ജയലളിതയുടെ തിരിച്ചുവരവ്: വമ്പിച്ച ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ എഐഎഡിഎംകെ

ജയലളിതയുടെ തിരിച്ചുവരവ്: വമ്പിച്ച ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ എഐഎഡിഎംകെ

 

ചെന്നൈ: രണ്ട് മാസത്തിലേറെ നീണ്ടുനിന്ന ആശുപത്രി വാസത്തിനു ശേഷം ആരോഗ്യം വീണ്ടെടുത്ത് വീട്ടിലേക്ക് തിരികെയെത്താന്‍ തയാറെടുക്കുന്ന ജയലളിതയ്ക്ക് വമ്പിച്ച സ്വീകരണം നല്‍കാന്‍ എഐഎഡിഎംകെ നേതാക്കള്‍ തയാറെടുക്കുന്നു.
അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മുറിയിലേക്കു ശനിയാഴ്ച മാറ്റിയ വാര്‍ത്തയറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളുമടക്കം ആയിരക്കണക്കിന് പേര്‍ ആശുപത്രിക്കു മുന്നില്‍ ഒത്തു ചേര്‍ന്നത് ഉത്സവപ്രതീതി ജനിപ്പിച്ചിരുന്നു.
സെപ്റ്റംബര്‍ 22നു ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കടുത്ത പനി, നിര്‍ജ്ജലീകരണം എന്നിവയെ തുടര്‍ന്നു 68-കാരിയായ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജയലളിതയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി നിരവധി പൂജകളും പ്രാര്‍ഥനകളും സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചു. ശനിയാഴ്ച ജയലളിതയുടെ ആരോഗ്യം വീണ്ടെടുത്ത വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇത്തരത്തില്‍ പ്രാര്‍ഥനകളും അന്നദാനവും സംഘടിപ്പിക്കുകയുണ്ടായി.
ജയലളിത, ആശുപത്രി വിട്ട് വീട്ടിലെത്തുന്ന നിമിഷം പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും ആഘോഷിക്കുമെന്ന് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പറഞ്ഞു. ജയലളിത ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന ദിവസം തങ്ങള്‍ക്കു ദീപാവലിയായിരിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
തമിഴ്‌നാടിനു പുറമേ, എഐഎഡിഎംകെയ്ക്ക് വേരോട്ടമുള്ള കര്‍ണാടക, ആന്ധ്രപ്രദേശ്, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലും വമ്പന്‍ പരിപാടി നടത്താന്‍ തയാറെടുക്കുകയാണു പാര്‍ട്ടി പ്രവര്‍ത്തകര്‍.

Comments

comments

Categories: Politics, Slider

Related Articles