അടിയന്തര സേവനങ്ങളിലെ ട്രാഫിക് കുരുക്കിന് പരിഹാരവുമായി വിദ്യാര്‍ത്ഥികള്‍

അടിയന്തര സേവനങ്ങളിലെ ട്രാഫിക് കുരുക്കിന് പരിഹാരവുമായി വിദ്യാര്‍ത്ഥികള്‍

ആംബുലന്‍സുകള്‍ അടക്കമുള്ള അടിയന്തിര യാത്രാ സംവിധാനങ്ങളില്‍ ട്രാഫിക് സിഗ്‌നലുകള്‍ തടസമാകുന്നതിന് ഉത്തമ പരിഹാരമൊരുക്കിയിരിക്കുകയാണ് കാക്കനാട് സെന്റര്‍ ഓഫ് സോഷ്യല്‍ ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ ഓഫ് രാജഗിരിയിലെ അംഗങ്ങള്‍. ട്രാഫിറ്റൈസര്‍ ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന്റെ സ്ഥാപകരായ രാജഗിരിയിലെ എം.ടെക് പൂര്‍വ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ജാസിം എം, മുഹമ്മദ് സാദിഖ് എന്നിവരാണ് പുത്തന്‍ സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവരെ കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജിയും മാനേജ്‌മെന്റും ചേര്‍ന്ന് ആദരിച്ചു. കോളെജ് കാംപസിലെ വേദിയില്‍ ഫാ. ജോസ് അലക്‌സ് ഒരുതായപ്പിള്ളി സിഎംഐ (ഡയറക്റ്റര്‍, ആര്‍എസ്ഇടി) ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് സംരംഭക രംഗത്തെ തങ്ങളുടെ അനുഭവങ്ങള്‍ ഇരുവരും വേദിയുമായി പങ്കുവെച്ചു.

ആശയത്തിന്റെ തുടക്കം

ക്യത്യസമയത്ത് വൈദ്യസഹായം ലഭിക്കുന്നില്ല എന്നതാണ് രാജ്യത്തെ അപകട മരണനിരക്ക് ഒരു പരിധിവരെ വര്‍ധിപ്പിക്കുന്നതെന്ന തിരിച്ചറിവാണ് മുഹമ്മദ് ജാസിമിനെയും മുഹമ്മദ് സാദിഖിനെയും ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അപകടം സംഭവിക്കുന്നവര്‍ക്ക് വൈദ്യസഹായം എത്തുന്നത് വൈകുന്നതില്‍ ഗതാഗത കുരുക്കുകള്‍ മുഖ്യ കാരണമാകുന്നുവെന്ന തിരിച്ചറിവ് ഇരുവരുടെയും ചിന്തകള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കി. അങ്ങനെയാണ്, അടിയന്തിര സഹായമെത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ എത്തുമ്പോള്‍ ട്രാഫിക് സിഗ്നലുകള്‍ സ്വയം പച്ച തെളിയുകയും ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് ഗതാഗതക്കുരുക്ക് ഇല്ലാതാവുകയും ചെയ്യുന്ന സാങ്കേതികവിദ്യ രൂപംകൊണ്ടത്.

പ്രവര്‍ത്തനം

സ്മാര്‍ട്ട്‌ഫോണിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് ട്രാഫിറ്റെസര്‍ ടെക്‌നോളജീസിന്റെ സംഭാവന. ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് തങ്ങള്‍ നേരിടുന്ന അടിയന്തിര സാഹചര്യത്തിന്റെ തീവ്രത ഈ ആപ്ലിക്കേഷനില്‍ സൂക്ഷിക്കാനുള്ള അവസരമുണ്ട്. ഇതുവഴി അടിയന്തിര സാഹചര്യം നേരിടുന്ന വാഹനം ട്രാഫിക് സിഗ്നലിന് നിശ്ചിത ദൂരം എത്തുമ്പോള്‍, ട്രാഫിക് സിഗ്നല്‍ സ്വയം വാഹനത്തിന് അനുകൂലമായി മാറും. ഒരേ സമയം ഒന്നില്‍ കൂടുതല്‍ അടിയന്തിര വാഹനങ്ങള്‍ ഒരേ സിഗ്നലില്‍ എത്തുമ്പോള്‍, ഏത് വാഹനത്തിനാണോ ആദ്യം മുന്‍ഗണല ലഭിക്കേണ്ടത് എന്നത് അടക്കമുള്ള ബുദ്ധിപരമായ തീരുമാനങ്ങള്‍ സ്വയം എടുക്കാനുള്ള കഴിവും ഈ ആപ്പിനുണ്ടെന്നതാണ് തങ്ങളുടെ കണ്ടെത്തലില്‍ പ്രധാനമെന്ന് ട്രാഫിറ്റൈസര്‍ ടെക്‌നോളജീസ് വ്യക്തമാക്കുന്നു. ഗതാഗത സംവിധാന രംഗത്ത് ഭാവിയില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഈ കണ്ടെത്തലിനുള്ള പേറ്റന്റിനുള്ള നടപടിക്രമങ്ങളുടെ അവസാനഘട്ടത്തിലാണ് നിലവില്‍ ട്രാഫിറ്റൈസര്‍ ടെക്‌നോളജീസ്.

2012 മുതലാണ് പുതിയ പദ്ധതിയെ കുറിച്ചുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും ഇരുവരും ആരംഭിച്ചത്. പദ്ധതി ഗുണകരമെന്ന് കണ്ടതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദി ഇന്‍ഡസ് എന്റര്‍പ്രെണേഴ്‌സും(ടിഐഇ) രംഗത്തെത്തി. പദ്ധതി പൂര്‍ണമായും വിജയത്തിലെത്തിക്കുന്നതിനായി സാമ്പത്തികമായ പിന്തുണയും ട്രാഫിറ്റൈസര്‍ ടെക്‌നോളജീസിന് ടിഐഇ നല്‍കി.

തങ്ങളുടെ ആശയം നിരവധി വേദികളില്‍ അവതരിപ്പിച്ച് ഈ യുവ സംരംഭകര്‍ ഇതിനകം കയ്യടി വാങ്ങിക്കഴിഞ്ഞു. ചെന്നൈ വേദിയായ റിയാലിറ്റി ഷോ ‘ഐഡിയാ കാ ഫണ്‍ണ്ടാ’, ലുഫ്താന്‍സാ എയര്‍വേയ്‌സ് 2016ല്‍ കൊച്ചിയില്‍ നടത്തിയ ‘റണ്‍ ടു സക്‌സസ്’, സ്റ്റാര്‍ട്ടപ്പ് വില്ലേജ്2013, 2015ല്‍ മഞ്ചേരിയില്‍ നടന്ന ഇഎഎസ്‌വൈ (എന്‍ട്രപ്രണര്‍ ആസ്പിരന്റ് സമ്മിറ്റ് ഓഫ് യൂത്ത്), ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആക്‌സസിബിലിറ്റി എക്‌സ്‌പോ, കൂടാതെ സൗദി അറേബ്യ ഉള്‍പ്പടെ മറ്റ് ജി.സി.സി രാജ്യങ്ങളിലെ വിവിധ വേദികള്‍, ഒടുവില്‍ കേരള സ്റ്റാര്‍ട്ട്അപ് മിഷന്റെ ഭാഗവുമായി ട്രാഫിറ്റൈസര്‍ ടെക്‌നോളജീസ്. ‘ടൈകോണ്‍ കേരള2015’ല്‍ തങ്ങളുടെ ആശയത്തിന് രണ്ടാം സ്ഥാനം(40,000 രൂപ) സ്വന്തമാക്കിയ മുഹമ്മദ് ജാസിമും, മുഹമ്മദ് സാദിഖും ടിഐഇ കേരളയിലെ അംഗങ്ങള്‍ കൂടിയാണ്.

Comments

comments

Categories: Tech