അഴിമതിയില്‍ മുങ്ങിക്കുളിച്ച് ദക്ഷിണ കൊറിയ

അഴിമതിയില്‍ മുങ്ങിക്കുളിച്ച് ദക്ഷിണ കൊറിയ

അഴിമതി കഥകളാല്‍ സമൃദ്ധമായിരിക്കുകയാണു ദക്ഷിണ കൊറിയ. അഴിമതിയുടെ ഗന്ധം പേറുന്ന നിരവധി സംഭവങ്ങള്‍ ഈയടുത്ത കാലത്ത് അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഈ വര്‍ഷമാദ്യം കൊറിയന്‍ എയര്‍ലൈന്‍സില്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം ഹാന്‍ജിന്‍ എന്ന ഷിപ്പിംഗ് കമ്പനിയിലും ലോട്ടെ എന്ന ബിസിനസ് ശൃംഖലയിലും അഴിമതിയുടെ ദുഷിപ്പിക്കുന്ന കഥകള്‍ പുറത്തുവരികയുണ്ടായി. ഈ ശ്രേണിയിലേക്കാണു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹയിയുടെ പേരും ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
ഗ്യുന്‍ ഹയിയുടെ ദീര്‍ഘകാല വിശ്വസ്തയായ ചോയ് സുന്‍സില്‍, ഭരണകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയും വന്‍കിട ബിസിനസ് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി, ചോയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനുകള്‍ക്കു ശതകോടികള്‍ സംഭാവനയായി പിരിച്ചെടുത്തെന്ന സംഭവവുമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ചോയുമായി സഹകരിച്ച പ്രസിഡന്റ് ഗ്യുന്‍ ഹയിയുടെ മറ്റ് രണ്ട് സഹായികളെയും ദക്ഷിണ സെന്‍ട്രല്‍ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് കുറ്റക്കാരായി കണ്ടെത്തിയിട്ടുണ്ട്.
ഔദ്യോഗിക പദവി ദുരുപയോഗിച്ചതിനെതിരേ പ്രസിഡന്റ് ഗ്യുന്‍ ഹയിക്കെതിരേ കഴിഞ്ഞ നാല് ആഴ്ചകളായി പതിനായിരങ്ങളാണു തെരുവിലിറങ്ങിയത്. സമീപകാലത്തൊന്നും സാക്ഷ്യംവഹിക്കാത്ത വിധമുള്ള പ്രതിഷേധമാണ് 19ാം തീയതി ശനിയാഴ്ച സെന്‍ട്രല്‍ സോളിലെ നിരത്തുകളില്‍ ദൃശ്യമായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരി തെളിയിച്ചു കൊണ്ടു സെന്‍ട്രല്‍ സോളില്‍നിന്നും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ബ്ലൂ ഹൗസിലേക്കാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
കൊറിയയുടെ ഒരു സംസ്‌കാരം വിധേയത്വത്തിന്റേതാണ്. മേയറായും മന്ത്രിയായും തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആദ്യം ചെയ്യുന്നത് അവരുടെ ഓഫീസില്‍ സ്വന്തക്കാരെ തിരുകി കയറ്റുമെന്നതാണ്. അത് അവിടെ പതിവ് സംഭവവമാണ്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനു വരെ ഇത്തരത്തില്‍ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം യുഎന്നിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത സമയത്ത് നിരവധി കൊറിയക്കാരെ ഓഫീസുകളില്‍ നിയമിക്കുകയുണ്ടായി.
സമീപകാലത്ത് അഴിമതി റിപ്പോര്‍ട്ട് ചെയ്ത ഹാന്‍ജിന്‍ ഷിപ്പിംഗ് കമ്പനിയിലും ലോട്ടെ ബിസിനസ് ശൃംഖലയിലും കൊറിയന്‍ എയര്‍ലൈന്‍സിലും സംഭവിച്ചതും മറ്റൊന്നായിരുന്നില്ല. കമ്പനിയുടെ തലപ്പത്തുള്ളവര്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി അവരുടെ സ്വന്തക്കാരെയും സുഹൃത്തുക്കളെയും കുത്തിത്തിരുകി നിയമിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ സ്വജനപക്ഷ പാത ശൈലിയിലുള്ള പ്രവര്‍ത്തനമായിരുന്നു ഈ കമ്പനികളിലുണ്ടായിരുന്നത്. ഇത് കമ്പനിയുടെ നാശത്തിനു കാരണമാവുകയും ചെയ്തു. സ്വകാര്യ സ്ഥാപനങ്ങള്‍ പിന്തുടരുന്ന ഈ രീതി തന്നെയാണു കൊറിയയുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നടക്കുന്നത്.
സ്വകാര്യ സ്ഥാപനമായാലും സര്‍ക്കാര്‍ മേഖലയിലായാലും സ്വന്തക്കാരെ നിയമിക്കുന്നതിനു പിന്നിലൊരു മനശാസ്ത്രമുണ്ട്. യജമാനനോട് അവര്‍ വിധേയത്വം കാണിക്കുമെന്നതാണ് അത്. ഇത്തരത്തില്‍ വിനീത വിധേയനാകുന്നവര്‍ക്ക് അവരുടെ യജമാനന്‍ സ്വന്തമാക്കുന്ന സമ്പത്തിന്റെ ഒരു പങ്ക് ലഭിക്കുമെന്നതും മറ്റൊരു വസ്തുതയാണ്. അതേസമയം ഇത്തരത്തില്‍ യജമാനന്‍ സ്വന്തമാക്കുന്ന സമ്പത്തിന്റെ പങ്ക് കൈപ്പറ്റുമ്പോള്‍ മറ്റൊരു അപകടവും പതിയിരിപ്പുണ്ട്. അതാണ് ലോട്ടെ ബിസിനസ് ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന് സംഭവിച്ചത്. അദ്ദേഹത്തിന്റെ യജമാനന്‍ സ്വന്തമാക്കിയ അനധികൃത സ്വത്തിന്റെ പങ്ക് പറ്റിയ വൈസ് ചെയര്‍മാനെതിരേ അന്വേഷണം ആരംഭിച്ചതോടെ അദ്ദേഹത്തിന് സമ്മര്‍ദ്ദമേറുകയും അത് ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹയിയുമായി ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദം വെളിപ്പെടുത്തുന്നതും മറ്റൊന്നല്ല. ഭരണത്തിന്റെ തണലില്‍ എത്ര വലിയ നിയമമാണെങ്കിലും അത് ലംഘിക്കപ്പെടുമെന്ന ഓര്‍മപ്പെടുത്തലാണിത്.

Comments

comments

Categories: World