മിസ്ട്രിയെ നീക്കാന്‍ ലക്ഷ്യമിട്ട് ടിസിഎസിന്റെ ജനറല്‍ മീറ്റിംഗ് ഡിസംബര്‍ 13ന്

മിസ്ട്രിയെ നീക്കാന്‍ ലക്ഷ്യമിട്ട് ടിസിഎസിന്റെ ജനറല്‍ മീറ്റിംഗ് ഡിസംബര്‍ 13ന്

മുംബൈ : ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഡയറക്റ്റര്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ട്രിയെ പുറത്താക്കുന്നതിന് കമ്പനിയുടെ എക്‌സട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗ് (ഇജിഎം) ഡിസംബര്‍ 13ന് മുംബൈയില്‍ ചേരും. സൈറസ് മിസ്ട്രിയെ ഡയറക്റ്റര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിന് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചേക്കും.

കഴിഞ്ഞ ദിവസം ചേര്‍ന്ന ടിസിഎസ്സിന്റെയും ടാറ്റ സണ്‍സിന്റെയും ബോര്‍ഡ് യോഗങ്ങളില്‍നിന്ന് മിസ്ട്രി വിട്ടുനിന്നിരുന്നു. നേരത്തെ ഇരു കമ്പനികളുടെയും ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട മിസ്ട്രി രണ്ടിന്റെയും ഡയറക്ടറായി തുടരുകയാണ്. നവംബര്‍ 17ന് ചേര്‍ന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ഡിസംബര്‍ 13ന് ഇജിഎം ചേരുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് ടിസിഎസ് ഓഹരി വിപണിയെ അറിയിച്ചു. എന്നാല്‍ രത്തന്‍ ടാറ്റയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ടാറ്റ സണ്‍സിന്റെ ബോര്‍ഡ് യോഗത്തില്‍ സൈറസ് മിസ്ട്രി ഒരു വിഷയമായി കടന്നുവന്നില്ല. ഗ്രൂപ്പ് ബിസിനസ്സുകള്‍, നിലവിലെ സ്ഥിതി, ഭാവി പരിപാടികള്‍ എന്നിവയാണ് ചര്‍ച്ച ചെയ്തത്.

ബോര്‍ഡ് യോഗത്തില്‍ സൈറസ് മിസ്ട്രി പങ്കെടുക്കാതിരുന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നാണ് ടാറ്റാ സണ്‍സ് വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. മിസ്ട്രിക്ക് തന്റെ നിലപാട് ബോര്‍ഡ് മുമ്പാകെ അവതരിപ്പിക്കാനുള്ള അവസരമായിരുന്നു യോഗമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മിസ്ട്രിയുടെ വാദങ്ങള്‍ കേള്‍ക്കാതെ പൊടുന്നനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നുവെന്നുമാണ് മിസ്ട്രിയോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നത്.

ബോര്‍ഡ് യോഗം പോലും ചേരാതെ നവംബര്‍ 10നാണ് ടിസിഎസ് സൈറസ് മിസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുന്നതായി പ്രഖ്യാപിച്ചത്. ആദ്യം ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മിസ്ട്രിയെ പുറത്താക്കിയിരുന്നു. ടാറ്റ സണ്‍സിനെതിരെ ഉടന്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് മിസ്ട്രിയോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

Comments

comments

Categories: Slider, Top Stories