ഇന്‍ഫോസിസ് അണ്‍സിലോയില്‍ 14.4 കോടി നിക്ഷേപിച്ചു

ഇന്‍ഫോസിസ് അണ്‍സിലോയില്‍ 14.4 കോടി നിക്ഷേപിച്ചു

 

ബെംഗളൂരു: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ അണ്‍സിലോയില്‍ 14.4 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇന്‍ഫോസിസ് ഇന്നൊവേഷന്‍ ഫണ്ട് യൂറോപ്പില്‍ നടത്തുന്ന ആദ്യത്തെ നിക്ഷേപമാണിത്.

അഡ്വാന്‍സ്ഡ് ടെസ്റ്റ് അനാലിസിസ് മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അണ്‍സിലോ 2012 ലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. മെഷീന്‍ ലേണിങ്, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംഗ് എന്നിവ വഴി വലിയ അളവിലുള്ള ടെസ്റ്റ് ഡാറ്റകള്‍ വിശകലനം ചെയ്ത് എഡിറ്റര്‍മാര്‍, ഗവേഷകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള ജോലിക്കാരുടെ കാര്യക്ഷമതയും വേഗതയും വര്‍ധിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് സഹായിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അക്കാഡമിക് സയന്റിഫിക് പബ്ലീഷര്‍മാരായ ടെക്‌നിക്കല്‍ ആന്‍ഡ് മെഡിക്കല്‍ കണ്ടന്റ്(എസ്ടിഎം) അണ്‍സിലോയുമായി കുറെ വര്‍ഷങ്ങളായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

അണ്‍സിലോയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് ടെക്‌നോളജികള്‍ ആഗോളതലത്തിലുള്ള ഉപഭോക്താക്കളിലെത്തിക്കുന്നതിന് സഹകരണം സഹായിക്കുമെന്ന് ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് & വെഞ്ച്വേഴ്‌സിന്റെ ആഗോള മേധാവിയുമായ റിതിക സൂരി അഭിപ്രായപ്പെട്ടു. കമ്പനിയുടെ ഗ്രൗണ്ട് ബ്രേക്കിംഗ് ടെക്‌നോളജികള്‍ ഇന്‍ഫോസിസുമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് ദൃഢമായ ഉപഭോക്തൃ ബന്ധമുണ്ടാക്കാന്‍ കഴിയുമെന്നും പുതിയ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കാനും ആഗോളതലത്തില്‍ അതിവേഗം വളരുന്നതിനും സഹകരണം സഹായിക്കുമെന്നും അണ്‍സിലോ സിഇഒ തോമസ് ലൗര്‍സെന്‍ പറഞ്ഞു. ഇന്‍ഫോസിസ് നിക്ഷേപം ഡെന്‍മാര്‍ക്ക് ഇന്നൊവേഷന്‍ ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുമെന്ന് ഡെന്‍മാര്‍ക്ക് വിദേശകാര്യമന്ത്രി ക്രിസ്റ്റ്യന്‍ ജെന്‍സണ്‍ അഭിപ്രായപ്പെട്ടു.

സിഇഒയായ വിശാല്‍ സിക്കയുടെ പുതിയ വളര്‍ച്ചാ നയത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്‍ഫോസിസ് സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങള്‍ നടത്തിവരുന്നുണ്ട്. ആഗോളതലത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിനായി 500 ദശലക്ഷം ഡോളറിന്റെ ഇന്നൊവേഷന്‍ ഫണ്ടാണ് ഇന്‍ഫോസിസ് മാറ്റിവെച്ചിരിക്കുന്നത്. ഇതില്‍ പകുതി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലായിരിക്കും നിക്ഷേപിക്കുക. കഴിഞ്ഞ ആഴ്ച്ച യുഎസ് ആസ്ഥാനമായ ബിഗ് ഡാറ്റാ സ്റ്റാര്‍ട്ടപ്പായ ടൈഡല്‍സ്‌കെയ്‌ലില്‍ ഇന്‍ഫോസിസ് നിക്ഷേപം നടത്തിയിരുന്നു.

Comments

comments

Categories: Entrepreneurship