ട്രംപുമായി കൂടിക്കാഴ്ച: ആബേയുടെ മാതൃക പിന്തുടരാന്‍ ലോക നേതാക്കള്‍

ട്രംപുമായി കൂടിക്കാഴ്ച: ആബേയുടെ മാതൃക പിന്തുടരാന്‍ ലോക നേതാക്കള്‍

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ആദ്യ വിദേശരാഷ്ട്ര തലവനെന്ന വിശേഷണത്തിന് അര്‍ഹനായിരിക്കുകയാണു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ മന്‍ഹട്ടനിലുള്ള ട്രംപ് ടവറില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ട്രംപുമായുള്ള കൂടിക്കാഴ്ചയെ ലോക നേതാക്കള്‍ ഉറ്റുനോക്കുകയുണ്ടായി. നിയുക്ത യുഎസ് പ്രസിഡന്റുമായി ഭാവിയില്‍ ഇടപെടുന്നത് എങ്ങനെയായിരിക്കണമെന്ന് ആബേയിലൂടെ അവര്‍ മനസിലാക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞയാഴ്ച ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ അനുമോദിക്കാന്‍ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോഴാണു ന്യൂയോര്‍ക്കില്‍ വച്ച് കൂടിക്കാഴ്ചയ്ക്കു താത്പര്യമുണ്ടെന്നു ആബേ, ട്രംപിനെ അറിയിച്ചത്. പെറുവില്‍ നടക്കുന്ന പ്രാദേശിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ആബേ, ന്യൂയോര്‍ക്കിലിറങ്ങിയതും ട്രംപിനെ സന്ദര്‍ശിച്ചതും.

യുഎസിന്റെ ഏറ്റവുമടുത്ത സഖ്യകക്ഷിയായ ബ്രിട്ടന്റെ പ്രധാനമന്ത്രി തെരേസ മേ, പോലും ട്രംപുമായി കൂടിക്കാഴ്ചയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നിരിക്കേ, അതിനെ മറികടന്നാണ് ജപ്പാന്റെ തലവന്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയെന്നതും ഏറെ കൗതുകകരമായി.
ട്രംപുമായുള്ള കൂടിക്കാഴ്ച വിജയകരമായത് ഷിന്‍സോ ആബേയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.
ഏഷ്യ-പസഫിക്കില്‍ സുരക്ഷയൊരുക്കുന്നതിന് പ്രത്യുപകാരമായി അമേരിക്കയ്ക്കു കൂടുതല്‍ ആനുകൂല്യങ്ങള്‍ സഖ്യകക്ഷികളായ ദക്ഷിണ കൊറിയയും ജപ്പാനും ചെയ്തില്ലെങ്കില്‍ ട്രൂപ്പുകളെ പിന്‍വലിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് സൂചന നല്‍കിയിരുന്നു. (നിലവില്‍ ഏഷ്യ പസഫിക്കില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സേനയുടെ ചെലവിന്റെ 75 ശതമാനം വഹിക്കുന്നത് ജപ്പാനാണ്). ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെ പ്രതിരോധിക്കാന്‍ 50,000-ത്തിലേറെ വരുന്ന യുഎസ് സേനാംഗങ്ങളെയാണ് ഏഷ്യ-പസഫിക്കില്‍ വിന്യസിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ട്രംപിന്റെ പ്രസ്താവന ടോക്യോയെയും സോളിനെയും വല്ലാതെ ആശങ്കപ്പെടുത്തുകയും ചെയ്തു. ഏഷ്യ-പസഫിക്കില്‍ നിന്നും യുഎസ് സേനയെ പിന്‍വലിക്കുകയാണെങ്കില്‍ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മേല്‍ കൈവരുന്ന സമ്മര്‍ദ്ദം ചെറുതായിരിക്കില്ല. ഇരു രാജ്യങ്ങളും ആണവശക്തിയാര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു സാഹചര്യമെത്തിക്കും. അതിലൂടെ ആഗോളക്രമത്തില്‍ വന്‍ തോതില്‍ അസ്ഥിരത രൂപപ്പെടുകയും ചെയ്യും. ട്രംപ് പ്രസിഡന്റായതോടെ ഇത്തരം ആശങ്കങ്ങള്‍ ദൂരീകരിക്കാനാണു അധികം സമയം പാഴാക്കാതെ, പ്രസിഡന്റായി അധികാരമേല്‍ക്കുന്ന 2017 ജനുവരി 20നു മുന്‍പ് തന്നെ ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ ആബേ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറിയത്. വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ ആബേയും ട്രംപും തമ്മില്‍ ഒന്നര മണിക്കൂറോളം നേരം വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറങ്ങിയ ആബേയുടെ മുഖത്ത് ആത്മവിശ്വാസം പ്രകടമായിരുന്നു. വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഇരുവിഭാഗവും തയാറായില്ലെങ്കിലും ട്രംപുമായുള്ള ബന്ധത്തില്‍ ജപ്പാനു നല്ലൊരു തുടക്കം കിട്ടിയെന്നാണു ജാപ്പനീസ് സര്‍ക്കാരിന്റെ വക്താവ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.
വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ ദീര്‍ഘമായി സംസാരിക്കാന്‍ സാധിച്ചതായി ആബേ പറഞ്ഞു. ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഒരുകാര്യം എടുത്തുപറയാന്‍ ആഗ്രഹിക്കുന്നു; ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര വിശ്വാസത്തോടെ മുന്നേറാന്‍ സാധിച്ചില്ലെങ്കില്‍ ഭാവിയില്‍ യുഎസും ജപ്പാനും തമ്മിലുള്ള സഖ്യം പ്രാവര്‍ത്തികമാകില്ലെന്ന് ആബേ പറഞ്ഞു. മാത്രമല്ല നേതാവെന്ന നിലയില്‍ ട്രംപില്‍ വലിയ പ്രതീക്ഷയുണ്ടെന്നും ആബേ പറഞ്ഞു.
ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്, മരുമകന്‍ ജാരദ് കുഷ്‌നര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവായേക്കുമെന്നു കരുതപ്പെടുന്ന ജനറല്‍ മൈക്കല്‍ ഫ്‌ളിന്‍ തുടങ്ങിയവര്‍ ആബേ-ട്രംപ് ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു.
ആബേയുടെ ന്യൂയോര്‍ക്ക് പര്യടനത്തെ ചൈനീസ് മാധ്യമങ്ങള്‍ ആക്ഷേപശരങ്ങള്‍ കൊണ്ടു മൂടുകയുണ്ടായി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസിലാണ് ആബേയെ പരിഹസിച്ച് ലേഖനമെഴുതിയത്. ട്രംപിന്റെ അപ്രതീക്ഷിത വിജയത്തില്‍ ഭയചകിതനായിരിക്കുകയാണ് ജപ്പാന്‍ പ്രധാനമന്ത്രിയെന്നും അമേരിക്കയില്‍നിന്നും സുരക്ഷ ഉറപ്പാക്കാനുള്ള ജപ്പാന്റെ അവസാനശ്രമത്തിന്റെ ഭാഗമായിട്ടാണു തിടുക്കപ്പെട്ട് ട്രംപിനെ കാണാന്‍ ആബേ ന്യൂയോര്‍ക്കിലേക്ക് പറന്നതെന്നും പത്രം കുറിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ട്രംപ് നടപ്പിലാക്കുകയാണെങ്കില്‍, ഏറ്റവും വലിയ നഷ്ടം പേറേണ്ടി വരുന്നത് ജപ്പാനായിരിക്കുമെന്നും ഗ്ലോബല്‍ ടൈംസില്‍ സൂചിപ്പിക്കുന്നുണ്ട്.

Comments

comments

Categories: World