റഷ്യയുമായി സമാധാന ഉടമ്പടി ഉടന്‍: ഷിന്‍സോ ആബേ

റഷ്യയുമായി സമാധാന ഉടമ്പടി ഉടന്‍: ഷിന്‍സോ ആബേ

 

ടോക്യോ: പശ്ചിമ പസഫിക് ദ്വീപുകളുടെ അതിര്‍ത്തി സംബന്ധിച്ചുള്ള തര്‍ക്കത്തിനു പരിഹാരം കണ്ടെത്താനുള്ള വഴി വിദൂരമല്ലെന്നു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. ജപ്പാനില്‍ അടുത്ത മാസം പകുതിയോടെ നടക്കുന്ന ഉഭയകക്ഷി ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും ആബേ സൂചിപ്പിച്ചു.
ഏഷ്യ-പസഫിക് ഇക്കണോമിക് കോപ്പറേഷന്‍(അപെക്) ഉച്ചകോടിയുടെ ചുവടുപിടിച്ച് റഷ്യന്‍ പ്രസിഡന്റുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ആബേ.
പശ്ചിമ പസഫിക് ദ്വീപുകളുടെ അതിര്‍ത്തി സംബന്ധിച്ചു ടോക്യോയും മോസ്‌കോയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ സോവിയറ്റ് സേന കൈയ്യടിക്കിയതാണ് പശ്ചിമ പസഫിക് ദ്വീപുകള്‍. ഈ ദ്വീപുകളുടെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പോലും അകല്‍ച്ച രൂപപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി സമാധാന ഉടമ്പടിക്ക് ശ്രമിക്കുന്നു. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കും ഉടമ്പടിയില്‍ ഒപ്പുവയ്ക്കാന്‍ സാധിച്ചിരുന്നില്ല.
സമാധാന ഉടമ്പടി ഒപ്പുവയ്ക്കുക എന്നത് നിസാരമല്ലെങ്കിലും സമീപഭാവിയില്‍ സ്വപ്‌നം സാക്ഷാത്കരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ജാപ്പനീസ് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറില്‍ റഷ്യയില്‍ വച്ച് പുടിനുമായി ആബേ നടത്തിയ കൂടിക്കാഴ്ചയിലൂടെ സമാധാന ഉടമ്പടിക്കുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജപ്പാനുമായി സാമ്പത്തിക മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാനും റഷ്യ തീരുമാനിച്ചിരുന്നു.

Comments

comments

Categories: World