ട്രംപിന്റെ കാലത്തെ കറുത്തവന്റെ വ്യഥകള്‍

ട്രംപിന്റെ കാലത്തെ  കറുത്തവന്റെ വ്യഥകള്‍

അശോക് ഈശ്വരന്‍

2008ല്‍ അമേരിക്ക ആദ്യത്തെ ആഫ്രിക്കന്‍ വംശജനെ പ്രസിഡന്റായി തെരഞ്ഞെടുത്തപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതായി കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച ഒരു കൂട്ടായ്മയ്ക്കിടെ കുടിയേറ്റക്കാരിയായ ഒരു വോട്ടര്‍ ഓര്‍ത്തെടുത്തു. വിവിധ വംശങ്ങള്‍ ഒന്നിച്ചുചേരുന്ന രാജ്യത്ത് തന്റെ മക്കള്‍ നന്നായി വളരുമെന്ന് അവര്‍ പ്രത്യാശിച്ചു. എന്നാല്‍ എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അവര്‍ തളര്‍ന്നുപോയി. ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനു പിന്നാലെ അമേരിക്കയിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയിലാണ്.

അവര്‍ക്കെല്ലാം തെറാപ്പി സെഷനുകള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് സ്‌കൂള്‍ ടീച്ചര്‍മാര്‍. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ സംവാദങ്ങള്‍ കാണുന്നതില്‍ നിന്ന് കുട്ടികളെ വിലക്കിയ മാതാപിതാക്കള്‍ തങ്ങളുടെ മക്കളോട് ട്രംപിന്റെ സ്ഥാനലബ്ധിയെക്കുറിച്ച് എന്തു പറയണമെന്നറിയാതെ കുഴങ്ങുകയാണ്. രാഷ്ട്രീയ ചേരിതിരിവിന് ഇരയായ കുടുംബങ്ങള്‍ താങ്ക്‌സ് ഗിവിംഗ് ദിനത്തില്‍ ഒത്തുചേരുന്നത് ഉചിതമാണോയെന്ന് പുനര്‍വിചിന്തനം നടത്തുകയാണ്. പ്രതീക്ഷിച്ചതിനെക്കാള്‍ സ്ഥിതിഗതികള്‍ താറുമാറാക്കുകയാണ് ട്രംപ് ചെയ്തത്. വെറുപ്പിക്കുന്ന വംശീയത നടമാടിയ ട്രംപിന്റെ പ്രചാരണം സൃഷ്ടിച്ച ശത്രുത അതിവേഗമാണ് പടര്‍ന്നത്.

ചിക്കാഗോയുടെ പ്രാന്തപ്രദേശമായ നേപ്പര്‍വില്ലയില്‍ വെള്ളക്കാരനായ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി നിങ്ങളുടെ ഉടമ ഞാനാണ് കാരണം നിങ്ങള്‍ അടിമയാണെന്ന സന്ദേശം ആഫ്രിക്കന്‍- അമേരിക്കന്‍ വിദ്യാര്‍ത്ഥിക്ക് അയച്ചിരിക്കുന്നു. ട്രംപിന്റെ വിജയമുണ്ടാക്കിയ ആശങ്ക വോട്ടര്‍മാരില്‍ മാത്രം ഒതുങ്ങുന്നില്ല. ആഫ്രോ- അമേരിക്കന്‍ വംശജനായ കോണ്‍ഗ്രസ് അംഗം ഡാനി ഡേവിസ്, രാജ്യം മൂന്നു പതിറ്റാണ്ട് പിന്നിലേക്ക് വലിക്കപ്പെടുമെന്ന് ഭയക്കുന്നു. നേടിയെടുത്ത പലതും നിലനിര്‍ത്താന്‍ വോട്ടര്‍മാര്‍ ഇനിയും യുദ്ധം ചെയ്യേണ്ടിവരുമെന്നതും അദ്ദേഹത്തിന്റെ മറ്റൊരു ഭീതി.

ദേശഭക്തിയും ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും കുടിയേറ്റക്കാരെയും തരംതാഴ്ത്തുന്ന രീതിയും തമ്മിലെ അന്തരമായിരുന്നു നിയുക്ത പ്രസിഡന്റ് എന്ന് ഇല്ലിനോയി സെനറ്റര്‍ ഡാനിയേല്‍ ബിസ് പറഞ്ഞു. ട്രംപിന്റെ പെരുമാറ്റത്തിന്റെ നിയമ സാധുതയെ അംഗീകരിക്കുന്നതിന് വ്യക്തികളുടെയും രാജ്യത്തിന്റെയും ആത്മാവിനെ കൈവെടിയേണ്ടതുണ്ടെന്നും അദ്ദേഹം പരിതപിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ അമേരിക്കയിലെങ്ങും പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. ശോഭനമല്ലാത്തതെന്നു കരുതപ്പെടുന്ന രാജ്യത്തിന്റെ ഭാവിയിലെ നിര്‍ണായക ഘടകങ്ങളായ യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് പ്രതിഷേധക്കാരില്‍ അധികവും.

തെരഞ്ഞെടുപ്പ് ഫലത്തെ വൈറ്റ്‌ലാഷ് (ന്യൂനപക്ഷങ്ങളുടെ പുരോഗതിക്കെതിരായ വെള്ളക്കാരുടെ പ്രതിരോധം) എന്നാണ് ഒരു വിശകലന വിദഗ്ധന്‍ വിലയിരുത്തിയത്. ഭിന്നിപ്പിച്ചു ഭരിക്കല്‍ എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ വിദഗ്ധമായ പ്രായോഗികവല്‍ക്കരണമാണ് ട്രംപ് നടപ്പാക്കിയത്. ഭയവും വെറുപ്പും മതവുമെല്ലാം സമര്‍ത്ഥമായി കൂട്ടിച്ചേര്‍ക്കാമെന്ന് ട്രംപ് തെളിയിച്ചു. ഇരുട്ടിനും നിഴലുകള്‍ക്കും മേലെ നൈപുണ്യത്തെ അതിവേഗം പ്രതിഫലിപ്പിക്കാന്‍ ട്രംപിന്റെ പ്രചാരണത്തിന് സാധിച്ചു. ട്രംപിന്റെ ഭരണവും ചിഹ്നങ്ങളുടെ അതിപ്രസരം നിറഞ്ഞതായിരിക്കും. എക്കാലത്തേയും ഷോമാനായ ട്രംപ് നാല് ലക്ഷം ഡോളര്‍ എന്നതിനു പകരം ഒരു ഡോളര്‍ ശമ്പളം പറ്റുമെന്ന് പ്രഖ്യാപിച്ചു. രണ്ടു ദശാബ്ദമായി നികുതി അടയ്ക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് കണ്ടെത്തിയ ശതകോടീശ്വരന്റെ അതിരുകടന്ന പ്രവൃത്തിയായി മാത്രമേ അതിനെ കണക്കാക്കാന്‍ സാധിക്കൂ. തന്റെ സ്റ്റാഫുകളെ തെരഞ്ഞെടുക്കുന്നതിന് ട്രംപ് ഇതുവരെ അവലംബിച്ച രീതി അദ്ദേഹത്തിന്റ ലോക വീക്ഷണത്തെയും അപ്രമാദിത്വ മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നു.

ട്രംപിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റായി സ്റ്റീഫന്‍ ബാനനെ നിയമിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ക്കുപോലും ദഹിച്ചിട്ടില്ല. കടുത്ത വലതുപക്ഷ നയമുള്ള വെബ്‌സൈറ്റ് ബ്രെയ്റ്റ്ബാര്‍ട്ടിന്റെ ചീഫ് എക്‌സിക്യൂട്ടിവായ ബാനന്‍ വംശീയതയും അര്‍ധ സത്യങ്ങളും പ്രചരിപ്പിച്ചാണ് തന്റെ കരിയര്‍ കെട്ടിപ്പടുത്തത്. അമേരിക്കയുടെ ഗതി തന്നെ മാറ്റിയേക്കാവുന്ന ഒരു തെരഞ്ഞെടുപ്പ് നിയമലംഘനമായി മാറിയിരിക്കുകയാണ്. പോപ്പുലര്‍ വോട്ടുകളെടുത്താല്‍ ട്രംപിന്റെ എതിരാളി ഹിലരി ക്ലിന്റനാണ് ജയിച്ചത്. ജനകീയ വോട്ടുകളുടെ കാര്യത്തില്‍ ദശലക്ഷം പേരുടെ പിന്തുണ ഹിലരിക്ക് കൂടുതലുണ്ട്. അതിനാല്‍ തന്നെ ഇലക്ട്രല്‍ കോളെജ് വോട്ടുകളുടെ അടിസ്ഥാനത്തില്‍ വിജയിയെ നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന മുറവിളികളും തുടരുകയാണ്.

(ചിക്കാഗോയിലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments

comments

Categories: FK Special
Tags: America, Trump