തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൈകോര്‍ക്കുന്നു

തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൈകോര്‍ക്കുന്നു

 
കൊച്ചി: ആഗോളതലത്തില്‍ ഏറ്റവും മികച്ച ആരോഗ്യപരിപാലന അറിവുകളും വൈദഗ്ധ്യവും ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കുന്നതിനായി ആസ്റ്റര്‍ മെഡ്‌സിറ്റിയും അമേരിക്കയിലെ തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി(ടിജെയു)യും കരാറില്‍ ഒപ്പുവെച്ചു. 1824 മുതല്‍ ശ്രേഷ്ഠമായ പാരമ്പര്യമുള്ള അമേരിക്കന്‍ സ്ഥാപനമാണ് തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി. ഫലാഡല്‍ഫിയയിലെ ഏറ്റവും വലിയതും സ്വതന്ത്രമായതുമായ ഹെല്‍ത്ത് സയന്‍സസ് യൂണിവേഴ്‌സിറ്റിയാണ് തോമസ് ജെഫേഴ്‌സണ്‍.

ആഗോളതലത്തില്‍ മികച്ച പരിശീലനത്തിനും ഗവേഷണത്തിനും മികച്ച ചികിത്സാ രീതികള്‍ പങ്കുവയ്ക്കുന്നതിനും അതുവഴി രോഗികള്‍ക്ക് പ്രയോജനം ലഭിക്കുന്നതുമായ ഒട്ടേറെ സഹകരണത്തിന് സാധ്യതയുള്ളതാണ് ഈ കരാര്‍. ഇരുസ്ഥാപനങ്ങളും തമ്മിലുള്ള ഈ കൂട്ടുകെട്ടിന് തുടക്കം കുറിക്കുന്നത് മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് പരിപാടിയിലൂടെയാണ്. 2015 നവംബറില്‍ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതുമുതല്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് പരിപാടി കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഇനി പുതിയ കൂട്ടുകെട്ടിലൂടെ ആഗോളതലത്തിലെ അവയവമാറ്റ ശസ്ത്രക്രിയാ മേഖലയിലെ ഏറ്റവും മികച്ച പരിപാലന രീതികള്‍ ആസ്റ്റര്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പദ്ധതികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശില്‍പ്പശാലകള്‍, സമ്മേളനങ്ങള്‍, ഹ്രസ്വകാല പാഠ്യക്രമങ്ങള്‍, പരിശീലനപരിപാടികള്‍, സ്ഥാപനങ്ങള്‍ തമ്മിലുള്ള ആളുകളുടെ കൈമാറ്റ പദ്ധതികള്‍, സംയുക്ത പഠന സംഘങ്ങള്‍, സംയുക്ത പ്രസിദ്ധീകരണങ്ങള്‍ എന്നിവയിലൂടെ അറിവുകള്‍ കൈമാറുന്നതിന് ധാരാണാപത്രം സഹായിക്കും. വിവിധ ചികിത്സകളുടെയും രോഗ നിര്‍ണയത്തിന്റെയും പ്രാമാണികത ഉറപ്പുവരുത്തുന്നതിനുള്ള പ്രോട്ടോകോളുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ തുടങ്ങിയ രംഗങ്ങളിലും ഈ കൂട്ടുകെട്ട് സഹായമകമാകും.

വിവിധ അവയവങ്ങള്‍ മാര്‌റിവെയ്ക്കുന്നതിനുള്ള പരിപാടിയ്ക്കാണ് തുടക്കത്തില്‍ ഈ സഹകരണമെങ്കിലും പിന്നീട് മജ്ജ മാറ്റിവയ്ക്കല്‍ യൂണിറ്റിലേയ്ക്കു കൂടി ഇത് വ്യാപിപ്പിക്കുമെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഭാവിയില്‍ ഈ ഗ്രൂപ്പിനു കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലേയ്ക്കും ഈ സഹകരണം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Branding