ഡിജിറ്റല്‍ മാര്‍ഗത്തില്‍ ടോള്‍ നല്‍കാം: ഓട്ടോമാറ്റിക് ടോള്‍ കളക്ഷനായി നഹായ് -പേടിഎം സഹകരണം

ഡിജിറ്റല്‍ മാര്‍ഗത്തില്‍ ടോള്‍ നല്‍കാം:  ഓട്ടോമാറ്റിക് ടോള്‍ കളക്ഷനായി നഹായ് -പേടിഎം സഹകരണം

 

ന്യുഡെല്‍ഹി: ടോള്‍ ബൂത്തുകളില്‍ വാഹനയാത്രക്കാര്‍ക്ക് ഇനി ഡിജിറ്റല്‍ മാര്‍ഗത്തില്‍ ടോള്‍ നല്‍കാം. രാജ്യത്തെ ഓണ്‍ലൈന്‍ പേയ്‌മെന്റ് കമ്പനിയായ പേടിഎമ്മും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും(നഹായ്) തമ്മിലുള്ള സഹകരണത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഹൈവേകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി പേടിഎമ്മുമായി കരാറായതായി നഹായ് ചെയര്‍മാന്‍ രാഘവ് ചന്ദ്ര അറിയിച്ചു. ഇതു വഴി ടോള്‍ ബൂത്തിലെ ടോള്‍ പ്ലാസകള്‍ വഴി ഡിജിറ്റല്‍ വാലറ്റുപയോഗിച്ച് പണമടക്കാനാകും. ഡിജിറ്റല്‍ വാലറ്റ് കമ്പനികളെ ഇലക്ട്രോണിക് ടോള്‍ സര്‍വീസിനുപയോഗിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് പേടിഎമ്മിന് കരാര്‍ ലഭിച്ചത്. ഇതു വഴി ടോള്‍ പിരിവ് ലളിതമാക്കാനും യാത്രക്കാര്‍ക്ക് സമയം ലാഭിക്കാനും കഴിയും.

ഡിജിറ്റല്‍ വാലറ്റ് ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ രീതിയിയുള്ള പേയ്‌മെന്റുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും നഹായ് നല്‍കുന്നുണ്ട്. ഏപ്രില്‍ മാസത്തിലാണ് നഹായ് ഇ-ടോളിംഗ് സേവനം ആരംഭിച്ചത്. ഇതുപ്രകാരം രാജ്യത്തെ 300 ഓളം ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ക്ക് നഹായ് പുറത്തിറക്കിയ ഫാസ്റ്റ്ടാഗ് കാര്‍ഡുകളുപയോഗിച്ച് കാത്തുനില്‍ക്കാതെ ടോള്‍ നല്‍കുന്നതിനു സൗകര്യമുണ്ടായിരുന്നു. ഡിജിറ്റല്‍ വാലറ്റ്, ഇ-കൊമേഴ്‌സ് ബിസിനസുകള്‍ക്കുശേഷം പിപിപി മാതൃകയിലുള്ള വലിയ പങ്കാളിത്വ ബിസിനസുകളിലാണ പേടിഎം ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

അതേസമയം, നോയിഡ ആസ്ഥാനമായ പേടിഎം റയ്ല്‍വേ പേയ്‌മെന്റ് സംവിധാനം ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഡിജിറ്റല്‍ വാലറ്റുപയോഗിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കു ചെയ്യുന്നതിനും റയില്‍വേ സ്റ്റാളില്‍ നിന്നും സ്‌നാക്‌സ് വാങ്ങുന്നതിനും പാര്‍ക്കിംഗ് ഫീസ് അടക്കുന്നതിനും സൗകര്യം നല്‍കുന്നതാണ് പദ്ധതി.

Comments

comments

Categories: Slider, Top Stories