ടാറ്റ മോട്ടോഴ്‌സും ഫിയറ്റും പങ്കാളിത്തം വര്‍ധിപ്പിക്കുന്നു

ടാറ്റ മോട്ടോഴ്‌സും ഫിയറ്റും പങ്കാളിത്തം വര്‍ധിപ്പിക്കുന്നു

 

ലോസ് ഏഞ്ചല്‍സ്: ഇറ്റാലയിന്‍-അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബീല്‍സ് ഇന്ത്യന്‍ കമ്പനി ടാറ്റ മോട്ടോഴ്‌സുമായി പങ്കാളിത്തം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. എന്‍ജിനുകള്‍, ട്രാന്‍സ്മിഷനുകള്‍ എന്നിവ പങ്കുവെയ്ക്കുന്നതിന് പുറമെയുള്ള പങ്കാളിത്തത്തിനുള്ള സാധ്യത ഫിയറ്റ് പരിശോധിച്ചു വരികയാണ്. ഇതിന് പുറമെ ഫിയറ്റിന്റെ ജീപ്പ് എസ് യുവികള്‍ ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
ജീപ്പ് എസ്‌യുവിയായ കോംപസ് ടാറ്റയുമായി തുല്യപങ്കാളിത്തമുള്ള രഞ്ജന്‍ഗാവ് പ്ലാന്റില്‍ പ്രാദേശികമായി നിര്‍മിക്കാനാണ് ഫിയറ്റ് ഒരുങ്ങുന്നത്. ഈ പ്ലാന്റില്‍ നിര്‍മിക്കുന്നതിലൂടെ വാഹനത്തിന്റെ വിലയില്‍ കുറവ് വരുത്താനും കൂടുതല്‍ ആകര്‍ഷകമാക്കാനും സാധിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
556 എന്ന കോഡ് നാമത്തിലുള്ള ജീപ്പ് കോംപസിന്റെ രണ്ട് ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പങ്കുവെക്കുന്നതുമായി ഫിയറ്റ് ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ച വിജയകരമായാല്‍ ടാറ്റ മോട്ടോഴ്‌സിന്റെ ക്യു5 കോഡ്‌നാമത്തിലുള്ള പ്രീമിയം എസ്‌യുവിക്കും ഇതേ എന്‍ജിനാകും ഉപയോഗിക്കുക.
രണ്ട് കമ്പനികളും വാഹന നിര്‍മാണത്തിലെ മറ്റു മേഖലകളില്‍ കൂടി സഹകരിക്കുമെന്ന് ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജീപ്പ് ആഗോള മേധാവി മൈക്ക് മാന്‍ലി വ്യക്തമാക്കി. ഉയര്‍ന്ന വിലയാണ് ജീപ്പിന് ഇന്ത്യയില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പങ്കാളിത്തം തീരുമാനമായാല്‍ ഏറ്റവും നേട്ടമുണ്ടാകുന്നതും ജീപ്പിനാകും.
കഴിഞ്ഞ ഏഴ് വര്‍ഷമായി ജീപ്പ് ആഗോള വിപണികളില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. നിര്‍മിക്കുന്ന മൊത്തം വാഹനങ്ങളില്‍ 70 ശതമാനവും അമേരിക്കന്‍ വിപണിയില്‍ തന്നെ വില്‍പ്പന നടക്കുന്ന കമ്പനിക്ക് വളര്‍ച്ച കൈവരിക്കുന്ന ബ്രീസീല്‍, ഇന്ത്യ തുടങ്ങിയ വിപണികളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള തയാറെടുപ്പിലാണ്.
അടുത്ത വര്‍ഷം പകുതിയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ജീപ്പ് കോംപസിന്റെ നാലാമത് നിര്‍മാണ പ്ലാന്റാണ് രഞ്ജന്‍ഗാവ്. 278 മില്ല്യന്‍ ഡോളര്‍ നിക്ഷേപമാണ് ഫിയറ്റ് ഈ പ്ലാന്റിനായി നടത്തിയിരിക്കുന്നത്. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന നിര്‍ണായക പ്ലാന്റാക്കി മാറ്റാനാണ് കമ്പനി രഞ്ജന്‍ഗാവിനെ കരുതുന്നത്.

Comments

comments

Categories: Auto