ട്രംപിന്റെ സ്ഥാനാരോഹണം: ഇന്‍ഫോസിസിന്റെ ലാഭത്തില്‍ പ്രതിഫലിച്ചേക്കും

ട്രംപിന്റെ സ്ഥാനാരോഹണം:  ഇന്‍ഫോസിസിന്റെ ലാഭത്തില്‍ പ്രതിഫലിച്ചേക്കും

 

ബെര്‍ലിന്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ സര്‍വീസ് ഗ്രൂപ്പായ ഇന്‍ഫോസിസിന്റെ യുഎസ് ബിസിനസിനെ സമ്മര്‍ദ്ദത്തിലാക്കിയേക്കും എന്ന് കമ്പനിക്ക് ആശങ്ക. ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉയര്‍ന്നുകേട്ട മൂന്ന് പ്രധാന അജണ്ടകളിലൊന്ന് കുടിയേറ്റ വിരുദ്ധ പ്രഖ്യാപനങ്ങളായിരുന്നു.

ട്രംപ് അമേരിക്കന്‍ ഭരണത്തിന്റെ കടിഞ്ഞാന്‍ കൈയിലേന്തുന്നതോടെ കമ്പനിയുടെ ലാഭത്തില്‍ ചലനങ്ങളുണ്ടായേക്കുമെന്ന് ഇന്‍ഫോസിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വിശാല്‍ സിക്ക പറഞ്ഞു. അതേസമയം ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം നേരിടുന്നതിനായുള്ള ഒരു തയാറെടുപ്പും കമ്പനി ഇതുവരെ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ ടെക്‌നോളജി പ്രൊജകട്ുകള്‍ക്കു വേണ്ടി താല്‍ക്കാലിക വിസയില്‍ കുറഞ്ഞ ശമ്പളത്തിലുള്ള ഡെവലപ്പര്‍മാരെ ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് അയക്കാന്‍ കഴിയില്ലെന്നും, പ്രാദേശിക തലത്തില്‍ (യുഎസില്‍ നിന്നും) നിന്നുള്ള നിയമനം നടത്തേണ്ടി വരുമെന്നുമാണ് കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎസില്‍ നിന്നും കമ്പനിയിലേക്ക് വേണ്ട ജീവനക്കാരെ കണ്ടെത്തുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം അധിക ചെലവ് വരുത്തും. വിദഗ്ധരായ ഉദ്യോഗാര്‍ത്ഥികളെ അമേരിക്കയില്‍ നിന്നും കണ്ടെത്തുന്നതിന് പ്രയാസമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസില്‍ ധാരാളം സര്‍വകലാശാലകളുണ്ട്. നിയമനം നടത്താനും, പരിശീലനം നല്‍കാനും ആവശ്യമായ എല്ലാ സംവിധാനങ്ങളും യുഎസിലുണ്ട്. അതുകൊണ്ടുതന്നെ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കേര്‍പ്പറേറ്റ് കമ്പനിയായ കൊഗ്നിസന്റ് പോലുള്ള കമ്പനികള്‍ യുഎസ് വിപണി പങ്കാളിത്തത്തില്‍ ഇടിവ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഇന്‍ഫോസിസ് ലക്ഷ്യമിട്ട വാര്‍ഷിക വരുമാന വളര്‍ച്ചാ നിരക്ക് കഴിഞ്ഞ മാസം വെട്ടികുറച്ചിരുന്നു. മൂന്നുമാസത്തിനിടെ രണ്ടാമത്തെ തവണയാണ് കമ്പനി വാര്‍ഷിക വരുമാന വര്‍ധനയെ കുറിച്ചുള്ള ലക്ഷ്യത്തില്‍ കുറവ് നരുത്തിയത്. പാശ്ചാത്യ രാജ്യങ്ങളിലുള്ള കമ്പനിയുടെ ക്ലൈന്റുകള്‍ അവരുടെ ചെലവ് ചുരുക്കുന്നത് കമ്പനിയുടെ വികസന ലക്ഷ്യത്തെ ബാധിക്കുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.

Comments

comments

Categories: Branding