വിദേശങ്ങളിലെ പ്രതിസന്ധി പ്രധാനമന്ത്രി തിരിച്ചറിയണം

വിദേശങ്ങളിലെ പ്രതിസന്ധി  പ്രധാനമന്ത്രി തിരിച്ചറിയണം

ദീപക് ഗോയല്‍

യര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിനു തൊട്ടുപിന്നാലെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദാഹല്‍ പ്രചണ്ഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. അസാധുവാക്കപ്പെട്ട ഇന്ത്യന്‍ നോട്ടുകള്‍ വലിയ തോതില്‍ കൈവശം വെച്ചിട്ടുള്ള നേപ്പാള്‍ നിവാസികളുണ്ടെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊള്ളണമെന്നും ടെലിഫോണില്‍ കൂടി അദ്ദേഹം ആവശ്യപ്പെട്ടു.

ഈ ആഴ്ച ആദ്യം നടന്ന പ്രചണ്ഡ-മോദി ഫോണ്‍ സംഭാഷണത്തിന് തൊട്ടടുത്ത ദിവസം, സംഘടനാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിശ്വസ്തരായ അനുയായികളുടെ പക്കല്‍ ഏകദേശം ഒരു ബില്ല്യണ്‍ ഇന്ത്യന്‍ കറന്‍സി മാവോയിസ്റ്റ് നേതാവ് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും നേപ്പാളിലെ പ്രാദേശിക മാധ്യമം ആരോപിക്കുകയുണ്ടായി. നോട്ട് നിരോധനം മൂലം അയാള്‍ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികളെപ്പറ്റിയും അവര്‍ റിപ്പോര്‍ട്ട് ചെയ്തു.

നേപ്പാളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മറ്റ് മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളും സമാന പ്രശ്‌നത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 2006ല്‍ തുടങ്ങി പത്ത് വര്‍ഷം നീണ്ട സായുധ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കോടിക്കണക്കിന് രൂപയാണ് ഇവര്‍ സ്വരുക്കൂട്ടിവെച്ചിരിക്കുന്നത്.  ഇന്ത്യയുമായി ഏകദേശം 1850 കിലോമീറ്റര്‍ ദൂരം അതിര്‍ത്തി പങ്കിടുന്ന നേപ്പാളില്‍ ഇന്ത്യന്‍ നോട്ടുകള്‍ നിയമ പ്രകാരം അംഗീകരിച്ചവയാണ്. ഈ ഹിമാലയന്‍ രാജ്യത്തെ വ്യാപാര ഇടപാടുകള്‍ക്ക് ഇന്ത്യന്‍ പണം യാതൊരു തടസവും കൂടാതെ സ്വീകരിക്കപ്പെടും.

എന്നാല്‍, നൂറു രൂപയില്‍ ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ രാജ്യത്തിന് പുറത്ത് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഈ നിയന്ത്രണം വളരെ കര്‍ശനമായി ഇന്ത്യന്‍ കസ്റ്റംസ് അധികൃതര്‍ നടപ്പാക്കിയുംവരുന്നു. കൂടാതെ, ഇന്ത്യക്ക് പുറത്തേക്കോ ഇന്ത്യയിലേക്കോ വരുന്ന ഒരാള്‍ പരമാവധി 25,000 രൂപ മാത്രമെ കൈവശം വെക്കാന്‍ പാടുള്ളുവെന്ന് 2014 ജൂണ്‍ 19ന് ആര്‍ബിഐ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ കറന്‍സി കൈമാറ്റത്തിലെ ആര്‍ബിഐ നിര്‍ദേശങ്ങളെ മാനിച്ചു കൊണ്ട്, 500, 1000 രൂപ നോട്ടുകളുടെ എല്ലാ ഇടപാടുകളും നേപ്പാള്‍ രാഷ്ട്ര ബാങ്ക് (എന്‍ആര്‍ബി) ഒന്‍പതാം തിയതി മുതല്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. 3.36 കോടി രൂപ മൂല്യം വരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാള്‍ സാമ്പത്തിക സംവിധാനത്തിലുണ്ടെന്ന് എന്‍ആര്‍ബി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുപോലെ, മറ്റു രാജ്യങ്ങളിലെ നിരവധി പ്രവാസികളാണ് ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ നോട്ടുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടിട്ടുള്ളത്. അവിടങ്ങളിലെ ഇന്ത്യന്‍ പണമിടപാടു കേന്ദ്രങ്ങളില്‍ നോട്ടുകള്‍ കൈമാറുന്നതിന് സംവിധാനമൊരുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. യുകെയില്‍ നിന്നുള്ള നിരവധി പ്രവാസികളും നോട്ടുകള്‍ കൈമാറ്റം ചെയ്യാനുള്ള സംവിധാനമാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍, ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച് ഇതുവരെ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല.  ഇതുപോലെ, നിരവധി വര്‍ഷങ്ങളായി വ്യാപാര പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ചൈനയിലെ ഇന്ത്യന്‍ ബിസിനസുകാരും ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസിയെ ഇതേ ആവശ്യമുന്നയിച്ച് സമീപിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യത്തേക്ക് മടങ്ങിച്ചെല്ലുമ്പോള്‍ പണം കൈമാറ്റം ചെയ്യാനാണ് എംബസി അധികൃതര്‍ അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിരോധിച്ച ഉയര്‍ന്ന മൂല്യമുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെ നോട്ടുകള്‍ വിദേശ രാജ്യങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. ഈ നോട്ടുകള്‍ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള സംവിധാനമൊരുക്കാന്‍ ഇവിടങ്ങളിലെ പ്രവാസികള്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം.  ഇന്ത്യന്‍ സര്‍ക്കാരിന്റെ ദ്രുതഗതിയിലുള്ള തീരുമാനം നിമിത്തം കഷ്ടത്തിലായിപ്പോയ ലക്ഷക്കണക്കിന് നേപ്പാളികള്‍ക്കു വേണ്ടി പ്രചണ്ഡ മോദിയുടെ വാതിലില്‍ മുട്ടിയിരിക്കുകയാണ്. ചോദ്യമിതാണ്: മോദി സഹായിക്കുമോ? അതോ ആര്‍ബിഐ നിയമങ്ങളില്‍ അദ്ദേഹം കുരുങ്ങിക്കിടക്കുമോ?

കടപ്പാട്: ഐഎഎന്‍എസ്‌

Comments

comments

Categories: FK Special