സഹകരണ മേഖലയിലെ നിക്ഷേപം നഷ്ടമാകില്ല: മുഖ്യമന്ത്രി

സഹകരണ മേഖലയിലെ നിക്ഷേപം നഷ്ടമാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ തീരുമാനവും തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളും മൂലം സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ യോഗം കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരേ പ്രമേയം പാസാക്കി. ബിജെപി അംഗം ഒ രാജഗോപാല്‍ നല്‍കിയ ഭേദഗതി നോട്ടിസ് തള്ളി. ഭേദഗതിക്ക് നിഷേധ വോട്ടിന്റെ സ്വഭാവമുണ്ടെന്ന് മന്ത്രി മാത്യു ടി തോമസ് ചൂണ്ടിക്കാട്ടിയതോടെ രാജഗോപാലിന്റെ വിയോജനക്കുറിപ്പോടെ പ്രമേയം പാസാക്കുകയായിരുന്നു.

സഹകരണ മേഖലയില്‍ നിക്ഷേപിച്ച ഒരു രൂപ പോലും നഷ്ടപ്പെടുമെന്ന് ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. രാജ്യത്ത് സാമ്പത്തിക അടിമത്തം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ നീക്കം കേന്ദ്രസര്‍ക്കാരിനുണ്ടോയെന്ന് സംശയിക്കേണ്ടതുണ്ട്. കള്ളപ്പണം സൂക്ഷിക്കുന്നത് ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയിലാണെന്ന് വാദിക്കുന്നവര്‍ തന്നെ 2000ന്റെ നോട്ട് പുറത്തിറക്കുന്നു. 500ഉം 1000ഉം തിരിച്ചുവരുന്നു. സര്‍ക്കാര്‍ നടപടി കള്ളപ്പണക്കാര്‍ക്ക് കാര്യമായ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്നും ജനജീവിതം പ്രയാസകരമാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
900 കള്ളപ്പണക്കാരുടെ വിവരങ്ങള്‍ തലയ്ക്കടിയില്‍ വെച്ചുറങ്ങുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മാത്രം ഏഴു പേരാണ് മരണപ്പെട്ടിട്ടുള്ളത്. കള്ളപ്പണത്തിന്റെ പേരില്‍ സഹകരണ സ്ഥാപങ്ങള്‍ തകര്‍ക്കാനുള്ള നടപടി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സഹകരണ ബാങ്കുകളില്‍ കെവൈസി നടപ്പാക്കുന്നില്ലെന്ന ആക്ഷേപം വസ്തുതാ വിരുദ്ധമാണെന്ന് സഹകരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. ആദായ നികുതി വകുപ്പിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും സഹകരണ മേഖലയിലെ ഏതു പരിശോധയ്ക്കും സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങളില്‍ ആര്‍ബിഐ യും പങ്കുചേരുന്നത് ഖേ:ദകരമാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ടില്ലാത്ത വിനിമയത്തിന്റെ കാലം കൊണ്ടു വരേണ്ടത് ജനങ്ങള്‍ക്കു നേരേ തോക്കു ചൂണ്ടിയിട്ടല്ലെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ തലവന്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് ഒരു ദിവസത്തിനകം തന്നെ ജനം അതിന്റെ ദുരിതങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നും വിഎസ്. നോട്ട് അസാധുവാക്കല്‍ ജനങ്ങളോടുള്ള ക്രിമിനല്‍ നടപടിയും മാപ്പര്‍ഹിക്കാത്ത കുറ്റവുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.

Comments

comments

Categories: Slider, Top Stories