പുതിയ ചെറുകിട തുറമുഖങ്ങള്‍ വികസിപ്പിക്കും: പൊന്‍ രാധാകൃഷ്ണന്‍

പുതിയ ചെറുകിട തുറമുഖങ്ങള്‍  വികസിപ്പിക്കും: പൊന്‍ രാധാകൃഷ്ണന്‍

 

ന്യൂഡെല്‍ഹി: ചരക്കു കപ്പല്‍ ഗതാഗതം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് പുതിയ ചെറുകിട തുറമുഖങ്ങള്‍ വികസിപ്പിക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. നിലവിലെ 12 പ്രമുഖ പോര്‍ട്ടുകളിലെ കാര്‍ഗോ, കപ്പല്‍ സര്‍വീസ് എന്നിവയിലെ തിരക്ക് കണക്കിലെടുത്താണ് പുതിയ തുറമുഖങ്ങള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളവയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപ്, തമിഴ്‌നാട് കുളച്ചലിലെ ഇനയം, ഒഡീഷയിലെ പാരദിപ് തുടങ്ങി മൂന്നു തുറമുഖങ്ങളും വികസിപ്പിക്കും. 2020 ഓടെ സാഗര്‍ ഐലന്റ് തുറമുഖം പ്രതിവര്‍ഷം 3.3 മില്ല്യണ്‍ ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. 2035 ഓടെ ഇത് 27 മില്ല്യണ്‍ ടണ്ണാക്കും. തുറമുഖത്തിന്റെ ആദ്യഘട്ട വികസനത്തിന് 1,464 കോടി രൂപ ചെലവിടും.
2020 ഓടെ ഇനയം പോര്‍ട്ട് വര്‍ഷാവര്‍ഷം 1,149 കോടി രൂപയുടെ വരുമാനം നേടിത്തരുമെന്നു പ്രതീക്ഷിക്കുന്നു. തുറമുഖത്തിന്റെ പ്രാഥമിക ഘട്ട വികസനത്തിന് 6, 575 കോടി രൂപ ചെലവിടും. 27,570 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവായി കണക്കാക്കുന്നത്. പാരദിപ് തുറമുഖത്തിന് നിലവില്‍ പ്രതിവര്‍ഷം 140 മില്ല്യണ്‍ ടണ്‍ ശേഷിയുണ്ട്. നാലുവര്‍ഷംകൊണ്ട് ഇതു 250 മില്ല്യണ്‍ ടണ്ണാക്കും. തുറമുഖത്തിന്റെ ഒന്നാം ഘട്ട വികസനത്തിന് 4179 കോടി രൂപ ചെലവിടുമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Comments

comments

Categories: Business & Economy