കേരളം: ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ കേന്ദ്രം

കേരളം:  ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ കേന്ദ്രം

 
തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ കേന്ദ്രമായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ട്രാവല്‍ പ്ലസ് ലീഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാസികയുടെ വായനക്കാരാണ് ദൈവത്തിന്റെ സ്വന്തം നാടിന് ഈ ബഹുമതി നല്‍കിയത്. വ്യാഴാഴ്ച്ച ഡല്‍ഹിയില്‍ നടന്ന മാസികയുടെ ‘ഇന്ത്യാസ് ബെസ്റ്റ് അവാര്‍ഡ്‌സ്’ ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ഏറ്റവും അധികം വോട്ട് നേടിയ സംസ്ഥാനങ്ങളായ കേരളവും രാജസ്ഥാനും പുരസ്‌കാരം പങ്കിട്ടു. കേരളാ ടൂറിസം അഡീഷണല്‍ ഡയറക്റ്റര്‍ ജനറല്‍ ഡി ബാലമുരളി പുരസ്‌കാരം ഏറ്റുവാങ്ങി.

മാസ്മരിക അനുഭവങ്ങള്‍ക്കും ഗ്രാമീണ തനിമയ്ക്കും വൈവിധ്യമാര്‍ന്ന പ്രകൃതിക്കും പേരുകേട്ട കേരളം ഇന്ത്യയിലുടനീളവും ലോകത്താകെയും തന്നെയുമുള്ള മധുവിധു യാത്രികരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. യാത്രാജീവിതശൈലി പ്രസിദ്ധീകരണങ്ങളില്‍ മുന്‍നിരയിലുള്ള ട്രാവല്‍ പ്ലസ് ലീഷര്‍ മാസികയുടെ ബഹുമതി അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ വിനോദസഞ്ചാര, യാത്രാസൗകര്യ, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട ചടങ്ങില്‍ ഇന്ത്യയിലെയും ലോകത്തിലെയും മികച്ച യാത്രാ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഇന്ത്യക്കാര്‍ താല്‍പ്പര്യപ്പെടുന്ന മികച്ച സേവനദാതാക്കള്‍, താമസസ്ഥലങ്ങള്‍, ലക്ഷ്യസ്ഥാനങ്ങള്‍ എന്നിവ പ്രഖ്യാപിക്കുകയും ചെയ്തു.

വിനോദസഞ്ചാര വ്യവസായത്തില്‍ നിന്ന് 50ഓളം വിഭാഗങ്ങളെ പരാമര്‍ശിക്കുന്ന പുരസ്‌കാരങ്ങളില്‍ കേരളം സ്ഥിരസാന്നിധ്യമാണ്. മാസികയുടെ വെബ്‌സൈറ്റില്‍ അഞ്ചു മാസം നീണ്ടുനിന്ന ഡിജിറ്റല്‍ വോട്ടെടുപ്പിന്റെ അവസാനമായിരുന്നു ഈ വര്‍ഷത്തെ പുരസ്‌കാര നിര്‍ണയം. ആയിരക്കണക്കിന് യാത്രികരുടെ പങ്കാളിത്തം വെബ്‌സൈറ്റ് പോള്‍ കണ്ടു.

വിശാലമായ തീരവും മഞ്ഞുമൂടിയ പശ്ചിമഘട്ടവും വിഖ്യാതമായ കായലുകളും അടക്കം കേരളത്തിന് വശ്യസുന്ദരമായ നിരവധി പ്രദേശങ്ങള്‍ സഞ്ചാരിക്കു നല്‍കാനുണ്ട്. ശാന്തമായ ജീവിതവേഗവും കേരളത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നതായി ടൂറിസം പ്രിന്‍സിപ്പല്‍ ഡോ. വേണു പറഞ്ഞു.

കേരളത്തില്‍ നല്‍കുന്ന വൈവിധ്യമേറിയ അനുഭവങ്ങളും ഭാവിയെ മുന്‍നിര്‍ത്തിയുള്ള നയരൂപീകരണം മുതല്‍ ഉല്‍പ്പന്നതലം വരെയുള്ള ആസൂത്രണവും പ്രതിഫലിപ്പിക്കുന്നതാണ് ഈ ബഹുമതിയെന്ന് കേരളാ ടൂറിസം ഡയറക്റ്റര്‍ യു വി ജോസ് പറഞ്ഞു.

സിംഗപ്പൂര്‍ ((മികച്ച രാജ്യം), ഹോങ്‌കോങ് (മികച്ച നഗരം), സ്വിറ്റ്‌സര്‍ലന്‍ഡ് (മികച്ച കുടുംബ ലക്ഷ്യസ്ഥാനം) തുടങ്ങിയവരാണ് മറ്റ് പ്രമുഖ ജേതാക്കള്‍. അന്താരാഷ്ട്രതലത്തില്‍ ഫ്രാന്‍സും ദക്ഷിണാഫ്രിക്കയും മികച്ച ഹണിമൂണ്‍ കേന്ദ്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടു.

Comments

comments

Categories: Slider, Top Stories