 പമ്പുകളില്‍ മറ്റ് ബാങ്കുകളുടെ സൈ്വപിംഗ് മെഷീന്‍ ഉണ്ടെങ്കിലും ഇവയില്‍ നിന്നു പണം പിന്‍വലിക്കുന്നതിന് സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തേണ്ടതുണ്ട്. സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷനൊപ്പം ഇത്തരത്തില്‍ വിതരണം ചെയ്യാനുള്ള പണം കൂടി മറ്റ് ബാങ്കുകള്‍ക്കു ലഭിച്ചാലേ പദ്ധതി നടപ്പാക്കാനാകൂ എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സംവിധാനം നടപ്പാക്കുന്നതിന് സമ്മതമറിയിച്ചിട്ടുള്ള ബാങ്കുകളുടെ എണ്ണം കുറവാണെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള പരിധി വീണ്ടും കുറച്ചതും എടിഎമ്മുകളില്‍ പുതിയ നോട്ടുകള്‍ ലഭ്യമായി തുടങ്ങിയ് മാറ്റിയെടുക്കുന്നവരുടെ കൈയില്‍ മഷി പുരട്ടാനുള്ള തീരുമാനവും നഗരങ്ങളിലെ ബാങ്കുകളില്‍ തിരക്ക് അല്‍പ്പം കുറച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories