യുപി ട്രെയ്ന്‍ അപകടത്തില്‍ മരണം 127

യുപി ട്രെയ്ന്‍ അപകടത്തില്‍ മരണം 127

 

ന്യൂഡെല്‍ഹി: രാജ്യത്തെ നടുക്കി മറ്റൊരു ട്രെയ്ന്‍ അപകടം കൂടി. കാന്‍പൂരിനടുത്ത് ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് പാളം തെറ്റി ചുരുങ്ങിയത് 127 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. 200 പേര്‍ക്ക് പരിക്കുണ്ട്. 14 കോച്ചുകളിലധികം പാളം തെറ്റി. കാന്‍പൂരില്‍ നിന്നും 100 കി.മീ അകലെ പുക്രയാന്‍ എന്ന സ്ഥലത്താണ് പുലര്‍ച്ചെ 3 മണിയോടെ അപകടമുണ്ടായത്.

അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും റെയ്ല്‍ പാളത്തിലെ വിള്ളലായിരിക്കാം സംഭവത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ മനസെന്നും അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും മോദി പറഞ്ഞു. റെയ്ല്‍വേ മന്ത്രി സുരേഷ് പ്രഭു സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ തക്ക നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആവര്‍ത്തിച്ചുണ്ടാകുന്ന ട്രെയ്ന്‍ അപകടങ്ങള്‍ ട്രെയ്ന്‍ യാത്രയുടെ സുരക്ഷിത്വത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണെന്ന വിമര്‍ശനങ്ങളും ശക്തമാകുന്നുണ്ട്.

അപകടങ്ങള്‍ തുടര്‍ക്കഥ
രാജ്യത്ത് ഈ വര്‍ഷം ചെറുതും വലുതുമായി പത്തോളം ട്രെയ്ന്‍ അപകടങ്ങളാണുണ്ടായത്. കറുകുറ്റിയില്‍ തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് അടുത്തിടെയാണ് പാളം തെറ്റിയത്. ഇതിന്റെ കാരണം എന്താണെന്ന് ഇതുവരെ റെയല്‍വേക്ക് കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സെപ്റ്റംബര്‍ 30ന് ഒഡീഷയിലെ കട്ടക്കില്‍ പാസഞ്ചര്‍ ട്രെയ്‌നും ഗുഡ്‌സ് ട്രെയ്‌നും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഒക്‌റ്റോബര്‍ 5ന് ജമ്മുതാവി-പൂനെ എക്‌സ്പ്രസ് പാളം തെറ്റി നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

Comments

comments

Categories: Slider, Top Stories