ഇന്ത്യ- ജപ്പാന്‍ ആണവ കരാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഇരയാകരുത്

ഇന്ത്യ- ജപ്പാന്‍ ആണവ കരാര്‍  രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഇരയാകരുത്

ഉദയ് ഭാസ്‌കര്‍

ന്ത്യയുടെ ആണവ രൂപരേഖയില്‍ ദീര്‍ഘകാല സ്വാധീനം ചെലുത്താന്‍ പാകത്തിലുള്ള രണ്ടു ശ്രദ്ധേയ സംഭവ വികാസങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായിക്കഴിഞ്ഞു. ഇപ്പോഴത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈ പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലേക്ക് കണ്ണോടിക്കുന്നത് പുതിയ പാഠങ്ങള്‍ പകര്‍ന്നു തരുന്നതായിരിക്കും.

ചൈനയോടും ജപ്പാനോടും ബന്ധപ്പെട്ടുള്ളതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍- രണ്ടും വിഭിന്നവും. അതില്‍ മുഖ്യമായ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനുമായി ആണവ കരാര്‍ ഒപ്പിട്ടതാണ്. സുപ്രധാന ചില വിഷയങ്ങളെ വിശദീകരിക്കാന്‍ സങ്കീര്‍ണതകളുണ്ടെങ്കിലും ഇന്ത്യ ഏറെക്കാലം കാത്തിരുന്ന കരാറാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. എന്‍എസ്ജി (ന്യൂക്ലിയര്‍ സപ്ലൈസ് ഗ്രൂപ്പ്, ആണവ സാമഗ്രി വിതരണ സംഘം)യില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമവും ചൈന അതിനോട് പുലര്‍ത്തുന്ന കടുത്ത എതിര്‍പ്പുമാണ് രണ്ടാമത്തെ സംഭവം.

എന്‍എസ്ജി അംഗത്വത്തിന് പരിഗണിക്കുന്നതിന് മുന്‍പ് ആണവ നിര്‍വ്യാപന കരാറില്‍ (ന്യൂക്ലിയര്‍ നൊണ്‍ പ്രൊളിഫൊറേഷന്‍ ട്രീറ്റി) ഒപ്പിടേണ്ടത് അനിവാര്യമാണെന്ന് വിയന്നയില്‍ നടന്ന എന്‍എസ്ജി യോഗത്തില്‍ (ആ സമയം മോദി ജപ്പാനിലായിരുന്നു) ചൈന ആവര്‍ത്തിച്ചു വ്യക്തമാക്കിക്കഴിഞ്ഞു. അത് യഥാര്‍ത്ഥത്തില്‍ ഒരു വീറ്റോയാണ്. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കാത്തതിനാല്‍ തന്നെ ജപ്പാന്‍ അടക്കമുള്ള ആണവായുധശേഷിയുള്ള രാജ്യങ്ങളെ തള്ളിക്കളയുകയെന്നത് ഒരു നല്ല മാര്‍ഗമല്ല. പ്രതീകാത്മതയുടെയും പ്രധാനപ്പെട്ട ഉള്‍പ്പെടുത്തലുകളുടെയും കാര്യത്തില്‍ ഇന്ത്യ-ജപ്പാന്‍ ആണവ കരാര്‍ ശ്രദ്ധേയമാണ്.

ആണവ വിഷയത്തില്‍ ആഴത്തിലെ അവബോധം ജപ്പാനുണ്ട്. 1998ല്‍ ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തെ ജപ്പാന്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആണവ കരാറില്‍ പരിണമിച്ച തരത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലെ ബന്ധം മെച്ചപ്പെട്ടതും എന്‍എസ്ജിയില്‍ ഇന്ത്യക്ക് പ്രത്യേക പരിഗണന ലഭിച്ചതും നിലപാട് മാറ്റാന്‍ ജപ്പാനെ പ്രചോദിപ്പിച്ചു. പ്രക്ഷുബ്ധമായ 2005-08 കാലയളവില്‍ തന്റെ  വ്യക്തിപരമായ രാഷ്ട്രീയ മൂലധനം വിനിയോഗിച്ച് ഇന്ത്യയുമായി ആണവ ബന്ധം സ്ഥാപിച്ച അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റേതിനു തുല്യമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സെ ആബെ പ്രകടിപ്പിച്ച ലക്ഷ്യബോധവും പുരോഗനാത്മകമായ ഈ മാറ്റത്തിന് ഉത്തേജനം പകര്‍ന്നു.

ബുഷിന്റെ കാലത്ത് സമ്മര്‍ദ്ദ ഘട്ടത്തില്‍ അമേരിക്കയുമായി ആശയവിനിമയം നടത്തുമ്പോള്‍ ഇന്ത്യക്ക് മറ്റൊരു ആണവ പരീക്ഷണം നടത്താനുള്ള അവകാശമായിരുന്നു ചര്‍ച്ചകളുടെ കേന്ദ്ര ബിന്ദു. ആണവ അധികാരികളെയും അമേരിക്കന്‍ കോണ്‍ഗ്രസിലെ തന്റെ വിമര്‍ശകരെയും തൃപ്തിപ്പെടുത്താത്ത ഏതു രൂപരേഖയിലൂടെയും കടന്നുപോകാന്‍ ബുഷിന് കഴിയുമായിരുന്നെങ്കിലും ഒരു വഴിയും തെളിയില്ലെന്ന ഉറപ്പ് വിദഗ്ധര്‍ക്കുണ്ടായിരുന്നു. ഇന്ത്യയിലെയും അമേരിക്കയിലെയും ആഭ്യന്തര രാഷ്ട്രീയത്തിലെ പിടിവാശികള്‍ ആണവ കരാറിനെ സാധ്യതകളില്ലാത്ത അവസ്ഥയിലെത്തിച്ചു.

എന്നാല്‍ രണ്ടു ഭരണാധികാരികളുടെ ഉചിതമായ നിയമനിര്‍മാണങ്ങളും ബുദ്ധിപരമായ രീതിയില്‍ രൂപപ്പെടുത്തിയ അഭിപ്രായ ഐക്യവും ആണവ കരാറിനെ യാഥാര്‍ത്ഥ്യത്തിലെത്തിച്ചു. പക്ഷേ, കരാര്‍ വാക്കുകൊണ്ടു മാത്രമേ പൂര്‍ത്തീകരിക്കപ്പെട്ടുള്ളു. ആണവ വിഷയത്തിലെ സ്വയം നിയന്ത്രണങ്ങള്‍ തുടരുമോ എന്നതടക്കമുള്ള കൂടുതല്‍ ഉറപ്പുകള്‍ കരാറിന്റെ അവസാന ഘട്ടത്തില്‍ അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു. അതിനുശേഷം 2008 സെപ്റ്റംബര്‍ 5നാണ് അന്നത്തെ വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജി കരാര്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അതിനു രണ്ടു ദിവസത്തിനുശേഷം ഇന്ത്യ ആവശ്യപ്പെട്ട എന്‍എസ്ജി ഇളവ് അനുവദിച്ചു. അങ്ങനെ ദീര്‍ഘകാലത്തെ ആണവ ഒറ്റപ്പെടുത്തലിനും ഭീഷണികള്‍ക്കും വിരാമം കുറിക്കപ്പെട്ടു.

ആണവ രംഗത്ത് ദേശ താല്‍പര്യത്തിന് ഏറ്റവും ഊര്‍ജ്ജം പകരുന്നതെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കരാറിനെ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പാര്‍ട്ടിക്കുള്ളില്‍ നിന്നുയര്‍ന്ന വിയോജിപ്പും ബിജെപിയും ഇടതു പാര്‍ട്ടികളും അടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പും ഇല്ലാതാക്കിയേനെ. എന്നാല്‍ അമേരിക്കയുമായുള്ള കരാര്‍ ഇന്ത്യയുടെ ഭ്രഷ്ട് നീക്കി. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടിട്ടില്ലെങ്കിലും ബുഷിന്റെയും മന്‍മോഹന്റെയും നിശ്ചയദാര്‍ഢ്യം ഇന്ത്യക്ക് എന്‍എസ്ജിയില്‍ പ്രത്യേക പരിഗണന ഉറപ്പിച്ചുകൊടുത്തു. അതുകൊണ്ടാണ് ഇന്ത്യ ആണവായുധം സ്വന്തമാക്കിയത്. നിര്‍ഭാഗ്യവശാല്‍, രാജ്യ താല്‍പര്യമുള്ള വിഷയങ്ങളില്‍പോലും ആര്‍ക്കും നേട്ടമില്ലാത്ത വാശികള്‍ പിടിക്കുന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പെരുമാറ്റരീതി.

ആണവ വിഷയത്തില്‍ അതു കൂടുതല്‍ വ്യക്തമാണ്. ആണവ കടമ്പ കടക്കാന്‍ അടല്‍ ബിഹാരി വാജ്‌പേയി ഭരണകൂടം തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസിന് അതിനെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ആണവായുധങ്ങള്‍ സ്വന്തമാക്കുന്നതിനെ പ്രതിപക്ഷത്തിരുന്നപ്പോള്‍ കോണ്‍ഗ്രസ് നിന്ദിച്ചു, 1995ല്‍ പി വി നരസിംഹ റാവു ആണവ പരീക്ഷണം നടത്താന്‍ തീരുമാനിച്ചിരുന്നെന്ന് അറിയാമായിരുന്നിട്ടു പോലും. കോണ്‍ഗ്രസ് ഭരണത്തിലെത്തിയപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിഞ്ഞു. അമേരിക്കയുമായി സിവിലിയന്‍ ആണവ കരാറിലെത്തിയതിന് മന്‍മോഹന്‍ സിംഗിനെ ബിജെപി വിമര്‍ശനങ്ങളുടെ കടലിലെറിഞ്ഞു. സാങ്കല്‍പ്പികവും അതിഭാവുകത്വം നിറച്ചതുമായ ഏതാനും തടസവാദങ്ങളെ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് കടത്തിവിട്ടെങ്കിലും രണ്ടു പാര്‍ട്ടികളിലെയും മധ്യസ്ഥരെയും അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും 2008ന്റെ അവസാനംവരെ ആണവ വിഷയത്തില്‍ സജീവമായി നിന്നതിന് അഭിനന്ദിച്ചേ മതിയാവു.

ആണവ പരീക്ഷണത്തിന്റെ കാര്യത്തില്‍ സ്വയം പ്രഖ്യാപിത മൊറട്ടോറിയം നിലനിര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ആദ്യം സൂചിപ്പിച്ചത് 1998ല്‍ വാജ്‌പേയിയാണെന്നതാണ് കൂടുതല്‍ ആഴത്തിലുള്ള രാഷ്ട്രീയ ധാരണ. അചഞ്ചലമായ ആണവായുധ നിയന്ത്രണത്തിലുള്ള ഇന്ത്യയുടെ വിശ്വാസ്യത 1999ലെ കാര്‍ഗില്‍ യുദ്ധകാലത്ത് മുന്‍നിരയിലെത്തി. ഉത്തരവാദിത്തവും ധാര്‍മികതയുമുള്ള ആണവ രാജ്യമായി ഇന്ത്യ അംഗീകരിക്കപ്പെട്ടു. ഇന്ന്, ജപ്പാനുമായുള്ള ആണവ കരാര്‍ ന്യൂക്ലിയര്‍ ടെസ്റ്റിംഗിനെ സംബന്ധിച്ച് അവ്യക്തമായ വിശദീകരണത്തിന്റെ പിടിയിലകപ്പെട്ടിരിക്കുന്നു. 2008ല്‍ അമേരിക്കയ്ക്കു വഴങ്ങിക്കൊടുത്തതിനെക്കാള്‍ കൂടുതല്‍ 2016ല്‍ ഇന്ത്യ ജപ്പാന് വഴങ്ങിക്കൊടുത്തെന്ന അഭിപ്രായങ്ങളുമുണ്ട്.

തല്‍ക്കാലത്തേക്ക്, ഇന്ത്യയിലെ രാഷ്ട്രീയ സംവാദങ്ങള്‍ മുന്‍കാല ഭരണകൂടങ്ങള്‍ സ്വീകരിച്ചുപോന്ന ക്രമീകരണങ്ങളെ ദുഷിപ്പിക്കരുത്. ഇടക്കാല രാഷ്ട്രീയ നേട്ടത്തിനുവേണ്ടി നിഗൂഢമായ വിലപേശല്‍ നടത്തരുത്. രാജ്യത്തിനകത്തെ വികാരങ്ങളെ മുതലെടുക്കുന്നതിന് വേണ്ടി ദൃഢമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് തന്ത്രപരമായ വാക്കുകളിലൂടെ ഇന്ത്യ ഒഴിഞ്ഞു മാറാന്‍ പാടില്ല. ജപ്പാനുമായുള്ള കരാറിനെ മാനിക്കുകയും ഇന്ത്യയുടെ ധാര്‍മ്മികതയിലും ആര്‍ജ്ജവത്തിലും പ്രകാശം പരത്തുന്ന രീതിയില്‍ അതിനെ വ്യാഖ്യാനിക്കുകയും വേണം.

(ന്യൂഡെല്‍ഹിയിലെ സൊസൈറ്റി ഓഫ് പോളിസി സ്റ്റഡീസിന്റെ ഡയറക്റ്ററാണ് ലേഖകന്‍)

Comments

comments

Categories: FK Special
Tags: Japan, nuclear