യുഎസിന് വെല്ലുവിളി: ഏഷ്യ-പസിഫിക്കില്‍ സ്വതന്ത്ര വ്യാപാരത്തിന് റഷ്യ, ചൈന ധാരണ

യുഎസിന് വെല്ലുവിളി: ഏഷ്യ-പസിഫിക്കില്‍ സ്വതന്ത്ര വ്യാപാരത്തിന്  റഷ്യ, ചൈന ധാരണ

ലിമ (പെറു): ഏഷ്യ-പസിഫിക് മേഖലയില്‍ സ്വതന്ത്ര വ്യാപാരത്തിന് രാജ്യങ്ങളെ അഹ്വാനം ചെയ്ത് ചൈനയും റഷ്യയും. പെറുവിലെ ലിമയില്‍ ഏഷ്യ പസിഫിക് ഇക്കണോമിക് കോപ്പറേഷന്‍ ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി.

യുഎസില്‍ തീവ്രദേശീയവാദിയായ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് തിരിച്ചടി സംഭവിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റഷ്യയുടെയും ചൈനയുടെയും പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്. ചൈനയില്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ തുറന്നുകൊടുക്കണമെന്നും വിദേശ നിക്ഷേപകരെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ നിലപാട് ഉയരുന്നുണ്ട്. ഇതനുസരിച്ച് സി ജിന്‍പിംഗ് കൂടുതല്‍ ഉദാരമായ നിലപാടുകള്‍ സ്വീകരിക്കാനാണ് സാധ്യതയെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ആഗോള തലത്തില്‍ സ്വതന്ത്ര വ്യാപാര നയങ്ങള്‍ സ്വീകരിച്ചതിന്റെ ഭാഗമായി അമേരിക്കയ്ക്ക് ഉണ്ടായിരുന്ന സ്വാധീനം നഷ്ടമാകുമ്പോള്‍ ആ ഇടം നേടുക എന്നതാണ് ചൈനയുടെ ലക്ഷ്യം.

ട്രംപിന്റെ ഇടുങ്ങിയ സാമ്പത്തിക നയങ്ങളെ തുടര്‍ന്ന് ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്കയുടെ സ്വാധീനം ഇല്ലാതാകുകയാണ്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നും യുഎസ് കാല്‍ പുറകോട്ട് എടുക്കുമ്പോള്‍ ചൈന ഇടിച്ചുകയറുകയാണ്. ഇത് വലിയ അവസരമാണ് ചൈനയ്ക്ക് ഒരുക്കുന്നത്-ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കെവിന്‍ ഗാലാഗെര്‍ പറഞ്ഞു. ചിലി, മെക്‌സികോ, പെറു തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാനാണ് ചൈനയുടെ ശ്രമം.
എപിഇസിയില്‍ ഉള്‍പ്പെട്ട 21 രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം സ്വതന്ത്രവും കൂടുതല്‍ ക്രിയാത്മതവും ആക്കുക. അവിടെ നിര്‍ണായകമായ റോള്‍ ചൈനയും റഷ്യയും വഹിക്കുക തുടങ്ങി ദീര്‍ഘകാല ലക്ഷ്യത്തോടെ അമേരിക്കയെ കവച്ചുവെക്കാനുള്ള വന്‍പദ്ധതികളാണ് ചൈന ആസൂത്രണം ചെയ്യുന്നത്. കുടിയേറ്റവും സ്വതന്ത്ര വ്യാപാരവും ഇസ്ലാം വിരുദ്ധതയും ഉള്‍പ്പെടെ ട്രംപ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാകും ഭാവിയില്‍ നല്‍കുകയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Comments

comments

Categories: Slider, Top Stories