നാല് വര്‍ഷത്തിനുള്ളില്‍ പകുതി ജെഎല്‍ആര്‍ വാഹനങ്ങളും ഇലക്ട്രിക്ക് ഓപ്ഷനില്‍

നാല് വര്‍ഷത്തിനുള്ളില്‍ പകുതി ജെഎല്‍ആര്‍ വാഹനങ്ങളും ഇലക്ട്രിക്ക് ഓപ്ഷനില്‍

ലണ്ടന്‍: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ പകുതി കാറുകള്‍ക്കും ഇലക്ട്രിക്ക് വെര്‍ഷനും നല്‍കുമെന്ന് കമ്പനി. കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് കാറായ ഐ പേസ് കണ്‍സപ്റ്റ് മോഡല്‍ ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ അവതരിപ്പിച്ച ശേഷമാണ് ടാറ്റ മോട്ടോഴ്‌സ് ഉടമസ്ഥതയിലുള്ള ബ്രിട്ടണിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ജെഎല്‍ആര്‍ ഇക്കാര്യ പ്രഖ്യാപിച്ചത്.
ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ (എസ്‌യുവി) ഐ-പേസ് രണ്ട് വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വാഹന നിര്‍മാതാക്കളും പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.
കമ്പനിയുടെ രീതിയിലുള്ള സ്വയം നിയന്ത്രിത വാഹനങ്ങളും, ഇലക്ട്രിക്ക് വാഹനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് റാല്‍ഫ് സേത് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മലിനീകരണം കുറവുള്ള വാഹനങ്ങള്‍ നിര്‍മിക്കുന്നതിനെ സഹായിക്കുന്നതിനായി സെന്‍ട്രല്‍ ഇംഗ്ലണ്ടിലുള്ള കമ്പനിയുടെ പവര്‍ട്രെയ്ന്‍ എന്‍ജിനീയറിംഗ് കേന്ദ്രത്തിന്റെ ശേഷി ഇരട്ടിയാക്കിയിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും വലിയ വിപണിയായ ബ്രിട്ടണില്‍ ഇലക്ട്രിക്ക് ബാറ്ററികളും ഇലക്ട്രിക്ക് വാഹനങ്ങളും നിര്‍മിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ സേത് റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനങ്ങളും ഇതോടൊപ്പം നിര്‍മിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഗ്രൂപ്പിന് ഏറ്റവും വരുമാനമുള്ള കമ്പനിയാണ്. ബ്രിട്ടീഷ് വിപണി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെഎല്‍ആര്‍ പ്രീമിയം വിഭാഗത്തിലുള്ള കാറുകളാണ് നിര്‍മിക്കുന്നത്.

Comments

comments

Categories: Auto

Write a Comment

Your e-mail address will not be published.
Required fields are marked*