ചൈന ഓപ്പണ്‍: പി വി സിന്ധുവിന് കിരീടം

ചൈന ഓപ്പണ്‍:  പി വി സിന്ധുവിന് കിരീടം

 

ബെയ്ജിംഗ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം. ഫൈനല്‍ മത്സരത്തില്‍ ആതിഥേയ താരം സണ്‍ യൂവിനെ പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ കിരീട നേട്ടം. മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ 21-11, 17-21, 21-11 സ്‌കോറുകള്‍ക്കാണ് പത്താം റാങ്കുകാരിയായ സണ്‍ യൂവിനെ 11-ാം സ്ഥാനക്കാരിയായ പി വി സിന്ധു മറികടന്നത്.

ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ സിന്ധുവിന് ആധിപത്യം പുലര്‍ത്താനായില്ല. എന്നാല്‍ മൂന്നാം ഗെയിമില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ താരം തന്റെ കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കുകയായിരുന്നു. റിയോ ഒളിംപിക്‌സിലെ വെള്ളിമെഡല്‍ നേട്ടത്തിന് ശേഷം പി വി സിന്ധു നേടുന്ന ആദ്യ കിരീടം കൂടിയായിരുന്നു ഇത്.

ചൈന ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് പി വി സിന്ധു. 2014ല്‍ കെ ശ്രീകാന്തും സൈന നെഹ്‌വാളുമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിന് അര്‍ഹരായത്. ഒളിംപിക്‌സ് മെഡലിന് പുറമെ ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ വെങ്കലം കരസ്ഥാമക്കിയി സിന്ധുവിന്റെ ഏഴാമത്തെ അന്താരാഷ്ട്ര വ്യക്തിഗത കിരീടമാണിത്.

ഗ്രാന്‍ഡ് പ്രീ ഓപ്പണായ മാക്കാവു ഓപ്പണ്‍, മലേഷ്യന്‍ മാസ്റ്റേഴ്‌സ് എന്നിവയില്‍ യഥാക്രമം മൂന്ന്, രണ്ട് തവണയും ആഗോള ചാലഞ്ച് ടൂര്‍ണമെന്റായ ഇന്‍ഡോനേഷ്യ ഇന്റര്‍നാഷണല്‍ കിരീടം ഒരു പ്രാവശവും സിന്ധു സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം പി വി സിന്ധു സ്വന്തമാക്കുന്ന രണ്ടാം അന്താരാഷ്ട്ര നേട്ടം കൂടിയാണിത്.

അതേസമയം, കുറച്ചുനാള്‍ മുമ്പ് നടന്ന ഡെന്മാര്‍ക്ക്, ഫ്രഞ്ച് ഓപ്പണുകളിലെ രണ്ടാം റൗണ്ടില്‍ വെച്ച് തന്നെ പി വി സിന്ധു പുറത്തായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ചൈന ഓപ്പണില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

Comments

comments

Categories: Slider, Sports