ദേശീയ സുരക്ഷാ ഉപദേഷ്ടാവ്: മൈക്കല്‍ ഫ്‌ളിന്‍ പരിഗണനയില്‍

ദേശീയ സുരക്ഷാ ഉപദേഷ്ടാവ്: മൈക്കല്‍ ഫ്‌ളിന്‍ പരിഗണനയില്‍

 

വാഷിംഗ്ടണ്‍: യുഎസ് വിദേശനയത്തിന്റെ രൂക്ഷവിമര്‍ശകനെന്ന് അറിയപ്പെടുന്ന യുഎസ് ആര്‍മി മുന്‍ ലഫ്റ്റനന്റ് ജനറല്‍ മൈക്കല്‍ ഫ്‌ളിന്‍ ട്രംപ് ഭരണകൂടത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുമെന്നു സൂചന.
സുപ്രധാന തസ്തികയിലേക്കു മൈക്കള്‍ ഫ്‌ളിന്നിനെ നിയമിക്കുന്നിലൂടെ ട്രംപ് ഭരണകൂടം, സഖ്യകക്ഷി രാഷ്ട്രങ്ങളോടും എതിരാളികളോടും സ്വീകരിക്കാന്‍ പോകുന്ന നയങ്ങളുടെ വ്യക്തമായ സൂചനയായിട്ടാണു കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ മന്‍ഹട്ടനിലുള്ള ട്രംപ് ടവറില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ട്രംപുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയപ്പോള്‍, ട്രംപിനൊപ്പം ആബേയെ സ്വീകരിക്കാന്‍ മൈക്കല്‍ ഫ്‌ളിന്നുമുണ്ടായിരുന്നു.
പ്രസിഡന്റ് ബരാക് ഒബാമയുടെ സൈനിക, വിദേശനയങ്ങളുടെ രൂക്ഷവിമര്‍ശകനായിരുന്നു ഫ്‌ളിന്‍. മാത്രമല്ല, പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ട്രംപിന് വിദഗ്‌ധോപദേശം നല്‍കിയിരുന്നത് ഫ്‌ളിന്നായിരുന്നു.
2012-ല്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടറായി ചുമതലയേറ്റ ഫ്‌ളിന്‍ ഇന്റലിജന്‍സ് പ്രഫഷനല്‍ എന്ന നിലയില്‍ പേരെടുത്ത വ്യക്തിയാണ്. 2014ല്‍ സേവനത്തില്‍ നിന്നും വിരമിച്ചതിനു ശേഷം ഉപദേശകന്റെ റോളില്‍ കഴിയുകയാണ് 58കാരനായ ഫ്‌ളിന്‍. ഐഎസിനെതിരേയുള്ള പോരാട്ടം പോലുള്ള ചിലകാര്യങ്ങളില്‍ മോസ്‌കോയുമായി വാഷിംഗ്ടണ്‍ സഹകരിക്കണമെന്ന നിലപാട് ഫ്‌ളിന്‍ പുലര്‍ത്തിയിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹം ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായും വന്നിരുന്നു.

Comments

comments

Categories: World