കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 20 ചെറിയ ഫാബ് ലാബുകള്‍ ആരംഭിക്കും

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 20 ചെറിയ ഫാബ് ലാബുകള്‍ ആരംഭിക്കും

 
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എംഐടി-ഫാബ് ലാബ് അക്കാഡമിയുമായി സഹകരിച്ച് കേരളത്തില്‍ 20 ചെറിയ ഫാബ് ലാബുകള്‍ ആരംഭിക്കുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുത്ത എന്‍ജിനീയറിംഗ് കോളെജുകളിലാണ് ലാബുകള്‍ സ്ഥാപിക്കുക. ഡിസംബര്‍ അവസാനത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ(കെടിയു) സഹകരണവുമുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കെടിയുവും തമ്മില്‍ ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവെച്ചുകഴിഞ്ഞതായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ സി ജയശങ്കര്‍ പ്രസാദ് പറഞ്ഞു. ഫാബ് ലാബുകളിലെ വിദഗ്ധരുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഇന്നൊവേറ്റ് ചെയ്യാനും ഡിസൈന്‍ ചെയ്യാനും അവസരം ലഭിക്കും.

ഒരു ഫാബ് ലാബ് രൂപീകരിക്കുന്നതിന് 50 ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നതെന്നും പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ എയ്ഡഡ് എന്‍ജിനീയറിംഗ് കോളൈജുകളില്‍ 50:50 നിരക്കിലായിരിക്കും ചെലവു വഹിക്കുന്നത്. സ്വകാര്യ കോളെജുകളില്‍ 25 ശതമാനം സംസ്ഥാന സര്‍ക്കാരും 75 ശതമാനം കോളെജുകളും വഹിക്കണം. 20 ലാബുകള്‍ പ്രവര്‍ത്തനമാരംഭിച്ചശേഷം ലാബുകളുടെ എണ്ണം 40 ആക്കി ഉയര്‍ത്താനും പദ്ധതിയുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മാനേജര്‍ അശോക് കുര്യന്‍ പി അറിയിച്ചു.

കെഎസ്എമ്മിന്റെ ഫാബ് ലാബ് അക്കാഡമിയില്‍ ആറുമാസത്തെ ഫാബ് ഡിപ്ലോമ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ ഫാബ് ഫെലോ അഥവ ഫാബ് ഗുരുക്കന്‍മാരായി മാറുകയും ഇവരെ ഫാബ് ലാബുകളിലും ഫാബ് ലാബ് അക്കാഡമിയിലും ഫാക്കല്‍റ്റികളായി നിയമിക്കുകയും ചെയ്യും. എംഐടിയുടെ സഹകരണത്തോടെ നടത്തുന്ന ഇന്റര്‍നാഷണല്‍ ഫാബ് ഫൗണ്ടേഷന്റെ അംഗീകാരമുള്ള കോഴ്‌സില്‍ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, ഇലക്ട്രോണിക് ഡിസൈന്‍, ഫോബോട്ടിക് ആന്‍ഡ് ലേസര്‍ കട്ടിംഗ് തുടങ്ങിയവയില്‍ പരിശാലനം നല്‍കുന്നുണ്ട്. ഫാബ് അക്കാഡമിയുടെ രണ്ടാഴ്ച്ച ദൈര്‍ഘ്യമുള്ള സെര്‍ട്ടിഫൈഡ്, ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്. അടുത്ത ജനുവരി 18 ന് ആരംഭിക്കുന്ന കോഴ്‌സുകള്‍ക്ക് നവംബര്‍ അവസാനം വരെ അപേക്ഷിക്കാവുന്നതാണ്.

Comments

comments

Categories: Entrepreneurship