റിയല്‍ എസ്റ്റേറ്റ് മേഖലയുടെ 30 ശതമാനം ഫണ്ടും കള്ളപ്പണം

റിയല്‍ എസ്റ്റേറ്റ് മേഖലയുടെ 30 ശതമാനം ഫണ്ടും കള്ളപ്പണം

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളെ അസാധുവാക്കല്‍ പ്രഖ്യാപനം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണമൊഴുക്ക് തടയുമെന്ന് വിദഗ്ധര്‍. പഴയ പണം ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാതാവുന്നതോടെ ഈ രീതിയിലുള്ള പണമൊഴുക്ക് പൂര്‍ണമായും തടയാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഏകദേശം 30 ലക്ഷം കോടി രൂപയോളമാണ് രാജ്യത്തെ കള്ളപ്പണ തോതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 20 ശതമാനത്തോളം വരുമിത്. തായ്‌ലന്‍ഡ്, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയേക്കാള്‍ വലുപ്പമാണ് രാജ്യത്തെ ബ്ലാക്ക് എകണോമിക്കുള്ളത്.
ബാങ്കിംഗ് ചാനലുകള്‍ക്ക് പുറത്ത് നടക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് ബ്ലാക്ക് എക്കണോമി എന്ന് പറയുന്നത്. റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കള്‍ പണത്തിന് പകരമായി ഇതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. അനധികൃതമായി നേടി പണം റിയല്‍ എസ്റ്റേറ്റ് ഇടപാടിലൂടെ വെളുപ്പിച്ചെടുക്കാന്‍ കരുതിയവര്‍ക്കാണ് സര്‍ക്കാര്‍ പ്രഖ്യാപനം ഏറെ തിരിച്ചടിയായത്. ഇതോടൊപ്പം പുതിയ ബിനാമി നിയമം കൂടി പ്രാബല്യത്തിലാവുന്നതോടെ ഇവര്‍ക്ക് നിലനില്‍പ്പില്ലാതാവുകയും ഈ മേഖല കള്ളപ്പണമുക്തമാവുകയും ചെയ്യും. ഇതിലൂടെ റിയല്‍റ്റി വിപണിയിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.
ഇതിന് മുമ്പ് കള്ളപ്പണമിടപാട് തടയുന്നതിന് സര്‍ക്കാര്‍ ആഞ്ഞു ശ്രമിച്ചതോടെ ഈ മേഖലയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത പ്രതിഫലനം സൃഷ്ടിച്ചു. പണം കറന്‍സി രൂപത്തില്‍ കൂടുതല്‍ ആവശ്യം വരുകയും എന്നാല്‍ ബാങ്ക് ഡെപ്പോസിറ്റുകള്‍ കുറയുകയും ചെയ്യുകയായിരുന്നു അന്ന്. ഇത് ജിഡിപിയെ ബാധിക്കുകയും ചെയ്തു. 1970നും 1980നും ശേഷം രാജ്യത്തെ ബ്ലാക്ക് ഇക്കണോമി അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഈ കലണ്ടര്‍ വര്‍ഷം ഇന്ത്യയുടെ ജിഡിപി 2.3 ട്രില്ല്യന്‍ ഡോളറാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ബ്ലാക്ക് എക്കണോമി ലോകത്തെ വളര്‍ച്ച കൈവരിക്കുന്ന രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയേക്കാള്‍ കൂടുതലാണ്. ഏകദേശം 460 ബില്ല്യണ്‍ ഡോളര്‍. രാജ്യത്തെ വലിയ ശതമാനം കള്ളപ്പണവും റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിവയില്‍ നിക്ഷേപം നടത്തിയിരിക്കുകയാണ്. ഫിനാന്‍ഷ്യല്‍ സേവിംഗ്‌സിനേക്കാള്‍ മികച്ചത് ഫിസിക്കല്‍ സേവിംഗ്‌സാണെന്നതാണ് ഇതിന് കാരണം. ഭൂമി, പാര്‍പ്പിടങ്ങള്‍, സ്വര്‍ണം തുടങ്ങിയവയില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ കൂടുതല്‍ സൗകര്യമായതാണ് ഫിസിക്കല്‍ സേവിംഗ്‌സിന് കള്ളപ്പണം ഉപയോഗിക്കുന്നത് വര്‍ധിച്ചത്. എന്നാല്‍ ഫിനാന്‍ഷ്യല്‍ സേവിംഗ്‌സിന് കൂടുതല്‍ രേഖകള്‍ ആവശ്യമായി വരികയും നിക്ഷേപകരെ സംബന്ധിച്ച് ഫിസിക്കല്‍ സേവിംഗ്‌സിനേക്കാള്‍ ആദായം കുറഞ്ഞതുമായതിനാല്‍ കള്ളപ്പണം ഇതിലേക്ക് എത്തുന്നതിനുള്ള സാധ്യത കുറവാണ്.
രാജ്യത്തെ റിയല്‍റ്റി മേഖലയിലേക്ക് എത്രകള്ളപ്പണം എത്തുന്നുണ്ട് എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തത കൈവരിക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും, റിയല്‍ എസ്റ്റേറ്റ് മേഖലയുടെ 30 ശതമാനം ഫണ്ടിംഗും കള്ളപ്പണമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
അപ്രതീക്ഷിത നീക്കമാണ് കള്ളപ്പണം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് വിപണിയിലുള്ള ഒരു വിധം കള്ളപ്പണമെല്ലാം പുറത്താകുന്നതിനും സമ്പദ് വ്യവസ്ഥ സംശുദ്ധപ്പടെത്തുന്നതിനും സഹായകരാമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

Comments

comments

Categories: Slider, Top Stories