മദ്യഷോപ്പില്‍ ക്യൂ നില്‍ക്കാമെങ്കില്‍ എടിഎമ്മിലും ആകാമെന്ന് മോഹന്‍ലാല്‍

മദ്യഷോപ്പില്‍ ക്യൂ നില്‍ക്കാമെങ്കില്‍ എടിഎമ്മിലും ആകാമെന്ന് മോഹന്‍ലാല്‍

സൂരത്ഗര്‍ (ജയ്പൂര്‍): കള്ളപ്പണത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. മദ്യ ഷോപ്പിന് മുന്നില്‍ വരി നില്‍ക്കാമെങ്കില്‍ എടിഎമ്മിന് മുന്നിലും അതാകാമെന്ന് മോഹന്‍ലാല്‍ തന്റെ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന സൈറ്റിലെഴുതിയ പുതിയ ബ്ലോഗില്‍ വ്യക്തമാക്കുന്നു. മേജര്‍ രവി ചിത്രത്തിന്റെ ജയ്പൂര്‍ സൂരത്ഗര്‍ ലൊക്കേഷനില്‍നിന്നാണ് മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയിരിക്കുന്നത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രിയുടെ നടപടി ആത്മാര്‍ത്ഥമായ സര്‍ജിക്കല്‍ സ്‌ട്രൈക് ആയിരുന്നെന്നും ഇന്ത്യയെ സൂക്ഷ്മമായി പഠിച്ചതിന്റെ മുദ്രകള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നെന്നും ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്റെ ബ്ലോഗ് ഇങ്ങനെ തുടരുന്നു.

അഴിമതി വ്യക്തികളുടെ കുറ്റം എന്നതിലുപരി വ്യവസ്ഥിതിയുടെ ജീര്‍ണ്ണതയായി മാറിക്കഴിഞ്ഞ കാലത്താണ് മോദിയുടെ നടപടി. ഈ തീരുമാനം സാധാരണ ജനത്തെ പലതരത്തിലും ബുദ്ധിമുട്ടിക്കുന്നതായാണ് കേള്‍ക്കുന്നത്. മദ്യ ഷോപ്പിനും സിനിമാശാലകള്‍ക്കും ആരാധാനാലയങ്ങള്‍ക്കും മുന്നില്‍ വരി നില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിനായി അല്‍പ്പസമയം വരി നില്‍ക്കുന്നതില്‍ കുഴപ്പമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ജയ്പൂരിന് അഞ്ഞൂറിലധികം കിലോമീറ്റര്‍ ദൂരെ സൂരത്ഗര്‍ എന്ന അതിര്‍ത്തി പ്രദേശത്താണ് ഇപ്പോള്‍ ഉള്ളതെന്ന് മോഹന്‍ലാല്‍ ബ്ലോഗിലൂടെ അറിയിക്കുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

പാവപ്പെട്ടവനെങ്കിലും അഭിമാനിയായ ഇന്ത്യക്കാരനെയാണ് മോദി തന്റെ പ്രസംഗത്തിലൂടെ മുന്നിലേക്ക് നിര്‍ത്തിയത്. തന്റെ വാഹനത്തില്‍ മറന്നുവെച്ച പണമോ ആഭരണമോ തിരികെ നല്‍കാന്‍ ശ്രമിക്കുന്ന പാവപ്പെട്ട ഓട്ടോ ഡ്രൈവറെ അദ്ദേഹം ഉദാഹരിച്ചു. ഇത്തരം സത്യസന്ധരായ ജനങ്ങളെ പരിഹസിച്ചുകൊണ്ടാണ് കള്ളപ്പണം പാവപ്പെട്ട ഇന്ത്യക്കാരന്റെ മുന്നിലൂടെ പുളച്ച്, ചിരിച്ച് കടന്നുപോകുന്നത്. ഇക്കാര്യങ്ങളെല്ലാം മോദി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

താന്‍ ഒരിക്കലും വ്യക്തി ആരാധകനല്ലെന്നും വ്യക്തികളെയല്ല ആശയങ്ങളെയാണ് ആരാധിക്കുന്നതെന്നും ലാല്‍ വ്യക്തമാക്കി. ഇപ്പോഴത്തെ ബുദ്ധിമുട്ടുകള്‍ നല്ല ലക്ഷ്യത്തിന് വേണ്ടിയുള്ളതാണ്. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്ന തത്വമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ തന്നെ സഹായിച്ചതെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.

Comments

comments

Categories: Slider, Top Stories