ശുഭയാത്ര സുരക്ഷിതയാത്ര

ശുഭയാത്ര സുരക്ഷിതയാത്ര

ജീന ജേക്കബ്
സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗതം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്). റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ്, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ്, ട്രാഫിക് സേഫ്റ്റി എന്നിവയോടൊപ്പം പുതിയ മെറ്റീരിയല്‍ ടെസ്റ്റിംഗും ഇവാലുവേഷന്‍ വര്‍ക്കുകളുമാണ് നാറ്റ്പാക്കിന്റെ നാല് പ്രധാന പ്രവര്‍ത്തന മേഖലകള്‍. റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റില്‍ ട്രാഫിക് പ്ലാനിംഗിനോടൊപ്പം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, റോഡ് ഡിസൈന്‍, പുതിയ റോഡുകളുടെ അലൈന്‍മെന്റ് തുടങ്ങിയവയും ഉള്‍പ്പെടുന്നു. റിസര്‍ച്ച് ഓണ്‍ ട്രാഫിക് സേഫ്റ്റി മറ്റാരും കൈകാര്യം ചെയ്യാത്ത മേഖലയാണെന്ന് നാറ്റ്പാക് ഡയറക്ടര്‍ ബി ജി ശ്രീദേവി പറയുന്നു.
നാറ്റ്പാകിന്റെ നേതൃത്വത്തില്‍ ഗതാഗത ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വിവിധ മേഖലകളിലുള്ളവര്‍ക്ക് പല തരത്തിലുള്ള ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് ശ്രീദേവി പറയുന്നു. വ്യക്തമായ ടാര്‍ജറ്റ് ഗ്രൂപ്പിനെ ലക്ഷ്യമിട്ടാണ് മൊഡ്യൂളുകള്‍ തയാറാക്കുന്നതും ബോധവത്കരണ പരിപാടികള്‍ നടത്തുന്നതും. ഉദാഹരണത്തിന് ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ് ക്ലാസുകളെങ്കില്‍ എങ്ങനെ ക്ലാസുകളെടുക്കണം, എന്തെല്ലാം കാര്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തും. ട്രാഫിക് സേഫ്റ്റിയെന്നത് ബോധവത്കരണത്തേക്കാളുപരി ആഴത്തിലേക്ക് കടന്നുചെല്ലേണ്ട ഒന്നാണ്. റോഡ് എന്‍ജിനീയറിംഗ്, ട്രോമാ കെയര്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഞങ്ങള്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇത്തരത്തില്‍ വര്‍ഷത്തില്‍ നൂറിലധികം പരിപാടികള്‍ നടത്താറുണ്ട്, ശ്രീദേവി കൂട്ടിച്ചേര്‍ക്കുന്നു.
സേഫ് റോഡ് ടു സ്‌കൂള്‍ എന്ന പേരില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ബോധവത്കരണ പരിപാടിയും നാറ്റ്പാക് നടത്തുന്നുണ്ട്. ഒരു സ്‌കൂളില്‍ നിന്ന് ഒരു കൂട്ടം കുട്ടികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് ട്രെയ്‌നിംഗ് നല്‍കും. തുടര്‍ന്ന് അവരെക്കൊണ്ട് ചെറിയ പ്രൊജക്ടുകള്‍ ചെയ്യിക്കും. അവര്‍ പിന്നീട് സ്‌കൂളിലെ മറ്റു കുട്ടികളെ കാര്യങ്ങള്‍ പഠിപ്പിക്കുന്ന രീതിയാണ് ഞങ്ങള്‍ പിന്തുടരുന്നത്. സേഫ് റോഡ് ടു സ്‌കൂള്‍ പരിപാടിയെക്കുറിച്ച് ശ്രീദേവി പറയുന്നു. സേഫ് കമ്യൂണിറ്റി പ്രോഗ്രാമാണ് മറ്റൊന്ന്. ”എല്ലാ പഞ്ചായത്തിലും ഒരു റോഡ് സേഫ്റ്റി സെല്‍ രൂപീകരിക്കണമെന്ന് മുന്‍പ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഒരു പോലീസ് ഓഫീസര്‍, പഞ്ചായത്ത് മെമ്പര്‍ എന്നിവരുള്‍പ്പെടുന്ന ടീമായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ലായെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെ നാറ്റ്പാകിന്റെ സഹായത്തോടെ എല്ലാ പഞ്ചായത്തുകളിലും സെല്ലിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ലക്ഷ്യമിട്ട് ആ പദ്ധതി വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുകയാണ്. മറ്റൊന്ന് യുവതീ യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാമാണ്. ഇതോടൊപ്പം അധ്യാപകര്‍ക്കായുള്ള ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് തുടങ്ങിയ പരിപാടികളും എല്ലാവര്‍ഷവും തുടര്‍ന്നുവരികയാണ്, ” ശ്രീദേവി പറയുന്നു.
നാറ്റ്പാകിന്റെ മറ്റൊരു പ്രധാന ഉത്തരവാദിത്വമാണ് ആക്‌സിഡന്റ് സ്‌പോട്ട് ഇന്‍വെസ്റ്റിഗേഷന്‍. രണ്ടിലധികം പേര്‍ അപകടത്തില്‍ മരിക്കാനിടയായ സ്ഥലങ്ങള്‍ അപകട ശേഷം നാറ്റ്പാക് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പിഡബ്ല്യുഡി, പോലീസ് എന്നിവര്‍ക്കു നല്‍കും. വരുംനാളുകളില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഓരോ വകുപ്പുകളും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ടാകും. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം പരിശോധന കൃത്യമായി നടത്തുന്നുണ്ട്. ശ്രീദേവി പറയുന്നു.
ജലഗതാഗത മേഖലയെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്ന ഏക സ്ഥാപനം നാറ്റ്പാകാണ്. നാഷണല്‍ വാട്ടര്‍വേ എക്‌സ്റ്റെന്‍ഷനാവശ്യമായ ഡേറ്റകള്‍ നല്‍കിയത് നാറ്റ്പാകായിരുന്നു. ഇത് വളരെയേറെ പ്രയോജനകരമായ ഒന്നാണെന്നും നാഷണല്‍ വാട്ടര്‍വേയായി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പിന്നീടുള്ള വികസനപദ്ധതികള്‍ക്കെല്ലാം ഫണ്ട് ലഭിക്കുമെന്നും ഡയറക്ടര്‍ പറയുന്നു.

നാറ്റ്പാക് ഡയറക്ടറായ ബി ജി ശ്രീദേവി തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളെജില്‍ നിന്നാണ് ബിടെക് ബിരുദം പൂര്‍ത്തിയാക്കിയത്. ഐഐടി ചെന്നെയില്‍ നിന്ന് എംടെക് പൂര്‍ത്തിയാക്കി. കുസാറ്റില്‍ പി
എച്ച്ഡി ചെയ്തു. കെല്‍ കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗില്‍ (കെല്‍) ഡിസൈന്‍ എന്‍ജിനിയറായാണ് ശ്രീദേവി ജോലി തുടങ്ങിയത്. പിന്നീട് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കൗണ്‍സിലില്‍ സയന്റിഫിക് ഓഫീസറായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ 21 വര്‍ഷമായി നാറ്റ്പാകില്‍ സേവനമനുഷ്ടിക്കുന്നു. ഡയറക്ടര്‍ പദവിയില്‍ ഇത് ആറാമത്തെ വര്‍ഷമാണ്.
ആദ്യ നൂറ് ദിനം
ഡിസൈന്‍ എന്‍ജിനീയറായി മിഡില്‍ ലെവല്‍ തസ്തികയിലായിരുന്നു തുടക്കം. തുടക്കംമുതല്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു. കെല്ലില്‍ ആ സമയത്ത് എന്‍ജിനീയര്‍മാര്‍ക്ക് നല്ല പ്രോത്സാഹനം ലഭിക്കുന്ന സമയമായിരുന്നു. എപ്പോഴും വര്‍ക്കുകളുണ്ടാകും. ഡാമുകളിലെ ഷട്ടറുകളുടെ ഡിസൈനിംഗ് (ലോക്ക്‌സ് ആന്‍ഡ് ഗേറ്റ്‌സ്) ആയിരുന്നു അന്ന് പ്രധാനമായും ചെയ്തിരുന്നത്. ഒപ്പം ജോലി ചെയ്തിരുന്നവരില്‍ നിന്നെല്ലാം നല്ല സഹകരണമാണ് ലഭിച്ചത്. മത്സരബുദ്ധിയോടെയായിരുന്നില്ല അവര്‍ ജോലികള്‍ ചെയ്തിരുന്നത്.
ബുദ്ധിമുട്ടുകള്‍
പ്രൊഫഷനില്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടില്ല. സമ്മര്‍ദങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അവയെ തരണം ചെയ്ത് മുന്നോട്ടുനീങ്ങും.
റോള്‍ മോഡല്‍
റോള്‍ മോഡലെന്നു വിളിക്കാമോ എന്നറിയില്ലെങ്കിലും സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ആദ്യം ജോലി ചെയ്തിരുന്നത് വി കെ ദാമോദരന്‍ സാറിനൊപ്പമായിരുന്നു. സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടറായിരുന്നു അദ്ദേഹം. ഒരു ജോലി തീര്‍ന്നാല്‍ മറ്റൊന്നിലേക്ക് നീങ്ങുന്ന അദ്ദേഹത്തിന്റെ സ്വഭാവം എനിക്കുമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മുന്‍പ് ചെയ്ത കാര്യങ്ങളുടെ ക്രെഡിറ്റ് ആഗ്രഹിക്കുന്ന ആളായിരുന്നില്ല അദ്ദേഹം. 70 വയസിനു മുകളില്‍ പ്രായമുണ്ടെങ്കിലും ഇപ്പോഴും വളരെ ഊര്‍ജസ്വലതയുള്ള ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ശിക്ഷണം ആദ്യ കാലഘട്ടങ്ങളില്‍ ലഭിച്ചതിനാലായിരിക്കണം ഞാനും എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാന്‍ താല്‍പര്യം കാട്ടുന്നത്.
സോഷ്യല്‍ മീഡിയ
ഞങ്ങള്‍ക്ക് സേഫ് സഫാരി എന്ന പേരില്‍ ഒരു ഇ-പോര്‍ട്ടലുണ്ട്. കുട്ടികളാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍. ഇത് മൂന്ന് ലെവലുകളായാണ്. ആദ്യ ലെവല്‍ പാസായാല്‍ അടുത്ത ലെവലിലേക്ക് കടക്കാനാവുന്ന രീതിയിലാണിത് ക്രമീകരിച്ചിരിക്കുന്നത്. പുതിയ മൊഡ്യൂളുകള്‍ അവതരിപ്പിച്ച് അത് അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ഒരു മൊബീല്‍ ആപ്പും അവതരിപ്പിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷം
എല്ലാ സംസ്ഥാനങ്ങളിലെയും ഗതാഗതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാനാണ് ലക്ഷ്യമിടുന്നത്. ഇത്തരം ഇടപെടല്‍ നടത്താത്തതിനാല്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. നാറ്റ്പാകിന്റെ എല്ലാ പ്രവര്‍ത്തനമേഖലകളിലും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മികവ് കൈവരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പിഡബ്ല്യുഡിയുടെ ഹില്‍ ഹൈവേ എന്നൊരു മേജര്‍ പ്രൊജക്ടുണ്ട്. അതിലേക്ക് മികച്ച പിന്തുണ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍. ഇത്തരത്തിലുള്ള മറ്റൊരു ആശയമാണ് പോസ്റ്റല്‍ ഹൈവേ. ഇത് രണ്ടും അഞ്ചുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊജക്ടുകളാണ്.
ടിപ്‌സ് ഫോര്‍ സക്‌സസ്
ഏതു പ്രൊഫഷനിലായാലും സത്യസന്ധതയോടെ ജോലിചെയ്യുക. മറ്റൊന്ന് എല്ലാകാര്യങ്ങളും മികച്ച രീതിയില്‍ കൊണ്ടുപോകാനുള്ള പ്ലാനിംഗ് ഉണ്ടാകണമെന്നതാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം വീട്ടിലെ കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്. അതിനനുസരിച്ച് സമയം ക്രമീകരിക്കണം. മറ്റുള്ളവരുടെ സഹായം വേണ്ട കാര്യങ്ങളില്‍ സഹായം തേടാന്‍ മടികാണിക്കരുത്. പുതുതലമുറ ധാരാളം സമയം അനാവശ്യമായ കാര്യങ്ങള്‍ക്കായി പാഴാക്കുന്നുണ്ട്. ഫേസ്ബുക്കായാലും വാട്ട്‌സാപ്പായാലും ആവശ്യത്തിന് ഉപയോഗിക്കണം. അവയിലും നല്ല കാര്യങ്ങളുണ്ട്. പക്ഷേ എല്ലാത്തിനും നിയന്ത്രിതമായ സമയം പാലിക്കേണ്ടിയിരിക്കുന്നു.

Comments

comments

Categories: FK Special