വരുന്നു പുതിയ ലോക പൊലീസ്

വരുന്നു പുതിയ ലോക പൊലീസ്

അമേരിക്ക ഒരടി പുറകോട്ടുവെക്കാനൊരുങ്ങുമ്പോള്‍ അഞ്ചടി മുന്നോട്ടുവെക്കാനായി കാത്തിരിക്കുന്നുണ്ട് ലോക പൊലീസാകാന്‍ വെമ്പുന്ന ചൈനീസ് വ്യാളി

രാഷ്ട്രീയം ഒരു പക്ഷേ ആര്‍ക്കുവേണ്ടിയും കാത്തു നിന്നെന്നു വരില്ല. അത് അമേരിക്ക ആയാല്‍ പോലും. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയ്ക്ക് കാര്യമായ സ്വാധീനമുണ്ടായിരുന്നു. അതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. ആഗോള തലത്തിലുള്ള അമേരിക്കയുടെ അനിഷേധ്യ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് അവര്‍ക്ക് ലോകപൊലീസ് എന്ന വിളിപ്പേരും കിട്ടിയത്.

എന്നാല്‍ വിഘടനവാദത്തിന്റെയും വിഭജനത്തിന്റെയും പ്രത്യയശാസ്ത്രവുമായി ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് പദത്തിലേറാനിരിക്കുമ്പോള്‍ കാര്യങ്ങള്‍ അവര്‍ക്ക് കൈവിട്ടുപോകുകയാണ്. അമേരിക്ക ഒരടി പുറകോട്ടുവെക്കാനൊരുങ്ങുമ്പോള്‍ അഞ്ചടി മുന്നോട്ടുവെക്കാനായി കാത്തിരിക്കുന്നുണ്ട് ലോക പൊലീസാകാന്‍ വെമ്പുന്ന ചൈനീസ് വ്യാളി.

അമേരിക്കയുടെ സ്വതന്ത്ര വ്യാപാര നയങ്ങളാണ് ലോകത്ത് അവര്‍ക്ക് സ്വാധീനം നല്‍കിയത്. ബ്രെക്‌സിറ്റിനു ശേഷം ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ലോകത്ത് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് അതിന് ആക്കം കൂട്ടി ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അമേരിക്കയിലുണ്ടായത്. ട്രംപിന്റെ പദ്ധതി അമേരിക്കയെ ലോകത്തുനിന്ന് തിരിച്ചുവിളിക്കാനാണ്. ബിസിനസുകാരനായ അദ്ദേഹത്തിന് താല്‍പ്പര്യം സ്വതന്ത്ര വ്യാപാര നയങ്ങളിലല്ല, വിപണിയെ നിയന്ത്രിക്കുന്നതിലാണ്. മാത്രമല്ല, അമേരിക്കയുടെ തനത് സവിശേഷതയായ തുറന്ന സംസ്‌കാരത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു ട്രംപ്.
എന്നാല്‍ ഈ അവസരം നോക്കിയിരിക്കുകയായിരുന്നു ചൈന. അമേരിക്ക പിന്‍വാങ്ങുന്നിടത്ത് കടന്നുകയറുകയാണ് സി ജിന്‍പിംഗിന്റെ ലക്ഷ്യം.

ട്രംപിന്റെ വിജയത്തിന് ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ലാറ്റിന്‍ അമേരിക്കയില്‍ സി ജിന്‍പിംഗ് ദൗത്യവുമായെത്തുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയുടെ തലവന്‍ 2013നു ശേഷം ലാറ്റിന്‍ അമേരിക്കയിലേക്ക് നടത്തുന്ന മൂന്നാമത് സന്ദര്‍ശനമായിരുന്നു അത്. പരമാവധി വ്യാപാര ഉടമ്പടികളില്‍ ഒപ്പുവെക്കുകയാണ് ലക്ഷ്യം. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് യുഎസിന്റെ പിന്‍മാറ്റമാണ് ചൈനയെ ഇതിന് പ്രേരിപ്പിക്കുന്നത്. 10 വര്‍ഷത്തിനുള്ളില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരം 550 ബില്ല്യണ്‍ ഡോളറിലെത്തിക്കുന്ന നിരവധി കരാറുകളില്‍ ചൈന 2015ല്‍ ഒപ്പുവെച്ചിരുന്നു. പടിഞ്ഞാറന്‍ ലോകത്ത് തങ്ങളുടെ നിക്ഷേപ താല്‍പ്പര്യങ്ങള്‍ക്ക് ഇടം കണ്ടെത്തുന്നതിനോടൊപ്പം തന്നെ സൈനികപരമായ ശക്തി കൂടി മനസിലാക്കിക്കൊടുക്കുകയെന്ന ഉദ്ദേശ്യവും അവര്‍ക്കുണ്ട്.

ചൈന ഇതിനായി ഒത്തിരി വിയര്‍പ്പൊഴുക്കേണ്ടിവരുമെങ്കിലും ഊര്‍ജ്ജസ്വലമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തീരുമാനം. മുമ്പെല്ലാം ഇടതു ചായ്‌വുള്ള രാജ്യങ്ങളുമായിട്ടായിരുന്നു ലാറ്റിന്‍ അമേരിക്കയില്‍ ചൈനയുടെ വന്‍ ഇടപാടുകള്‍. മുതലാളിത്ത കമ്യൂണിസ്റ്റ് രാജ്യമാണെങ്കില്‍ കൂടി തങ്ങള്‍ മുതലാളിത്ത വിരുദ്ധരാണെന്ന പ്രതിച്ഛായ ഉണ്ടാക്കാന്‍ അത് ്ഇടവരുത്തിയെന്ന് ചൈന തിരിച്ചറിഞ്ഞിട്ടുണ്ട്.

മാത്രമല്ല ചൈനയുടെ വന്‍വായ്പകള്‍ വെനെസ്വല, ബ്രസീല്‍, അര്‍ജന്റീന, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു പോയത്. പാപ്പരായ വെനെസ്വലയ്ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ പറ്റുമോയെന്ന കാര്യത്തില്‍ ചൈനയ്ക്ക് സംശയമുണ്ട്. അതുകൊണ്ടുതന്നെ ഇനി ബിസിനസ് സൗഹൃദ സര്‍ക്കാരുകളുമായുള്ള ഡീലുകള്‍ക്ക് പ്രാധാന്യം നല്‍കാമെന്നാണ് അവരുടെ ചിന്ത. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും പുതിയ സര്‍ക്കാരുകളുമായി വലിയ ചങ്ങാത്തം കൂടാനുള്ള ശ്രമം ഇതിന്റെ പശ്ചാത്തലത്തിലാണ്.

ഇടതന്‍മാരെന്ന മുന്‍ പ്രതിച്ഛായ പൊളിക്കാന്‍ കൂടുതല്‍ തുറന്ന സമ്പദ് വ്യവസ്ഥകളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഒപ്പുവെക്കാനും ചൈന ശ്രമിക്കുന്നുണ്ട്. പെറു, ചിലി, കോസ്റ്റാറിക്ക തുടങ്ങിയ രാജ്യങ്ങളുമായി ഇത്തരത്തിലുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ ചൈന ഒപ്പുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാംഗ് ഇത്തരമൊരു ഡീല്‍ സംസാരിക്കാനായി കൊളംബിയയില്‍ എത്തുകയുമുണ്ടായി. 2005ല്‍ ചിലിയുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിന്റെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഇപ്പോഴത്തെ സന്ദര്‍ശനത്തില്‍ സി ജിന്‍പിംഗ് ആഗ്രഹിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്‌റ്റോബറില്‍ ഉറുഗ്വയുടെ പ്രസിഡന്റ് ടബാരെ വാസ്‌ക്വെസ് ചൈനയിലെത്തി സ്വതന്ത്ര വ്യാപാര കരാറില്‍ ഇരുരാജ്യങ്ങളും ഏര്‍പ്പെടുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

അര്‍ജന്റീനയും ബ്രസീലും പരാഗ്വയും ഉറുഗ്വയും വെനെസ്വലയും ഉള്‍പ്പെട്ട മെര്‍കോസള്‍ വ്യാപാര ചേരിയിലെ രാജ്യങ്ങള്‍ക്ക് ചൈനയുമായി സമാന ഉടമ്പടികളുണ്ടാക്കാന്‍ ഇത് പ്രേരണയായിട്ടുണ്ട്. ട്രാന്‍സ്പസിഫിക് പാര്‍ട്ണര്‍ഷിപ്പ് (ടിപിപി) ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍വലിയുമെന്ന് ട്രംപ് വ്യക്തമാക്കിയത് ചൈനയുടെ നീക്കങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യുന്നു.
സ്വതന്ത്ര വ്യാപാര കരാറുകളുടെ അമ്മ എന്ന് വിശേഷിപ്പിച്ചായിരുന്നു അമേരിക്കയുടെ നേതൃത്വത്തില്‍ ട്രാന്‍സ് പസിഫിക് പാര്‍ട്ണര്‍ഷിപ്പിന് ബരാക് ഒബാമ മുന്‍കൈയെടുത്തത്. ഒക്‌റ്റോബര്‍ അഞ്ച് മുതല്‍ നിലവില്‍ വന്ന കരാറില്‍ നിന്ന് പിന്നോക്കം പോകുമെന്ന് ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു. അമേരിക്കയുടെ തൊഴിലുകള്‍ കവര്‍ന്നെടുക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂവെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.

അമേരിക്കയിലെ അറ്റ്‌ലാന്റയിലായിരുന്നു 12 രാജ്യങ്ങള്‍ ചേര്‍ന്ന് കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. ലോക ജിഡിപിയുടെ 40 ശതമാനം സംഭാവന ചെയ്യുന്ന രാജ്യങ്ങളാണിവര്‍. ഇവരുടെ പൊതു അജണ്ട ലോക വിപണികളിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം തടയുകയായിരുന്നു. ഇത് നേരത്തെ കണ്ട് ചൈന 2013 ല്‍ റീജണല്‍ കോംപ്രെഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍സിഇപി) എന്ന പേരില്‍ 16 രാജ്യങ്ങളുടെ സ്വതന്ത്ര വ്യാപാര സഖ്യത്തിന് രൂപം നല്‍കിയിരുന്നു. ഇതിലാണെങ്കില്‍ ഇന്ത്യയെയും ജപ്പാനെയും പോലുള്ള രാജ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്, അമേരിക്ക ഇല്ല താനും.

തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ 10 അംഗങ്ങളും ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണ കൊറിയ എന്നിവരും അംഗങ്ങളായുള്ള 16 അംഗ സഖ്യം ലോക വ്യാപാരത്തിന്റെ 30 ശതമാനം കൈയാളുന്നവരാണ്. 300 കോടിയിലധികം ജനങ്ങള്‍ താമസിക്കുന്ന ആര്‍സിഇപി അംഗരാജ്യങ്ങള്‍ ലോക ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 23 ബില്യണ്‍ ഡോളര്‍ വിഹിതം ഉള്‍ക്കൊള്ളുന്നവരുമാണ്.

ഇപ്പോള്‍ ടിപിപിയില്‍ നിന്ന് പിന്‍മാറുന്നതിലൂടെ ചൈനയുടെ കൈയില്‍ അടിക്കാനുള്ള വടി നല്‍കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത്. അമേരിക്ക തന്നെ നേതൃത്വം നല്‍കുന്ന സ്വതന്ത്ര വ്യാപാര സംഘടനയായ നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രീമെന്റി(നാഫ്റ്റ)ലും ട്രംപിന് വലിയ താല്‍പ്പര്യമില്ല.

സേച്ഛാധിപത്യത്തിലും അടിച്ചമര്‍ത്തല്‍ ഭരണത്തിലും വിശ്വസിക്കുന്ന ചൈന മറ്റ് വിപണികളിലേക്ക് വ്യാപകമായി കടന്നുകയറിയാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാകുക. ഇത് തിരിച്ചറിയാന്‍ മാത്രമുള്ള വിശാലത ട്രംപിന്റെ പ്രത്യയശാസ്ത്രത്തിന് ഇല്ലാതെ പോയതാണ് ദൗര്‍ഭാഗ്യകരം.

കഴിഞ്ഞ ദിവസം പെറുവിലെ ലിമയില്‍ സമാപിച്ച ഏഷ്യ പസിഫിക് ഇക്കണോമിക് കോപ്പറേഷന്‍ സമ്മിറ്റിനിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ സി ജിന്‍പിംഗുമായി സംസാരിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു. ടിപിപിയുടെ ഏറ്റവും വലിയ പ്രചാരകരായിരുന്നു ജപ്പാന്‍. എന്നാല്‍ ഇന്നു ജപ്പാന് താല്‍പ്പര്യം ചൈന നേതൃത്വം നല്‍കുന്ന റീജണല്‍ കോംപ്രെഹെന്‍സിവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പിലാണ്. കാരണം, സ്വതന്ത്ര വ്യാപാരം തന്നെ.

ലാറ്റിന്‍ അമേരിക്ക ഇടതില്‍ നിന്ന് തെന്നി മാറാന്‍ തുടങ്ങിയിരിക്കുന്നതോടെ പ്രായോഗികതയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇത് ചൈനയോട് അവര്‍ക്ക് മുമ്പുണ്ടായിരുന്ന എതിര്‍പ്പ് കുറയാന്‍ കാരണമായിട്ടുണ്ട്. അതിന്റെ ഫലമാണ് ബ്രസീലും അര്‍ജെന്റീനയുമെല്ലാം ഇന്ന് നിക്ഷേപത്തിനും വ്യാപാരത്തിനും കൂടുതല്‍ തുറന്ന സമീപനം കൈക്കൊള്ളുന്നത്. അവിടെ ചൈന നിക്ഷേപിക്കാന്‍ തയാറാണെങ്കില്‍ സ്വാധീനം ഉറപ്പിക്കുക അത്ര പ്രയാസമുള്ള കാര്യമാകില്ലെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍.

ഏഷ്യപസിഫിക് മേഖലയില്‍ സ്വതന്ത്ര വ്യാപാരത്തിന് രാജ്യങ്ങളെ അഹ്വാനം ചെയ്ത് ചൈനയും റഷ്യയും കഴിഞ്ഞ ദിവസം നയം വ്യക്തമാക്കിയതും കാര്യങ്ങളുടെ ദിശ വ്യക്തമാക്കുന്നു. ജനാധിപത്യ രാജ്യമായ, സ്വതന്ത്ര മൂല്യങ്ങളിലും അഭിപ്രായ സ്വാതന്ത്രത്തിലും വിശ്വസിച്ചിരുന്ന അമേരിക്ക സ്വാധീനം ചെലുത്തുന്ന പോലെയാകില്ല മറ്റ് രാജ്യങ്ങളിലെ വിപണികളിലേക്കുള്ള ചൈനീസ് അധിനിവേശം.

സേച്ഛാധിപത്യത്തിലും അടിച്ചമര്‍ത്തല്‍ ഭരണത്തിലും വിശ്വസിക്കുന്ന ചൈന മറ്റ് വിപണികളിലേക്ക് വ്യാപകമായി കടന്നുകയറിയാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാകുക. ഇത് തിരിച്ചറിയാന്‍ മാത്രമുള്ള വിശാലത ട്രംപിന്റെ പ്രത്യയശാസ്ത്രത്തിന് ഇല്ലാതെ പോയതാണ് ദൗര്‍ഭാഗ്യകരം.

Comments

comments

Categories: FK Special, Slider, World