സൈബര്‍ സുരക്ഷയൊരുക്കി ടിഎസി സെക്യൂരിറ്റി സൊലൂഷന്‍സ്

സൈബര്‍ സുരക്ഷയൊരുക്കി ടിഎസി സെക്യൂരിറ്റി സൊലൂഷന്‍സ്

സൈബര്‍ ആക്രമണങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് ഇന്നു നാം കാണുന്നത്. അടുത്ത കാലത്ത് രാജ്യത്തെ പ്രമുഖ ബാങ്കുകളുടെയടക്കം എടിഎമ്മുകള്‍ സൈബര്‍ ആക്രമണത്തിന് വിധേയമായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വലിയ ഭീക്ഷണിയാണ് ഇത്തരം ആക്രമണങ്ങള്‍ ഉയര്‍ത്തുന്നത്. ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പല സൈബര്‍ സെക്യൂരിറ്റീസ് വിദഗ്ധന്‍മാരും കമ്പനികളും ഇന്ത്യയിലുണ്ട്. ഇക്കൂട്ടത്തില്‍ ് ടിഎസി സെക്യൂരിറ്റി സൊലൂഷന്‍സ് എന്ന സ്ഥാപനത്തിന്റെയും അതിന്റെ സംരംഭകനായ ട്രിഷ്‌നീത് അറോറയുടെയും പേര് എടുത്തു പറയേണ്ടതാണ്.

19 ാം വയസിലാണ് ടിഎസി സെക്യൂരിറ്റി സൊലൂഷന്‍സ് എന്ന സ്ഥാപനം ട്രിഷ്‌നീത് സ്ഥാപിക്കുന്നത്. കേവലം 23 വയസുമാത്രമുള്ള ട്രിഷ്‌നീത് അറോറ ഇന്ന് രാജ്യത്തെ സൈബര്‍ സുരക്ഷാ രംഗത്തെ യുവ വിദഗ്ധന്‍മാരിലൊരാളാണ്. ഗെയ്മിംഗ്, ടെക്‌നോളജി, കംപ്യൂട്ടര്‍ എന്നിവയില്‍ അതീവ താല്‍പര്യമുണ്ടായിരുന്ന ട്രിഷ്‌നീത് ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ പിന്തുണപോലുമില്ലാതെയാണ് ഈ നേട്ടം കൈവരിക്കുന്നത്.

പതിനൊന്നാം വയസിലാണ് ട്രിഷ്‌നീതിന്റെ അച്ഛന്‍ അവന് കംപ്യൂട്ടര്‍ വാങ്ങി നല്‍കുന്നത്. കംപ്യൂട്ടര്‍ തകറാറിലാകുന്ന അവസരത്തില്‍ ടെക്‌നോളജി വിദഗ്ധന്‍ വന്ന് അത് ശരിയാക്കുന്നത് ശ്രദ്ധയോടെ അവന്‍ വീക്ഷിക്കുമായിരുന്നു. സ്വയം പരീക്ഷിച്ച പല കാര്യങ്ങളും ശരിയായി വന്നു. ആദ്യമായി രണ്ടു കംപ്യൂട്ടറുകളെ തമ്മില്‍ ഒരു നെറ്റ്‌വര്‍ക്കില്‍ യോജിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. താന്‍ പഠിച്ചറിഞ്ഞ കാര്യങ്ങള്‍ ബ്ലോഗ് വഴി മറ്റുള്ളവരുമായി പങ്കുവെച്ച ട്രിഷ്‌നീത് പിന്നീട് പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചു. സൈബര്‍ സുരക്ഷ, എത്തിക്കല്‍ ഹാക്കിംഗ്, വെബ് ഡിഫെന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ധാരാളം പുസ്തകങ്ങള്‍ പിന്നീട് ട്രിഷ്‌നീത് പ്രസിദ്ധീകരിച്ചു.

എട്ടാം ക്ലാസില്‍ പരാജയപ്പെട്ടപ്പോള്‍ ഓദ്യോഗിക വിദ്യാഭ്യാസം അവസാനിപ്പിച്ച ട്രിഷ്‌നീത് പത്താംക്ലാസ് കറസ്‌പോണ്ടന്‍സായാണ് പഠിച്ചത്. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ സുഹൃത്തുകളുടെ ചങ്ങാത്തം തന്റെ ടെക്‌നോളജി മേഖലയിലെ അവന്റെ അറിവ് വര്‍ധിപ്പിക്കാന്‍ സഹായകമായി. പിന്നീട് ടെക്‌നോളജി പരിശീലകന്റെ റോളില്‍ തിളങ്ങിയ ട്രിഷ്‌നീത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസ്, ജിഎന്‍എഐഎംടി എന്നിവിടങ്ങളിലും പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പല കമ്പനികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തങ്ങളുടെ ഐടിയുമായി ബന്ധപ്പെട്ട വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ട്രിഷ്‌നീതിനെ ക്ഷണിച്ചു.

ലുധിയാനയിലാണ് ടിഎസി സെക്യൂരിറ്റീസ് സൊലൂഷന്‍സ് ആരംഭിക്കുന്നത്. പിന്നീട് ഓപ്പറേഷണല്‍ അടിസ്ഥാനം ചണ്ഢീഗഡിലേക്ക് മാറ്റി. ഇപ്പോള്‍ ദുബായിലേക്കും സംരംഭം ചുവടുവെച്ചു കഴിഞ്ഞു. കോര്‍പറേറ്റുകള്‍, ബാങ്കുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , നിയമ നിര്‍വഹണ എജന്‍സികള്‍ തുടങ്ങിയവയ്ക്ക് വെബ് സെക്യൂരിറ്റി സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് ടിഎസി സെക്യൂരിറ്റി സൊലൂഷന്‍സ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഗുജറാത്ത് പൊലീസ്, പഞ്ചാബ് പൊലീസ്, സിബിഐ ഇന്റര്‍നാഷണല്‍ ട്രാക്‌റ്റേഴ്‌സ് ലിമിറ്റഡ്, അമുല്‍, അവോണ്‍ സൈക്കിള്‍സ്, റാല്‍സണ്‍ തുടങ്ങിയവര്‍ സ്ഥാപനത്തിന്റെ ഉപഭോക്താക്കളുടെ നിരയിലുണ്ട്. കമ്പനികളുമായുണ്ടാക്കുന്ന കരാര്‍ അനുസരിച്ച് വാര്‍ഷിക നിരക്കിലോ പാദനിരക്കിലോ ആണ് ടിഎസി സെക്യൂരിറ്റീസ് സര്‍വീസ് ഫീസ് ഈടാക്കുന്നത്. പതിനഞ്ചു പേരടങ്ങുന്നതാണ് ടിഎസി സെക്യൂരിറ്റീസ് ടീം.

സുരക്ഷാ വീഴ്ചകള്‍ മൂലം വലിയ നഷ്ടം സംഭവിക്കുന്നതിന് മുമ്പ് തന്നെ കോര്‍പറേറ്റുകളെ അവരുടെ ഘടനയിലെ പോരായ്മകള്‍ കണ്ടെത്തി ദൂരീകരിക്കാന്‍ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പ് സൈബര്‍ സെക്യൂരിറ്റി വിഷയത്തില്‍ ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കി വരുന്നുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്ന പക്ഷം അതില്‍ നിന്ന് വേഗത്തില്‍ റിക്കവര്‍ ചെയ്യാന്‍ സഹായിക്കുന്ന സൈബര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം(സിഇആര്‍ടി) എന്ന സേവനം ഈ വര്‍ഷമാദ്യം ടിഎസി സെക്യൂരിറ്റി അവതരിപ്പിച്ചിരുന്നു. കേഡിയ സെക്യൂരിറ്റീസ് എംഡി വിജാത് കേഡിയയില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചിട്ടുള്ള ടിഎസി സെക്യൂരിറ്റീസ് ഒരു വര്‍ഷത്തിനുള്ളില്‍ 10 ദശലക്ഷം ഡോളര്‍ കൂടി സമാഹരിക്കാനുള്ള പദ്ധതിയിലാണ്. 25 മുതല്‍ 30 ശതമാനം വരെ വളര്‍ച്ചയാണ് ഓരോ പാദത്തിലും സ്ഥാപനം കൈവരിക്കുന്നത്.

Comments

comments

Categories: Branding