റേഷന്‍ കടകളിലും മൈക്രോ- എടിഎമ്മുകള്‍ സജ്ജമാക്കാന്‍ കേന്ദ്രനിര്‍ദേശം

റേഷന്‍ കടകളിലും മൈക്രോ- എടിഎമ്മുകള്‍ സജ്ജമാക്കാന്‍ കേന്ദ്രനിര്‍ദേശം

 

ന്യൂഡെല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അഞ്ച് ലക്ഷത്തിലധികം റേഷന്‍ കടകളുള്‍പ്പെടെയുള്ള ചെറു കച്ചവടകേന്ദ്രങ്ങളില്‍ മൈക്രോ എടിഎമ്മുകള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ-പിഒഎസ്) മെഷീന്‍സ് സംവിധാനം സജ്ജമാക്കുമെന്ന് കേന്ദ്രം. ഗ്രാമപ്രദേശങ്ങളിലെ എടിഎം സംവിധാനത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിന് ഈ നീക്കം സഹായകമാകും.

500രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ തലേ ദിവസം, ചെറുകിട കടകളിലും പൊതുവിതരണ കേന്ദ്രങ്ങളിലും ഉടന്‍ ഇ-പിഒഎസ് മെഷീന്‍ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഒഎഫ്എസ്) സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു. രാജ്യത്തെ റേഷന്‍ കടകളിലും, മിതമായ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാകുന്ന ഗ്രാമപ്രദേശങ്ങളിലെ കച്ചവട കേന്ദ്രങ്ങളിലും നടക്കുന്ന സാമ്പത്തിക ഇടപാടുകളെ ഡിജിറ്റല്‍വത്കരണത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് ധനമന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

മൈക്രോ എടിഎമ്മുകള്‍ എന്ന നിലയില്‍ ഇപിഒഎസ് മെഷീന്‍ സംവിധാനമൊരുക്കുന്നതോടെ പണം പിന്‍വലിക്കല്‍, നിക്ഷേപം, ഫണ്ട് ട്രാന്‍സ്ഫര്‍ തുടങ്ങിയ ബാങ്കിംഗ് സേവനങ്ങള്‍ ജനങ്ങള്‍ക്ക് ചെറു കച്ചവട സ്ഥാപനങ്ങളിലൂടെ സാധ്യമാകും.1.6 ലക്ഷം ന്യായവില ഷോപ്പുകള്‍ ഉള്‍പ്പടെ ആകെ 5.4 ലക്ഷത്തിലധികം വരുന്ന കച്ചവട സ്ഥാപനങ്ങളില്‍ ഇതിനോടകം തന്നെ ഇ-പിഒഎസ് സംവിധാനമൊരുക്കി കഴിഞ്ഞു. ഇതിലൂടെ ആധാറിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിറ്റലായി റേഷന്‍ വിതരണവും നടക്കുന്നുണ്ട്. 2019 ഓടെ ബാക്കി വരുന്ന റേഷന്‍ കടകളില്‍ കൂടി ഇ-പിഒഎസ് സംവിധാനമൊരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Slider, Top Stories

Related Articles