കുട്ടികളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ മുന്‍ഗണനയാകണം: സത്യാര്‍ത്ഥി

കുട്ടികളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ മുന്‍ഗണനയാകണം: സത്യാര്‍ത്ഥി

ന്യൂഡെല്‍ഹി: ഉയര്‍ മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയില്‍ ജനം പൊറുതി മുട്ടിയെങ്കിലും നൊബേല്‍ സമ്മാന ജേതാവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായി കൈലാഷ് സത്യാര്‍ത്ഥിക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. നോട്ട് അസാധുവാക്കല്‍ നടപടിയെ പിന്തുണയ്ക്കുന്നുവെന്നും കുട്ടികളുടെ കടത്ത് തടയുന്നതിന് അത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുട്ടികള്‍ രാഷ്ട്രീയ മുന്‍ഗണനയില്‍ വരാതെ ബാലവേലയും കുട്ടികളുടെ കടത്തും അവസാനിക്കില്ലെന്നും സത്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. ലോക ബാലദിനമായ ഇന്നലെ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി കുട്ടികളെ അടിമകളാക്കിവെക്കുന്ന സംസ്‌കാരത്തിനെതിരെ പോരാടുന്ന സത്യാര്‍ത്ഥി ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന കുട്ടികള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന ചെലവിടല്‍ തീരെ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി. ബാലവേലയ്‌ക്കെതിരെ പുരോഗമനപരമായ നിയമങ്ങള്‍ നമുക്കില്ല. ബജറ്റിന്റെ നാല് ശതമാനം മാത്രമാണ് കുട്ടികള്‍ക്കായി ചെലവിടുന്നത്. രാഷ്ട്രീയ വിഷയമായി കുട്ടികളുടെ പ്രശ്‌നം വരാതെ ഇതിന് പരിഹാരമുണ്ടാകുമെന്നത് തോന്നുന്നില്ലെന്നുംസത്യാര്‍ത്ഥി പറഞ്ഞു.

കുട്ടികളെ കടത്തുന്നത് ലക്ഷം കോടി രൂപയുടെ വലിയ വ്യാപാരമാണെന്നും അവിടുത്തെ ഇടപാടുകളെല്ലാം നടക്കുന്നത് കള്ളപ്പണമുപയോഗിച്ചാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നതു ശരി തന്നെയാണ്. അതിനെക്കാള്‍ ഉപരിയായി കുട്ടികളെ കടത്തുന്നവരെയും അത് ബുദ്ധിമുട്ടിച്ചു-അദ്ദേഹം പറഞ്ഞു. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം കൂടുന്നത് നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ പരിഗണനകളില്‍ കുട്ടികള്‍ വരാത്തതിനാലാണെന്നും സത്യാര്‍ത്ഥി പറയുന്നു.

പ്രായമായ ഒരാള്‍ക്ക് കിട്ടുന്നതിന്റെ അഞ്ചിലൊന്ന് കൂലിയാണ് ബാലവേലയ്ക്ക് നല്‍കുന്നത്. കുട്ടികളെ തൊഴിലെടുപ്പിക്കുന്ന ഓരോ സംരംഭകനും ഒരു കുട്ടിക്ക് 200 രൂപ വെച്ച് ലാഭമുണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബാലവേല നിരോധന നിയമത്തില്‍ സര്‍ക്കാര്‍ നടത്തിയ ഭേദഗതിയോട് പൂര്‍ണമായും വിയോജിക്കുന്നു. കുടുംബസംരംഭങ്ങളില്‍ കുട്ടികള്‍ക്ക് ജോലി ചെയ്യാമെന്നത് ബാലവേല പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്നുംഅദ്ദേഹം പറഞ്ഞു.

Comments

comments

Categories: Slider, Top Stories