ടൈകോണ്‍ കേരള 2016ന് തുടക്കം

ടൈകോണ്‍ കേരള 2016ന് തുടക്കം

കൊച്ചി: സംരംഭക കൂട്ടായ്മയായ ടൈയുടെ കേരള ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ‘ടൈകോണ്‍ കേരള’ സമ്മേളനത്തിന് കൊച്ചിയിലെ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. യുവ സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികളാണ് ഇന്നലെയും ഇന്നുമായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ളത്. കേരളത്തില്‍ മികച്ച ബിസിനസ് സൗഹൃദ ആവാസവ്യവസ്ഥ വളര്‍ത്തിയെടുക്കുകയാണ് ടൈകോണ്‍ ലക്ഷ്യമിടുന്നത്.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സംരംഭകര്‍ക്കും മറ്റു പ്രതിനിധികള്‍ക്കും വേണ്ടി മൂന്ന് സെഷനുകളാണ് പ്രധാനമായും ആവിഷ്‌കരിച്ചിട്ടുള്ളത്. സംരംഭക രംഗത്തേക്ക് ചുവടുവച്ച യുവാക്കള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളും ആശയങ്ങളും അവതരിപ്പിക്കാനുള്ള പവലിയനുകളാണ് ഇതില്‍ ഒന്ന്. യുവ സംരംഭകര്‍ക്ക് അവരുടെ ആശങ്ങള്‍ അനുഭവസ്ഥരായ നിക്ഷേപകര്‍ക്കും വെഞ്ച്വര്‍ കാപിറ്റലിസ്റ്റുകള്‍ക്കും മുന്നില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുന്ന പിച്ച് ഫെസ്റ്റിവലും ടൈകോണ്‍ കേരളയെ ശ്രദ്ധേയമാക്കുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള നിക്ഷേപകരുമായും മെന്റര്‍മാരുമായും യുവസംരംഭകര്‍ക്ക് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

നവ സംരംഭകര്‍ക്കും ബിസിനസ് വളര്‍ച്ചയുടെ ശൈശവദശയിലുള്ള കമ്പനികള്‍ക്കും പ്രാഥമിക ഫണ്ട് ലഭ്യമാക്കുന്നതിനായുള്ള കേരള ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ചു എന്നതാണ് ഈ വര്‍ഷത്തെ ടൈകോണിന്റെ സവിശേഷതയെന്ന് ടൈകേരള പ്രസിഡന്റ് രാജേഷ് നായര്‍ പറഞ്ഞു.
ഒരു കാലത്ത് സര്‍ക്കാര്‍ ജോലി മാത്രം സ്വപ്‌നം കണ്ട് നടന്നിരുന്ന യുവാക്കള്‍ ഇന്ന് സ്വന്തമായി ആശങ്ങള്‍ ആവിഷ്‌കരിക്കാനും അതനുസരിച്ച് സംരംഭങ്ങള്‍ പടുത്തുയര്‍ത്താനും തുടങ്ങിയിരിക്കുന്നു. ഇത് നാടിന്റെ നല്ല മാറ്റത്തിലേക്കുള്ള സൂചനകളാണെന്നാണ് ടെകോണ്‍ കേരള 2016ന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഐഎഎസ് പറഞ്ഞു. ഇത്തരത്തില്‍ യുവാക്കളെ സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ പുതിയ വ്യവസായ നയം സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories