സ്പാനിഷ് ലീഗ്: മാഡ്രിഡ് ഡെര്‍ബിയില്‍ റയലിന് ജയം

സ്പാനിഷ് ലീഗ്:  മാഡ്രിഡ് ഡെര്‍ബിയില്‍ റയലിന് ജയം

 

മാഡ്രിഡ്: സ്പാനിഷ് ലീഗ് പുതിയ സീസണിലെ ആദ്യ നാട്ടങ്കത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിനദീന്‍ സിദാന്റെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ റയല്‍ മാഡ്രിഡ് ഡീഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ 23-ാം മിനുറ്റില്‍ ഫ്രീകിക്കിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍വേട്ട ആരംഭിച്ചത്. ഒരു ഗോളിന് മുന്നിലായ റയലിനെ തളയ്ക്കാന്‍ രണ്ടാം പകുതിയില്‍ അറ്റാക്കിംഗിന് കൂടുതല്‍ പ്രാധാന്യം കൊടുത്താണ് സിമിയോണി അത്‌ലറ്റിക്കോയെ ഇറക്കിയത്. എന്നാല്‍ കൗണ്ടര്‍ അറ്റാക്കിംഗില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നായിരുന്നു സിദാന്‍ റയല്‍ താരങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

ഇടവേളയ്ക്ക് ശേഷം ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാന്റെയും കോകെയുടെയും നേതൃത്വത്തില്‍ അത്‌ലറ്റിക്കോ ഇരമ്പിയാര്‍ത്തു. എന്നാല്‍ 71-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോ റയലിനായി വീണ്ടും ലീഡെടുത്തു. രണ്ട് ഗോള്‍ വീണിട്ടും സ്വന്തം തട്ടകത്തില്‍ പോരാട്ട വീര്യം കൈവിടാതെ കൡച്ച അത്‌ലറ്റിക്കോയെ നിഷ്പ്രഭമാക്കി 77-ാം മിനുറ്റിലും ഗോള്‍ നേടി ക്രിസ്റ്റിയാനോ റയലിന്റെ പട്ടിക പൂര്‍ത്തിയാക്കി.

റയല്‍ മാഡ്രിഡുമായി 2021 വരെ കരാര്‍ പുതുക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരിയറില്‍ സ്വന്തമാക്കുന്ന 39-ാം ഹാട്രിക്കായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായത്. മാഡ്രിഡില്‍ കുറച്ച് നാളുകളായുള്ള അത്‌ലറ്റിക്കോയുടെ കുതിപ്പിനാണ് റയല്‍ തടയിട്ടത്. മാഡ്രിഡ് ഡെര്‍ബിയിലെ തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്ക് ശേഷമായിരുന്നു റയലിന്റെ അത്‌ലറ്റിക്കോയ്‌ക്കെതിരായ ജയം.

സീസണില്‍ പന്ത്രണ്ട് റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ റയല്‍ മാഡ്രിഡ് തോല്‍വിയറിയാതെ 30 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഒന്‍പത് ജയവും മൂന്ന് സമനിലയുമാണ് റയല്‍ നേടിയത്. അതേസമയം ഇത്രയും മത്സരങ്ങളില്‍ നിന്നും രണ്ട് പരാജയം ഏറ്റുവാങ്ങി രണ്ടാമതുള്ള ബാഴ്‌സലോണയ്ക്ക് 26 പോയിന്റാണുള്ളത്.

ഡിപോര്‍ട്ടീവോ ലാ കൊരുണയ്‌ക്കെതിരായ 3-2 ജയത്തോടെ 24 പോയിന്റായ സെവിയ്യയാണ് പോയിന്റ് പട്ടികയില്‍ മൂന്നാമത്. 22 പോയിന്റുമായി നാലാമതുള്ള വിയ്യ റയല്‍ അടുത്ത മത്സരം വിജയിക്കുകയാണെങ്കില്‍ മൂന്നാം സ്ഥാനത്തേക്ക് കയറും. അതേസമയം, റയല്‍ മാഡ്രിഡുമായി ഒന്‍പത് പോയിന്റ് വ്യത്യാസമുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ കരുത്തരായ താരങ്ങള്‍ ഇല്ലാതെയിറങ്ങിയ ബാഴ്‌സലോണയെ മലാഗ ഗോള്‍ രഹിത സമനിലയില്‍ തളച്ചിരുന്നു. ബാഴ്‌സലോണ സമനില വഴങ്ങിയത് റയലിന്റെ കിരീട സാധ്യതകള്‍ക്ക് അനുകൂല ഘടകമായി. ലീഗിലെ മറ്റൊരു മത്സരത്തില്‍ സെല്‍റ്റ വിഗോ എയ്ബറിനോട് ഒരു ഗോളിന്റെ തോല്‍വി വഴങ്ങി.

Comments

comments

Categories: Sports