ഗ്രാമപ്രദേശങ്ങളില്‍ പണദൗര്‍ലഭ്യം: വിമാനമാര്‍ഗം പുതിയ നോട്ടുകളെത്തിക്കും

ഗ്രാമപ്രദേശങ്ങളില്‍ പണദൗര്‍ലഭ്യം:  വിമാനമാര്‍ഗം പുതിയ നോട്ടുകളെത്തിക്കും

ന്യൂഡെല്‍ഹി : പുതിയ 2000, 500 രൂപ നോട്ടുകള്‍ രാജ്യത്ത് എല്ലാ പ്രദേശങ്ങളിലേക്കും എത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഹെലികോപ്റ്ററുകളും വ്യോമസേനാ വിമാനങ്ങളും ഉപയോഗിക്കും. സാധാരണ രീതിയില്‍ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്ന പ്രസ്സുകളില്‍നിന്ന് വിവിധ ബാങ്കുകളുടെ കറന്‍സി ചെസ്റ്റുകളില്‍ പണമെത്തിക്കുന്നതിന് 21 ദിവസമാണ് ആവശ്യമായി വരാറുള്ളത്. ഈ ദൈര്‍ഘ്യം കുറയ്ക്കുന്നതിനാണ് വിമാനങ്ങള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കറന്‍സി ചെസ്റ്റുകളില്‍ ആറ് ദിവസം കൊണ്ട് പണമെത്തിക്കുന്നതിനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വേണ്ടത്ര എടിഎമ്മുകള്‍ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ പണ ദൗര്‍ലഭ്യം ഗുരുതരമായി തുടരുന്നതു കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്ക് അടുത്തയാഴ്ചയോടെ പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം സമ്പദ് വ്യവസ്ഥ പഴയ നിലയിലേക്ക് ജനുവരി പകുതിയോടെ മാത്രമേ തിരികെയെത്താന്‍ സാധ്യതയുള്ളൂവെന്നും കരുതുന്നു.

2000 രൂപയുടെ നോട്ടിനു പിന്നാലെ സര്‍ക്കാര്‍ 500 രൂപയുടെ നോട്ടും പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇവ എടിഎമ്മുകളില്‍ ഇനിയും ലഭ്യമായി തുടങ്ങിയിട്ടില്ല. എടിഎമ്മുകളില്‍ പുതിയ 500 രൂപയുടെ നോട്ടുകള്‍ നിറയ്ക്കുന്നതിന് ആവശ്യമായ സാങ്കേതിക തിരുത്തലുകള്‍ ആവശ്യമായതാണ് കാരണം. ഇതിന് കാലതാമസം ഉണ്ടാകുമെന്നതിനാല്‍ ചില്ലറക്ഷാമം കുറച്ചു ദിവസങ്ങള്‍ കൂടി തുടരാനാണ് സാധ്യത. നഗരങ്ങളില്‍ അടുത്തയാഴ്ചയോടെ കാര്യങ്ങള്‍ സാധാരണഗതിയില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Slider, Top Stories