നോട്ട് അസാധുവാക്കല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും

നോട്ട് അസാധുവാക്കല്‍  ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും

 

ന്യൂഡെല്‍ഹി: കള്ളപ്പണവും വ്യാജനോട്ടിന്റെ വ്യാപനവും തടയുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊടുന്നനെ നടപ്പാക്കിയ 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ നടപടി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോള ധനകാര്യ സേവനരംഗത്തെ ഭീമന്‍ എച്ച്എസ്ബിസിയുടെ വിലയിരുത്തല്‍ പ്രകാരം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ശതമാനം കുറയും. അതേസമയം ഇതിന്റെ ദീര്‍ഘകാല ഫലങ്ങള്‍ വിലയിരുത്തേണ്ടത് തുടര്‍നടപടികള്‍ വിലയിരുത്തിയ ശേഷം മാത്രമായിരിക്കണമെന്നും എച്ച്എസ്ബിസി റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ നടപടി ഇന്ത്യക്ക് ചില നേട്ടങ്ങളും ചില നഷ്ടങ്ങളും ഉണ്ടാക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.

ഇന്ത്യയുടെ മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റിഷന്‍ പ്രൊണബ് സെനും നേരത്തെ സമാനമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച അടുത്ത രണ്ട് പാദങ്ങളില്‍ 1 മുതല്‍ 3 ശതമാനം വരെ കുറയാന്‍ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഇടയാക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിപണിയില്‍ ആവശ്യകതയ്ക്കും ഉപഭോഗത്തിനും കുറവ് സംഭവിക്കുമെന്നും എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടി ഗുണം ചെയ്യുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Comments

comments

Categories: Slider, Top Stories