ജര്‍മനി ഏഞ്ചെലയ്‌ക്കൊപ്പം നില്‍ക്കുമോ?

ജര്‍മനി ഏഞ്ചെലയ്‌ക്കൊപ്പം നില്‍ക്കുമോ?

 

ഞായറാഴ്ച്ച ഏഞ്ചെല മെര്‍ക്കല്‍ തനിക്ക് വീണ്ടും ജര്‍മനിയുടെ ചാന്‍സലര്‍ ആകണമെന്ന ആഗ്രഹം തുറന്നു പറഞ്ഞു. മൂന്ന് തവണ ജര്‍മനിയുടെ ചാന്‍സലറായി സേവനമനുഷ്ഠിച്ച 62കാരി മെര്‍ക്കലിന്റെ ജനപ്രീതി ഇടിയുന്നതായാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് അവര്‍ക്ക് വ്യക്തമാക്കിക്കഴിഞ്ഞു. 11 വര്‍ഷം ജര്‍മനിയെ ഭരിച്ച മെര്‍ക്കലിന് അടുത്തിടെ തിരിച്ചടിയായത് കുടിയേറ്റക്കാരോടുള്ള ഉദാര സമീപനമായിരുന്നു. ഇത് ജര്‍മന്‍ ജനതയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കി. അത് ശരി തന്നെയാണെങ്കിലും ജര്‍മന്‍ ജനതയ്ക്ക് മെര്‍ക്കലിനോടുള്ള ആരാധനയും സ്‌നേഹവും അത്ര വേഗം ഇല്ലാതാകുന്നതല്ല എന്നതാണ് വാസ്തവം.
കടുത്ത സാമ്പത്തിക മാന്ദ്യത്തിനും യൂറോ സോണ്‍ പ്രതിസന്ധിക്കും പിടികൊടുക്കാതെ ജര്‍മന്‍ സമ്പദ് വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത് ഉരുക്കു വനിതയെന്ന് ഖ്യാതി നേടിയ മെര്‍ക്കലാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ആരാധിക്കപ്പെടുന്ന നേതാവായി അവര്‍ മാറുകയും ചെയ്തു. യുക്രെയ്ന്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള മെര്‍ക്കലിന്റെ ശ്രമങ്ങളും ശ്രദ്ധേയമായിരുന്നു. ഏകദേശം 90,00,000 ത്തോളം വരുന്ന കുടിയേറ്റക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം ജര്‍മന്‍ അതിര്‍ത്തികള്‍ തുറന്നുകൊടുത്തതാണ് മെര്‍ക്കലിനെ പലരുടെയും കണ്ണിലെ കരടാക്കിയത്.

അടുത്തിടെ പുറത്തുവന്ന ഒരു അഭിപ്രായ സര്‍വെ വ്യക്തമാക്കുന്നത് 55 ശതമാനം ജര്‍മന്‍ ജനതയും ചാന്‍സലറായി മെര്‍ക്കല്‍ വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ്. ജര്‍മനിയുടെ കുതിപ്പിന് മെര്‍ക്കലിന് ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഉദാരകാഴ്ച്ചപ്പാടുള്ള, ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു പുരോഗമന നേതാവിനെ ലോകം വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഒരിക്കലും ആ സ്ഥാനത്തേക്കുയരാന്‍ സാധിക്കില്ല. ലോക രാഷ്ട്രങ്ങളുടെ അംഗീകാരം ഒരുപരിധി വരെയെങ്കിലും നേടാന്‍ സാധിക്കുക മെര്‍ക്കലിനായിരിക്കും. ഈ സാഹചര്യം ജര്‍മന്‍ ജനത തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Editorial