ഡിജിറ്റല്‍വല്‍ക്കരണവും ഡിജിറ്റല്‍ സാക്ഷരതയും

ഡിജിറ്റല്‍വല്‍ക്കരണവും  ഡിജിറ്റല്‍ സാക്ഷരതയും

ദിപിന്‍ ദാമോദരന്‍

ത് സ്മാര്‍ട്ട്‌ഫോണ്‍ യുഗം. സര്‍വതും ഡിജിറ്റലാകുന്ന കാലത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരു വിഭാഗമുണ്ട്. നമ്മുടെയെല്ലാം വീട്ടിലെ പ്രായം ചെന്നവര്‍. സ്മാര്‍ട്ട്‌ഫോണിന്റെ ദൈനംദിന ജീവിതത്തിലെ പൂര്‍ണ ഉപയോഗത്തെക്കുറിച്ച് നമുക്ക് തന്നെ ശരിക്കുള്ള ധാരണയില്ല. അപ്പോള്‍ പിന്നെ വയസായവരുടെ കാര്യം പറയണോ. ഡിജിറ്റല്‍ സാക്ഷരതയില്ലാത്ത പ്രായം ചെന്നവരെ ഒരു മികച്ച സംരംഭക അവസരമാക്കി മാറ്റിയതാണ് വിദുഷി ദഗയെന്ന മുംബൈ സ്വദേശിനിയായ സാധാരണക്കാരിയുടെ ജീവിതം മാറ്റിമറിച്ചത്.

ഡിജിറ്റല്‍ യുഗത്തില്‍ ജനറേഷന്‍ ഗ്യാപ്പ് എന്ന വലിയ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് വിദുഷി. അങ്ങനെയാണ്, വെറും 15,000 രൂപ മുടക്കി ക്ലോണ്‍ ഫ്യൂച്ചറ എന്ന തന്റെ സംരംഭത്തിന് മുംബൈയില്‍ അവര്‍ തുടക്കമിട്ടത്. 45 കഴിഞ്ഞ തന്റെ ആന്റി പുതിയതായി ഒരു ഫോണ്‍ വാങ്ങിച്ച് അത് പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നത് നേരില്‍ കണ്ടതാണ് വിദുഷിക്ക് ഇത്തരമൊരു സംരംഭം ആരംഭിക്കാന്‍ പ്രേരണയായത്.

ഒരു വശത്ത് എന്റെ ആന്റി പുതിയ ഫോണ്‍ ഉപയോഗിക്കാന്‍ പെടാപ്പാടുപെടുന്നു. മറുവശത്ത് എന്റെ മകന്‍ ഐപാഡില്‍ വെറുതെ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നു. രണ്ടും പ്രൊഡക്റ്റിവ് ആയ കാര്യമല്ല. അപ്പോഴാണ് ഞാന്‍ ആലോചിച്ചത്, സ്മാര്‍ട്ട് ഗാഡ്ജറ്റ്‌സ് ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന ഒരു സംരംഭത്തിന് തുടക്കമിട്ടാല്‍ വിജയിക്കില്ലേയെന്ന്- വിദുഷി പറയുന്നു.

അങ്ങനെയാണ് വിവിധ പ്രായക്കാര്‍ക്ക് കംപ്യൂട്ടറിലും ഐപാഡിലും സ്മാര്‍ട്ട്‌ഫോണിലും കസ്റ്റമൈസ്ഡ് ട്രെയ്‌നിങ് നല്‍കുന്ന സംരംഭം വിദുഷി ആരംഭിച്ചത്. ടെക്‌നോളജി വിപ്ലവത്തില്‍ ഹാന്‍ഡികാപ്ഡ് ആയിപ്പോയ 45 കഴിഞ്ഞവരും സ്ത്രീകളുമാണ് ക്ലോണ്‍ ഫ്യൂച്ചറയുടെ പ്രധാന ഉപഭോക്താക്കള്‍. യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും കിടപ്പിലായവര്‍ക്കും അവരുടെ ഉറ്റവരുമായി സ്മാര്‍ട്ട് ഉപകരണങ്ങളിലൂടെ ബന്ധപ്പെടാനും കാണാനുമുള്ള സാഹചര്യം ഒരുക്കുന്ന വിദുഷിയുടെ സംരംഭത്തിന് മികച്ച സാധ്യതയാണുള്ളതെന്ന് കരുതുന്നു അണിയറ പ്രവര്‍ത്തകര്‍. വാട്‌സ്ആപ്പും ഫേസ്ബുക്കും സ്‌കൈപ്പുമെല്ലാം ഉപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് വിദുഷിയുടെ പരിശീലകര്‍ വീടുകളിലെത്തി പഠിപ്പിക്കും. യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ട് കോഡിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനവും വിദുഷി നല്‍കുന്നു.

2012ല്‍ തുടങ്ങിയ സംരംഭം 2013 ജൂലൈയിലാണ് രജിസ്റ്റര്‍ ചെയ്തത്. മൂന്നോ നാലോ കുട്ടികളെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ട്രെയ്ന്‍ ചെയ്യിച്ചായിരുന്നു തുടക്കം. അതിനു ശേഷം ഹാജി അലിയിലെ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ 81 മുതിര്‍ന്ന പൗരന്‍മാരെ ട്രെയ്ന്‍ ചെയ്തു. ഇതറിഞ്ഞ് ലോധ ബില്‍ഡേഴ്‌സ് അവരുടെ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) പദ്ധതിയുടെ ഭാഗമായി 10,000 പേരെ പരിശീലിപ്പിക്കണമെന്ന ആവശ്യവുമായെത്തി. ഇതായിരുന്നു പ്രധാന വഴിത്തിരിവ്.
15,000 രൂപയുടെ ചെറിയ നിക്ഷേപത്തില്‍ തുടങ്ങിയ വിദുഷിയുടെ ക്ലോണ്‍ ഫ്യൂച്ചറയ്ക്ക് ഇപ്പോള്‍ ഒരു കോടി രൂപയുടെ വരുമാനമുണ്ട്. അടുത്ത വര്‍ഷത്തോടെ ഇത് മൂന്നു കോടിയില്‍ എത്തിക്കാനാണ് ഇവരുടെ ശ്രമം. ട്രെയ്‌നര്‍മാരുടെ എണ്ണം 300ല്‍ നിന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ 6,000ത്തിലേക്ക് എത്തിക്കാനും ഇവര്‍ ലക്ഷ്യമിടുന്നു.

ഏറെക്കാലമായി ബിസിനസിനോട് താല്‍പ്പര്യമുള്ള വിദുഷി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് രംഗത്തും മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സാക്ഷരതാ സേവനങ്ങള്‍ നല്‍കുന്ന കൂടുതല്‍ സംരംഭങ്ങള്‍ ഉയര്‍ന്നുവരണമെന്നതാണ് തന്റെ ആഗ്രഹമെന്ന് വിദുഷി പറയുന്നു. ഇപ്പോഴും സ്മാര്‍ട്ട് ഫോണ്‍ പലരും ഉപയോഗിക്കുന്നത് വാട്‌സ്ആപ്പ്, ഫേസ്ബുക് ചാറ്റുകള്‍ക്ക് മാത്രമാണ്. അതിനപ്പുറത്തേക്ക് അതുകൊണ്ട് വിശാലമായി നിരവധി പ്രായോഗിക കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ആ ബോധം പലര്‍ക്കുമില്ല. ശരിയായ അവബോധമില്ലായ്മയാണ് അതിന് കാരണം. പ്രായമായ ആളുകള്‍ കൈയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ കൂടി ഇപ്പറയുന്ന കാര്യങ്ങള്‍ അല്ലാതെ വേറൊന്നും അതുകൊണ്ട് ചെയ്യില്ല. ഇവരിലേക്ക് ഡിജിറ്റല്‍ സാക്ഷരതാ പദ്ധതികളിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള വ്യാപകമായ അറിവ് പകര്‍ന്നു നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് വിദുഷി പറയുന്നു.

Comments

comments

Categories: FK Special