ഡാറ്റാവിന്‍ഡ് സിം കാര്‍ഡ് സേവനങ്ങളിലേക്കും

ഡാറ്റാവിന്‍ഡ് സിം കാര്‍ഡ്  സേവനങ്ങളിലേക്കും

മുംബൈ: കുറഞ്ഞ ചെലവില്‍ ടാബ്‌ലെറ്റുകള്‍ നിര്‍മിക്കുന്ന ഡാറ്റാവിന്‍ഡ്, സിം കാര്‍ഡ് സേവനങ്ങളിലേക്കും ചുവടുവയ്ക്കുന്നു. മൊബീല്‍ വിര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍ (എംവിഎന്‍ഒ)ക്കുള്ള അനുമതി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. വര്‍ഷാന്ത്യത്തോടെ സിം കാര്‍ഡ് സേവനം ആരംഭിക്കാനാവുമെന്നും ഡാറ്റാവിന്‍ഡ് കണക്കുകൂട്ടുന്നു. റിലയന്‍സ് കമ്യൂണിക്കേഷനുമായി ചേര്‍ന്ന് ഒരു വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് സേവനം സൗജന്യമായി നല്‍കാനും നീക്കമുണ്ട്.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എംവിഎന്‍ഒ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. വിവിധ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരുമായി കമ്പനി പങ്കാളിത്തം ഉറപ്പാക്കും. കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന് ഡാറ്റ സേവനങ്ങള്‍ സൗജന്യമായോ അല്ലെങ്കില്‍ 20 രൂപയ്‌ക്കോ നല്‍കാനാണ് ആലോചന-ഡാറ്റാവിന്‍ഡ് സ്ഥാപകനും സിഇഒയുമായ സുനീത് സിംഗ് തുളി പറഞ്ഞു. വിഎന്‍ഒയുടെ വരവ് ഡാറ്റ സേവനങ്ങളുടെ നിരക്ക് കുത്തനെ കുറയ്ക്കുന്നതിന് ടെലികോം കമ്പനികളെ പ്രേരിപ്പിക്കും. ആദ്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെയും വളര്‍ന്നുവരുന്ന വിപണികളില്‍ നിന്ന് 10 മില്ല്യണ്‍ ഉപയോക്താക്കളെയുമാണ് ലക്ഷ്യമിടുന്നത്-അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്ന കമ്പനി 1,500 രൂപയില്‍ താഴെ വിലയുള്ള 4ജി ഫോണ്‍ പുറത്തിറക്കും.
മറ്റ് കമ്പനികളുടെ നെറ്റ്‌വര്‍ക്ക് പ്രയോജനപ്പെടുത്തി ടെലികമ്യൂണിക്കേഷന്‍ സേവനം നല്‍കുന്ന കമ്പനികളാണ് വിഎന്‍ഒകള്‍. വിഎന്‍ഒകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ടെലികോം മന്ത്രാലയം പുറത്തിറക്കിയിരുന്നു.

Comments

comments

Categories: Branding