ഇസാഫ് ബാങ്ക് 2017 ജനുവരി ആദ്യ പാദത്തില്‍

ഇസാഫ് ബാങ്ക് 2017 ജനുവരി ആദ്യ പാദത്തില്‍

 

തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായ ഇസാഫ് മൈക്രോഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന് സ്മാള്‍ ഫിനാന്‍സ് ബാങ്ക് (എസ്എഫ്ബി) തുടങ്ങാന്‍ റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി ലഭിച്ചു. ബാങ്ക് 2017 ജനുവരി ആദ്യപാദത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കേരളത്തില്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ ബാങ്കാണ് ഇസാഫ്.

ബാങ്കിന് ലൈസന്‍സ് ലഭിച്ചത് സമൂഹത്തിലെ താഴെ തട്ടിലുള്ള ജനങ്ങളിലേക്ക് ഇസാഫിന്റെ സേവനമെത്തിക്കാന്‍ കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണെന്ന് ഇസാഫ് മൈക്രോഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ കെ പോള്‍ തോമസ് പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യയിലൂടെയും മികച്ച സേവനത്തിലൂടെയും കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ ഇസാഫിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളുടേയും മാനവശേഷിയുടേയും വികസനത്തിനായി പുതിയ ബാങ്കിന് തുടക്കത്തില്‍ സാമ്പത്തികബാധ്യത കൂടുമെങ്കിലും കാലക്രമേണ ഫണ്ടിന്റെ ആവശ്യം കുറയുമെന്നും അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുമെന്നും പോള്‍ തോമസ് പറഞ്ഞു.

ഇസാഫ് മൈക്രോഫിനാന്‍സിന് നിലവില്‍ 3000 ജീവനക്കാരാണുള്ളത്. ഇത് 2017 മാര്‍ച്ചോടെ 3500 ആയി വര്‍ധിപ്പിക്കാനാകും. നഗര, അര്‍ധനഗര, ഗ്രാമീണ മേഖലകളില്‍ ബാങ്കിന്റെ സാന്നിധ്യമുണ്ടാകും. പ്രവര്‍ത്തനത്തിന്റെ ആദ്യദിനം തന്നെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രവര്‍ത്തനമാരംഭിക്കുന്ന ബാങ്ക് ക്രമേണ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ ഇസാഫ് ലക്ഷ്യമിടുന്നുണ്ട്.

ശാഖകളിലൂടെയുള്ള സേവനങ്ങള്‍ക്ക് പുറമേ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ എക്കൗണ്ട് കൈകാര്യം ചെയ്യാന്‍ മൊബീല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഇസാഫ് ലഭ്യമാക്കും. ഐടിയില്‍ മാത്രം കമ്പനി ഇതുവരെ 20 കോടിയോളം രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ബാങ്കിലേക്കുള്ള മാറ്റത്തിന് പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റായി ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെയും സിസ്റ്റം ഇന്റഗ്രേറ്ററായി ഫിസ് ഗ്ലോബലിന്റെയും സേവനമാണ് ഇസാഫ് സ്വീകരിക്കുന്നത്. മികച്ച സാങ്കേതികതയിലൂടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇസാഫ് മൈക്രോഫിനാന്‍സിന് ഇന്ന് രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്. നിലവില്‍ 12 ലക്ഷം ഇടപാടുകാരുള്ള ഇസാഫ് 2020ഓടെ അത് 30 ലക്ഷമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

Comments

comments

Categories: Slider, Top Stories